ബെംഗളൂരു: കമല്ഹാസന് നായകനായെത്തുന്ന ഇന്ത്യന്‍ 2 ന്റെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹസംവിധായകന് ചന്ദ്രന് (60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റതിനെതുടര്‍ന്ന് സംവിധായകന് ശങ്കര്‍ ഉള്‍പ്പെടെ 10പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടസമയത്ത് കമല്‍ഹാസനും നടി കാജല്‍ അഗര്‍വാളും സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്നുവെന്നും ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി സെറ്റിടുന്ന സമയത്താണ് അപകടം നടന്നത് എന്നാണ് പറയുന്നത്. അപകടത്തെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും പ്രസ്താവനയിറക്കിട്ടുണ്ട്. തങ്ങള്‍ അതീവ ദുഃഖിതരാണെന്നും കഠിനാധ്വാനികളായ മൂന്ന് സഹപ്രവര്‍ത്തകരെയാണ് നഷ്ടപ്പെട്ടതെന്നും പ്രസ്താവനയില്‍ അവര്‍ പറയുന്നു. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ലൈക പ്രൊഡക്ഷന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇതിനു പിന്നാലെ കമല്‍ ഹാസന് ട്വിറ്ററില്‍ അനുശോചനം അറിയിച്ചു.താന്‍ നിരവധി അപകടങ്ങളില്‍ പെട്ടിട്ടുണ്ടെങ്കിലും, ഇന്ന് നടന്ന അപകടം വളരെയധികം ഭയാനകമായിരുന്നുവെന്നും. എന്റെ മൂന്ന് സഹപ്രവര്‍ത്തകരെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ വേദനയേക്കാള്‍ വലുതാണ് അവരുടെ കുടുംബാംഗങ്ങളുടെ വേദനയും അവര്‍ കടന്നു പോകുന്ന അവസ്ഥയും. ഞാന്‍ അവരുടെ കുടുംബത്തിന്റെ ഭാഗമാവുകയും അവരുടെ സങ്കടങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നുവെന്നും താരം കുറിച്ചു. ക്രെയിനിന്റെ അടിയില്‍ പെട്ട് മൂന്ന് പേര് തല്‍ക്ഷണം മരിക്കുകയായിരുന്നു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: