യോക്കോഹാമ: ജാപ്പനീസ് ആഢംബരക്കപ്പലിലെ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് എന്ന ആഢംബരക്കപ്പലിലെ യാത്രക്കാര്‍ക്കാണ് കൊറോണ സ്ഥീരികരിച്ചത്. ഇതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
രോഗബാധയേറ്റവര്‍ക്ക് കപ്പലിലെ മറ്റ് ആളുകളുമായി അടുത്തിടപെഴകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കപ്പലിലുള്ളവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പടരാതിരിക്കുന്നതിനും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് കപ്പല്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇതിനുള്ളിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.
14 ദിവസത്തേയ്ക്ക് ഇവരെ നിരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കപ്പലിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കും.
3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതേ കപ്പലിലെ യാത്രക്കാരനായ ഹോങ്കോങ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കപ്പലിലുള്ളവരുടേയും രക്ത സാംപിളുകള്‍ പരിശോധിക്കുകയായിരുന്നു. 80 കാരനായ ഹോങ്കോങ് സ്വദേശിക്ക് യാത്രയ്ക്കിടെ രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്ന് കപ്പലിലെ പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കപ്പലിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കും. രണ്ടാഴ്ചത്തെ നീരീക്ഷണത്തിന് ശേഷം വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രമേ ഇവരെ സാധാരണക്കാരുമായി ഇടപെഴകാന്‍ അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: