വാഷിംഗ്ടണ്‍: അറേബ്യന്‍ ഉപദ്വീപ് അല്‍ഖ്വയ്ദ തലവനെ അമേരിക്ക കൊലപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യെമനില്‍ യുഎസ് നടത്തിയ ഓപ്പറേഷനിലാണ് 2015 മുതല്‍ എ.ക്യു.എ.പി ജിഹാദി ഗ്രൂപ്പിനെ നയിച്ച കാസിം അല്‍ റെയ്മി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. 2000 കാലഘട്ടങ്ങളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയതില്‍ പ്രധാനിയായിരുന്നു റെയ്മി.
യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ എ.ക്യു.എ.പി ജിഹാദി ഗ്രൂപ്പന്റെ മുന്‍തലവനെ കൊന്നതിന് ശേഷമാണ് കാസിം അല്‍ റെയ്മി നേതൃത്വം ഏറ്റെടുത്തത്. അമേരിക്കന്‍ സര്‍ക്കാറിനെ അട്ടിമറിക്കുക, മതം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് 2009 ല്‍ സൗദി അറേബ്യയിലെ യെമനില്‍ അല്യ്ദയുടെ ഭാഗമായ എ.ക്യു.എ.പി രൂപീകരിച്ചത്. ഒസാമ ബിന്‍ ലാദന് സ്ഥാപിച്ച അല്‍ ക്വയ്ദ ശൃംഖലയുടെ ഏറ്റവും മാരകമായ ശാഖകളിലൊന്നാണ് എക്യുഎപിയെ അമേരിക്ക കണക്കാക്കുന്നത്.
യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍റെയ്മിയുടെ മരണപ്പെട്ടതായി അഭ്യൂഹങ്ങള്‍ ജനുവരി അവസാനത്തോടെ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി, ഫെബ്രുവരി രണ്ടിന് അല്‍റെയ്മിയുടെ ശബ്ദത്തില്‍ ഒരു ഓഡിയോ സന്ദേശം എ.ക്യു.എ.പി പുറത്തിറക്കി. അതില്‍ ഫ്ളോറിഡയിലെ പെന്‍സകോളയിലെ യുഎസ് നാവിക താവളത്തില്‍ മാരകമായ വെടിവയ്പിന് പിന്നില്‍ എ.ക്യു.എ.പി അണെന്നായിരുന്നു.
എന്നാല്‍, ഡിസംബറിലാണ് ഷൂട്ടിംഗ് നടന്നത് അതുകൊണ്ടു തന്നെ സന്ദേശം നേരത്തെ റെക്കോര്‍ഡു ചെയ്തതാകാം എന്നും സംശയം ഉണ്ടായിരുന്നു. ഇപ്പോഴിതാ അല്‍റെയ്മിയുടെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ് വൈറ്റ് ഹൗസ്. എന്നാല്‍, എപ്പോഴാണ് അല്റെയ്മി കൊല്ലപ്പെട്ടത്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. അല്‍റെയ്മിയുടെ മരണം എ.ക്യു.എ.പിയെയും ആഗോള അല്‍ഖ്വയ്ദ ഭീകരതയെയും ക്ഷയിപ്പിക്കും. ഈ സംഘടനകള്‍ ദേശീയ സുരക്ഷയ്ക്ക് മേല്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ഇല്ലാതാക്കുന്നതിന് സഹായമായെന്നും പ്രസ്താവന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: