കൊച്ചി: ചന്ദനം മുറിച്ചുവിറ്റ കേസില്‍ കേസെടുക്കാന്‍ പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്കിയ ഉദ്യോഗസ്ഥനെ വനം വകുപ്പ് റേഞ്ച് ഓഫീസറാക്കി. സംഭവത്തില്‍ 8/2008 നമ്പറില്‍ മഹസര്‍ തയാറാക്കി, ചന്ദനം കടത്തിയ ഓട്ടോറിക്ഷ കണ്ടുകെട്ടി, നിയമോപദേശം ലഭിച്ചിട്ടും കേസെടുത്തിട്ടില്ല. മോഷ്ടിച്ച ചന്ദനത്തിന്റെ ശേഷിക്കുന്ന വേരുകള്‍ റേഞ്ച് ഓഫീസില്‍നിന്ന് കാണാതായി.
പെരിയാര്‍ കടുവ സംരക്ഷണ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനില്‍ തേക്കടി റേഞ്ചില്‍നിന്നാണ് നമ്പരിടാത്ത ചന്ദനം മോഷണം പോയത്. ചന്ദനമരത്തിന്റെ വേര് വനം വകുപ്പ് കണ്ടെത്തി റേഞ്ച് ഓഫീസില്‍ സൂക്ഷിച്ചു. 2007ല്‍ റേഞ്ചില്‍ പുതിയ ജീവനക്കാരനായെത്തിയ ആള് ഈ ചന്ദനവേരുകള്‍ മറ്റു ചിലര്‍ക്ക് കൈമാറി. തുടര്‍ന്ന് ജോജി എന്ന ജീവനക്കാരനുള്‍പ്പെടെ ഏതാനും പേരെ സസ്പന്‍ഡ് ചെയ്തു. ജോസഫ്, മോനച്ചന്, അജി, ജോജി, കുഞ്ഞുമോന്, നാരായണന്, രതീഷ് എന്നിവര്‍ക്കെതിരേ കേസെടുക്കുന്നതിലെ നിയമസാധുത അന്വേഷിച്ചപ്പോള്‍, പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് േകാടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സി. അനീഷ്, കേസെടുക്കാന്‍ 2019 ജൂണ്‍ 24 ന് തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറോട് ശുപാര്‍ശ ചെയ്തു.
എന്നാല്‍, ശുപാര്‍ശ പ്രകാരം കേസെടുത്തില്ല. കൂടുതല്‍ നിയമോപദേശം തേടണമെങ്കില്‍ പോകേണ്ടത് പബ്ലിക് പ്രോസിക്യൂട്ടറുടെ അടുത്താണ്. പക്ഷേ, മുകളില്‍നിന്നുള്ള നിര്‍ദേശ പ്രകാരം ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ പ്ലീഡറോട് അഭിപ്രായമാരായുകയും അതിനിടെ ചന്ദനം കടത്ത് കേസില്‍ പെട്ട ഉദ്യോഗസ്ഥന് റേഞ്ച് ഓഫീസര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയുമായിരുന്നു.
ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിനും ഉന്നതങ്ങളിലെ ഇടപെടലുകള്‍ ഇതിനെല്ലാം പിന്നിലുണ്ടെന്നാണ് വിവരം. ചീഫ് േഫാറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ ചിലരും ഡിവിഷണല്‍ ഓഫീസിലെ പലരും ഭരണമുന്നണിയിലുള്ളവരും ഇവരിലുണ്ട്. തേക്കടി ചെക് പോസ്റ്റിനടുത്ത പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ റിസോര്‍ട്ടും വനത്തില്‍ അവര്‍ രഹസ്യമായൊരുക്കുന്ന ട്രക്കിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങളും ‘പ്രതി’യുടെ സ്വാധീന സംവിധാനങ്ങളാണെന്ന് ആരോപണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: