നെടുങ്കണ്ടം/കൊച്ചി: തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര് നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി മുന്‍ എസ്ഐ കെ.എസ്. സാബുവിനെ കൊച്ചിയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണിത്.
എറണാകുളം ഞാറയ്ക്കല്‍ പെരുമ്പിള്ളി സ്വദേശിയായ സാബുവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഞായറാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ സാബുവിനെ ആറ് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു.
പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 26ന് സിബിഐ എഫ്ഐആര്‍ നല്‍കിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വാഗമണ്‍ സ്വദേശി രാജ്കുമാറിനെ (53) കഴിഞ്ഞ ജൂണില്‍ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ സ്റ്റേഷന് ചുമതല സാബുവിനായിരുന്നു. രാജ്കുമാര് മരിച്ചതോടെ സാബു സസ്പെന്‍ഷനിലായി. ക്രൈംബ്രാഞ്ച് സാബുവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി. ജാമ്യം നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡിസംബറില്‍ കേസ് സിബിഐ ഏറ്റെടുത്തതോടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: