കൊച്ചി: അര്‍ബന്‍ മാവോയിസ്റ്റുകളുടെ വിധ്വംസക രാഷ്ട്രീയത്തെ വിമര്‍ശിച്ച ബിജെപി സംസ്ഥാന സമിതിയംഗവും ദളിത് ചിന്തകനുമായ കെ. ഗുപ്തന് വധഭീഷണി. ബിജെപിയുടെ മുഖമാസികയായ ‘ചിതി’യില്‍ ‘അവര്‍ മാവോവാദികളോ ഗുവേരിസ്റ്റുകളോ?’ എന്ന ലേഖനമെഴുതിയതിന് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു.
ഫെബ്രുവരി 13ന് ഫോണില്‍ വിളിച്ചായിരുന്നു വധഭീഷണി. മാവോവാദികളുടെ കോഡ് അറിയാമോയെന്ന് ചോദിച്ച അജ്ഞാതന്‍, താങ്കള്‍ ആരാണെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ”കൊല്ലുന്ന മാവോവാദികള്‍ പേര് പറയാറില്ലെന്നും, ഞങ്ങള്‍ നിന്റെ വീട്ടില്‍ വരുന്നുണ്ടെന്നും” ആയിരുന്നു പ്രതികരണം. താന്‍ ‘ചിതി’യില്‍ ലേഖനമെഴുതുമല്ലേ എന്ന താക്കീതും നല്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ. ഗുപ്തന് കോട്ടയം പോലീസ് സൂപ്രണ്ടിന് പരാതി നല്കി.
വനമേഖല താവളമാക്കി ആക്രമണങ്ങള്‍ നടത്തുന്ന മാവോവാദത്തിനുവേണ്ടി ആശയപ്രചാരണവും ജനകീയ പ്രതിരോധവും ഒരുക്കുന്നത് അര്‍ബന്‍ മാവോയിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണെന്ന് ലേഖനത്തില്‍ ഗുപ്തന് ചൂണ്ടിക്കാട്ടിയിരുന്നു. ഇരവാദമല്ല, ദേശവിരുദ്ധതയാണ് വ്യത്യസ്ത നിലപാടുകളുള്ള മാവോവാദികളെയും മൗദൂദിസ്റ്റുകളെയും ഐക്യപ്പെടുത്തുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.
”വികസിത ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ വിപ്ലവത്തിനുള്ള സാധ്യത പരിമിതമാണ്. ചെഗുവേര ബൊളീവിയന്‍ കാട്ടില്‍ പട്ടാളത്തിന്റെ വെടികൊണ്ട് മരിച്ചുവെന്നതൊഴിച്ചാല് വിപ്ലവത്തിന് കാടുമായി ഒരു ബന്ധവുമില്ല.” ഇതിനെ വിപ്ലവമെന്നല്ല അരാജക വാദമെന്നാണ് വിളിക്കേണ്ടതെന്നും ഗുപ്തന് ലേഖനത്തില്‍ പറയുന്നുണ്ട്. അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനമേഖലയില്‍ നാല് മാവോവാദികള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച പശ്ചാത്തലത്തിലായിരുന്നു ‘ചിതി’ ലേഖനം പ്രസിദ്ധീകരിച്ചത്.
ദളിത് പക്ഷത്തുനിന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് കെ. ഗുപ്തന്. തനിക്കെതിരായ വധഭീഷണി ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്നും, ബഹുസ്വരതയോടുള്ള അസഹിഷ്ണുതയാണന്നും ഗുപ്തന് ജന്മഭൂമിയോട് പ്രതികരിച്ചു. താന്‍ പറഞ്ഞത് പുതിയ കാര്യങ്ങളല്ല. മുന്‍ നക്സല്‍ നേതാവ് കെ. വേണുവും എഴുത്തുകാരനായ സിവിക് ചന്ദ്രനും മറ്റും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. സമാനമായ വസ്തുതകള്‍ സിപിഎം നേതാവ് പി. ജയരാജനും അടുത്തിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്, ഗുപ്തന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: