എന്താണീ മനുഷ്യ ഭൂപടം? ഒരു സുഹൃത്ത് ഈയിടെ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മനുഷ്യഭൂപടം നിര്‍മിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടാവും അദ്ദേഹം ഇങ്ങനെ ചോദിച്ചത്.
പെട്ടെന്ന് ഉത്തരം പറയാനായില്ല. ഭൂപടത്തിന് ഭൂമിയുടെ പടം എന്നര്‍ത്ഥം. അപ്പോള്‍ മനുഷ്യ ഭൂപടം മനുഷ്യരെ ഉപയോഗിച്ച് നിര്‍മിക്കുകയോ വരയ്ക്കുകയോ ചെയ്യുന്ന ഭൂപടമായിരിക്കും. ഏതു ഭൂമിയുടെ പടമാണ് നിര്‍മിക്കുക എന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടില്ല. ഒരിഞ്ചു സ്ഥലത്തിനും ഭൂമി എന്നു പറയാം. സംഘാടകരുടെ ശക്തിക്കും വീക്ഷണത്തിനുമനുസരിച്ച് ഭൂപടം വാര്‍ഡിന്റെയോ മണ്ഡലത്തിന്റെയോ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ആകാം. ആഗോള വീക്ഷണമുള്ളവര്‍ക്ക് ലോകത്തിന്റെ ഭൂപടം നിര്‍മിക്കാം.
ഭൂപടത്തില്‍ എന്തൊക്കെയുണ്ടാവും? അതിരുകള്‍ മാത്രമാണോ അടയാളപ്പെടുത്തുക? നദികള്‍, പര്‍വതങ്ങള്‍ വനങ്ങള്‍ എന്നിവ ഉണ്ടാകുമോ? കാത്തിരുന്നു കാണാം.
സമരക്കാര്‍ എടുത്തു പെരുമാറാന്‍ തുടങ്ങിയതോടെ ചില വാക്കുകള്‍ക്ക് അര്‍ത്ഥവ്യാപ്തി കൂടിയിരിക്കുന്നു ‘ചങ്ങല’ എന്നുകേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇരുമ്പുചങ്ങലയോ സ്വര്ണ്ണച്ചങ്ങലയോ അല്ല ‘മനുഷ്യച്ചങ്ങല’യാണ്. കന്മതിലിനെന്നപോലെ മനുഷ്യമതിലിനും പ്രചാരമേറിയിരിക്കുന്നു. മനുഷ്യ മതിലിനിപ്പോള് റേറ്റ് കൂടുതലാണെന്ന് കോണ്ട്രാക്ടര് പറയുന്നു.
സമരം ശ്രദ്ധേയമാകണമെങ്കില്‍ അതിനു പുതുമ വേണം. മനുഷ്യവേലി, മനുഷ്യമതില്‍, മനുഷ്യച്ചങ്ങല എന്നിവയെല്ലാം നിര്‍മിച്ചത് സമരങ്ങള്‍ക്കു വേണ്ടിയായിരുന്നു. വേലിയില്‍ പത്തലും മതിലില്‍ കല്ലും ചങ്ങലയില്‍ കണ്ണികളുമാകുന്നത് പാവം മനുഷ്യര്‍ തന്നെ.
സംഘാടകരും മനുഷ്യരും കൂടി ജനകീയമാക്കിയ ‘ചങ്ങല’യെ അടുത്തകാലത്ത് ചിലര്‍ ‘ശൃംഖല’യാക്കിയത് പുതുമവരുത്താനാവാം. പഴയ മനഷ്യച്ചങ്ങലയുടെ സ്ഥാനത്ത് ‘മനുഷ്യമഹാശൃംഖല’ വെട്ടിത്തിളങ്ങുന്നു! ‘ശൃംഖല’യുടെ ശക്തിയും മുറുക്കവും എടുപ്പും ഒരു ‘ചങ്ങല’യ്ക്കുമില്ലെന്ന് പച്ച മലയാളം ശീലമാക്കിയവര്‍ പോലും സമ്മതിക്കും.
മതിലിലായാലും ചങ്ങലയിലായാലും മനുഷ്യരെ ഇങ്ങനെ ഒന്നിച്ചണിനിരത്തുന്നതിനു പകരം തരംതിരിച്ച് നിര്‍ത്തിയാല്‍ സമരത്തിന് പുതുമയുണ്ടാക്കാം. യുവജനശൃംഖല, മധ്യവയസ്ക ശൃംഖല, വയോജന ശൃംഖല, ബാലശൃംഖല- പുതുമകള്‍ക്ക് സാധ്യതകളേറെയാണ്.
മനുഷ്യ ഭൂപടവും അടുത്തു തന്നെ പഴഞ്ചരക്കാവും. മനുഷ്യഭൂപടത്തിന്റെ മാതൃകയില്‍ ‘മനുഷ്യ ഗോളം’ നിര്‍മിക്കാം. അടുത്തപടിയായി ‘മനുഷ്യ സൗരയൂഥ’മോ ‘മനുഷ്യ ക്ഷീരപഥ’മോ നിര്‍മിക്കാം. മതില് പണിതു മടുത്തവര്‍ക്ക് മനുഷ്യക്കുന്ന്, മനുഷ്യപര്‍വതം, മനുഷ്യക്കൊടുമുടി എന്നിവ ഉണ്ടാക്കാം.
ഇവയിലെല്ലാം പൊതുഘടകം മനുഷ്യനാണ്. ഇത് മനുഷ്യര്‍ക്കു തന്നെ മടുപ്പുണ്ടാക്കും. പോരെങ്കില്‍ മനുഷ്യന് മനുഷ്യനെ വെറുക്കുന്ന കാലവുമാണിത്. മനുഷ്യരെയെന്ന പോലെ പക്ഷിമൃഗാദികളെയും സമരത്തിന് അണിനിരത്തിയാല്‍ മനുഷ്യരുടെ മടുപ്പ് മാറ്റാം. സംഘാടകരുടെ ശക്തിക്കനുസരിച്ച് ജീവജാലങ്ങളെ ഒന്നിച്ചോ ഇനം തിരിച്ചോ സമരത്തില്‍ പങ്കെടുപ്പിക്കാം.
മൃഗശൃംഖല, സിംഹമതില്, ഒട്ടകഭൂപടം പക്ഷിച്ചങ്ങല, വെട്ടുകിളിമതില്, കാകഭൂപടം സമരമുറകള്‍ ഇങ്ങനെ മാറ്റിയാല്‍ സമരത്തിന് പുതുമകൂടും; പാവം മനുഷ്യരുടെ സമരഭാരം കുറയും.
പിന്കുറിപ്പ്:
കെപിസിസി ഭാരവാഹികളുടെ പട്ടിക പൂര്‍ണമാവുമ്പോള്‍ ജംബോ തന്നെ ആകുമെന്നുറപ്പായി-വാര്‍ത്ത യുഡിഎഫിന്റെ ‘മനുഷ്യഭൂപട’ത്തിനു മുന്നോടിയായി കോണ്‍ഗ്രസിന് ഒരു ‘നേതൃ ഭൂപടം’ നിര്മിക്കാവുന്നതാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: