ഖാദ്യതേ ന ച കാലേന
ബാധ്യതേ ന ച കര്‍മണാ
സാധ്യതേ ന സ കേനാപി
യോഗീ യുക്തഃ സമാധിനാ 4 108
സമാധി നേടിയ യോഗിയെ കാലന് (മരണം) തിന്നില്ല, കര്‍മം ബാധിക്കില്ല, ആര്‍ക്കും അവനെ ഒന്നും ചെയ്യാന്‍ കഴിയില്ല.
രസകരമായ വാക്കാണ് ‘കാലഃ’ എന്നത്. മലയാളത്തില്‍ ഇത് കാലം എന്നും കാലന് എന്നും ആവും. ആദ്യത്തേതിന് സമയമെന്നും രണ്ടാമത്തെതിന് യമന്‍ എന്നും അര്‍ഥം. സൂക്ഷിച്ചു നോക്കിയാല്‍ രണ്ടും ഒന്നു തന്നെ എന്നു കാണാം. കാലം തന്നെയാണ് കാലന്. സമയമാണ് നമ്മെ മരണത്തോടടുപ്പിക്കുന്നത്. സമാധിയില്‍ കാലമില്ല. കാലനുമില്ല. ‘കാലദേശാവധിഭ്യാം
നിര്മുക്തം നിത്യമുക്തം’ എന്ന് മേല്‍
പുത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയത്തില്‍ പറയുന്നു. കാലം, മൃത്യു അവനെ തിന്നുന്നില്ല (ഖാദ്യതേ) എന്നാണ് ഇവിടെ പ്രയോഗം. രണ്ടര്‍ഥവും ഇവിടെ യോജിക്കും.
ശുഭ അശുഭ കര്‍മമാണ് സഞ്ചിതമായി ജനന മരണ ചക്രത്തില്‍, ഒരുവനെ കെട്ടിയിടുന്നത്. മരണഭയം ഒരു ക്ലേശമാണ്. ‘തതഃ ക്ലേശ കര്‍മ നിവൃത്തിഃ’ എന്ന് പതഞ്ജലി യോഗദര്‍ശനത്തില്‍ കൈവല്യ പാദത്തില്‍ പറഞ്ഞിരിക്കുന്നു. സമാധി സിദ്ധിച്ചവന് കേശങ്ങളില്‍ നിന്നും കര്‍മങ്ങളില്‍ നിന്നും വിടുതല്‍ കിട്ടുമെന്നര്‍ഥം. അവിദ്യ, അസ്മിത, രാഗ, ദ്വേഷ, അഭിനിവേശങ്ങളാണ് ക്ലേശങ്ങള്‍. അഭിനിവേശമെന്നത്, മരണഭയമെന്നത് ഒരു ക്ലേശമാണ്.
ആ യോഗിയെ ആര്‍ക്കും ഒന്നിനും ജയിക്കാന്‍ സാധിക്കില്ല (ന സാധ്യതേ). മറ്റുള്ള വ്യക്തികള്‍ക്ക് ജയിക്കാന്‍ കഴിയില്ല എന്നു മാത്രമല്ല മന്ത്ര യന്ത്രാദികളും ഏല്‍ക്കില്ല.
ന ഗന്ധം ന രസം രൂപം
ന ച സ്പര്‍ശം ന നിസ്വനം
നാത്മാനം ന പരം വേത്തി
യോഗീ യുക്തഃ സമാധിനാ. 4 109
സമാധിയുക്തനായ യോഗി ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം, തന്റെ ശരീരം, മറ്റുള്ളവര്‍ ഇവയൊന്നും അറിയുന്നില്ല.
പഞ്ചഭൂതങ്ങളില്‍ ഭൂമിയുടെ തന്മാത്രയാണ് ഗന്ധം. ഗന്ധമെന്നാല് സുഗന്ധമോ ദുര്‍ഗന്ധമോ ആവാം. മൂക്കു കൊണ്ടാണിതറിയുന്നത്. രണ്ടും യോഗി അറിയുന്നില്ല.
ജലത്തിന്റെ തന്മാത്രയാണ് രസം. നാക്കു കൊണ്ടാണിതറിയുന്നത്. മധുരം, അമ്ലം (പുളി), ലവണം (ഉപ്പ്), കടു (എരിവ്), കഷായം (ചവര്‍പ്പ്), തിക്തം (കയ്പ്പ്) ഇവയാണ് ഷഡ് (ആറ്) രസങ്ങള്‍. ഇവയൊന്നും യോഗി ആസ്വദിക്കുന്നില്ല. (അതിലുമേറെ അമൃതരസം അവനനുഭവിക്കുന്നുണ്ട്.)
അഗ്നിയുടെ തന്മാത്രയാണ് രൂപം. കണ്ണുകൊണ്ടാണിതറിയുന്നത്. ശുക്ലം (വെളുപ്പ്), നീലം, പീതം (മഞ്ഞ), രക്തം ച്രുവപ്പ്), ഹരിതം (പച്ച ), കപിശം (തവിട്ടു നിറം), ചിത്രം (നാനാ വര്‍ണം) ഇങ്ങിനെ ഏഴു തരത്തിലാണ് രൂപങ്ങള്‍. യോഗി ഇവ തിരിച്ചറിഞ്ഞാസ്വദിക്കുന്നില്ല.
വായുവിന്റെ തന്മാത്രയാണ് സ്പര്‍ശം. ത്വക്കു കൊണ്ടാണിതറിയുന്നത്. ശീതം അശീതം, ഉഷ്ണം അനുഷ്ണം മുതലായ ദ്വന്ദ്വങ്ങള്‍ (ഇരട്ടകള്‍) യോഗി അറിയുന്നില്ല.
ആകാശത്തിന്റെ തന്മാത്രയാണ് ശബ്ദം (നിസ്വനം). ചെവികൊണ്ടാണിതറിയുന്നത്. ശംഖ്, ദുന്ദുഭി, സമുദ്രം, മേഘം മുതലായവയുടെ ശബ്ദം മററു ശബ്ദങ്ങളും, അവ ബാഹ്യമോ ആഭ്യന്തരമോ ആവാം, ഇവയൊന്നും യോഗി അറിയുന്നില്ല.
ആത്മാനം എന്നാല്‍ തന്റെ ശരീരം എന്നര്‍ഥമെടുക്കണം. പരം എന്നാല്‍ മറ്റു വ്യക്തികള്‍. ആത്മാ എന്ന വാക്ക് പല അര്‍ഥത്തിലും പ്രയോഗിക്കപ്പെടും.
വൈജയന്തി എന്ന ഗ്രന്ഥത്തില്‍ ‘ആത്മാ ദേഹേ ധൃതൗ ജീവേ സ്വഭാവേ പരമാത്മനി’ എന്നു കൊടുത്തിരിക്കുന്നു. ദേഹത്തിന് ആത്മാ എന്നു പറയാം. ആധ്യാത്മിക ദുഖം എന്നാല്‍ ശരീരത്തിലുണ്ടാകുന്ന വിഷമങ്ങളാണ്. ധൃതി, ധൈര്യം അതും ആത്മശബ്ദത്തില് വരും. ആത്മബലം എന്നൊക്കെ പ്രയോഗമുണ്ട്. ജീവാത്മാവും പരമാത്മാവും ആത്മശബ്ങ്ങള് തന്നെ. സ്വഭാവത്തിനും ആത്മ ശബ്ദം പ്രയോഗിക്കും. ‘അതിന്റെ ആത്മാവ് നഷ്ടപ്പെട്ടു.’ ഇവിടെ സ്വഭാവമാണ് പ്രതിപാദ്യം.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: