തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേഹ്തയോട് നിര്‍ദേശിച്ചു. വെടിയുണ്ടകള്‍ കാണാതായത് അടക്കമുള്ള ഗുരുതര പരാമര്‍ശങ്ങളുണ്ടായിട്ടും അവയെ അവഗണിച്ച് മുന്നോട്ടുപോകാനായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തീരുമാനം.
എന്നാല്‍, ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി നോട്ടീസ് അയയ്ക്കുകയും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ വന്നതിനും പിന്നാലെയാണ് ചുവടുമാറ്റം. സിഎജി റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പിനെക്കുറിച്ചും പോലീസില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുമുള്ള ഓരോ പരാമര്‍ശവും അന്വേഷിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോലീസും ആഭ്യന്തര വകുപ്പും സിഎജിക്ക് നല്കിയ വിശദീകരണങ്ങളും പരിശോധിക്കണം. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. എന്നാല്‍, പോലീസ് മേധാവിക്ക് എതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറി അന്വേഷിച്ചാല്‍ പോരെന്ന നിലപാടിലാണ് പ്രതിപക്ഷം.
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സാധാരണയാണെന്നും അത് നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെയെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ നിലപാടെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതേ നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള തരത്തിലാണ് സ്പീക്കറും മന്ത്രിമാരും പ്രതികരിച്ചത്.
സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണം വേണമെന്ന ആവശ്യവും തള്ളിക്കളഞ്ഞിരുന്നു. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച വകമാറ്റല്‍ ചെലവുകള്‍ക്കെല്ലാം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശം വന്നാല്‍ കനത്ത തിരിച്ചടിയാകും. അത് ഒഴിവാക്കാനാണ് ആഭ്യന്തര സെക്രട്ടറിയെക്കൊണ്ടുള്ള അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: