കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലെ അധിക സ്വര്‍ണവും വെള്ളിയും ബോണ്ടുകളാക്കുന്നു. ഇതിനൊപ്പം പിത്തള, ഓട്, ചെമ്പ് സാമഗ്രികളുടെ കണക്കെടുത്ത് അടിയന്തരമായി ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബോണ്ടില്‍ നിക്ഷേപിക്കുന്നതോടെ ഉരുപ്പടികള്‍ സുരക്ഷിതമാകുമെന്നും ബോര്‍ഡിന് വരുമാനം ഉറപ്പാണെന്നും പറയുന്നു. നടപടികളുടെ ഭാഗമായി ശബരിമല ദേവസ്വത്തിലെ മുദ്രപ്പൊതികള്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറും ചേര്‍ന്നും ബാക്കി ദേവസ്വങ്ങളിലെ സ്ട്രോങ്റൂമില്‍ സൂക്ഷിച്ചിട്ടുള്ളവ അതാത് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരും ചേര്‍ന്നും തരംതിരിച്ച് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യാനാണ് ബോര്‍ഡ് സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദേശം. ക്ഷേത്രവരുമാന പഠനസമിതിയുടെ ഡിസംബര്‍ 30ലെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ ദേവസ്വങ്ങളില്‍ നടവരവായി ലഭിച്ചിട്ടുള്ള ചെമ്പ്, പിത്തള, ഓട് സാമഗ്രികള്‍ ശരിയായി സംരക്ഷിക്കാന്‍പോലും കഴിയാതെ പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിലാണ്. ഇതു ലേലം ചെയ്തുനല്കാന് നേരത്തേ നടപടിയെടുത്തെങ്കിലും ഫലമുണ്ടായില്ല. ചെട്ടികുളങ്ങര, മലയാലപ്പുഴ, ശാര്‍ക്കര ദേവസ്വങ്ങളില്‍ ഊട്ടുപുരകളിലും ക്യാമ്പ് ഷെഡിലെ മുറികളിലുമാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ഇതുകാരണം ഭക്തര്‍ക്കായി നിര്‍മിച്ച ഊട്ടുപുരകളും മുറികളും വാടകയ്ക്ക് നല്കാന് കഴിയുന്നില്ല. വന്‍തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഉപയോഗമില്ലാത്ത ഇത്തരം വസ്തുക്കള്‍ ലേലം ചെയ്ത് മുതല്‍ കൂട്ടേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ നിത്യോപയോഗത്തിനും ഉത്സവത്തിനും ആട്ടവിശേഷത്തിനും ഉപയോഗിക്കുന്ന പിത്തള, ഓട്, ചെമ്പു വകകള്‍ ഒഴിവാക്കി ബാക്കിയുള്ളവയുടെ കണക്കെടുക്കണം. ഇവ അതത് ഡെപ്യൂട്ടി ദേവസ്വംകമ്മീഷണര്‍മാരുടെ ചുമതലയില്‍ വരവുചെലവ് കണക്ക് അടിസ്ഥാനത്തില്‍ തൂക്കി ബലമുള്ള ചാക്കിലാക്കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ സീല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഈ മാസം തന്നെ ഓരോ വകകളുടെയും വിശദവിവരം അറിയിക്കണമെന്ന് ദേവസ്വംബോര്‍ഡ് സെക്രട്ടറി നിര്‍ദേശിച്ചു.
ഓരോ ഗ്രൂപ്പിലുമുള്ള നടവരവ് സാധനങ്ങള്‍ പ്രത്യേകമായി ഫിനാന്‍സ് കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തര ലേലം ചെയ്താകണം മുതല്‍കൂട്ടേണ്ടത്. ഓരോ ആഴ്ചയും നടവരവ് സാധനങ്ങള്‍ തരംതിരിച്ച് ഉപയോഗമില്ലാത്തവ അപ്പപ്പോള്‍ ലേലം ചെയ്യാനും നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: