താവദാകാശ സങ്കല്പോ
യാവച്ഛബ്ദഃ പ്രവര്‍ത്തതേ
നിഃശബ്ദം തത്പരം ബ്രഹ്മ
പരമാത്മേതി ഗീയതേ 4 101
ശബ്ദം പ്രവര്ത്തിക്കുവോളമേ ആകാശത്തിന്റെ സങ്കല്പമുള്ളൂ. പരബ്രഹ്മം നിശ്ശബ്ദമാണ്. അതു തന്നെ പരമാത്മാവും. ശബ്ദം അനാഹത ധ്വനി തന്നെ. അതുള്ളിടത്തോളം ആകാശത്തിന്റെ സങ്കല്പമുണ്ടാവും. ആകാശത്തിന്റെ തന്മാത്ര, സൂക്ഷ്മരൂപം ആണല്ലൊ ശബ്ദം. ശബ്ദമാണാദ്യമുണ്ടായത്. ‘ഗുണ ഗുണിനോ രഭേദഃ’ എന്നു പ്രമാണമുണ്ട്. ശബ്ദം ഗുണവും ആകാശം ഗുണിയുമാണ്. അവയ്ക്കഭേദമുണ്ട്, തുല്യതയുണ്ട്. ശബ്ദം ലയിച്ചാല്‍ ആകാശവും ലയിക്കുമെന്നു താല്പര്യം. സര്‍വ വൃത്തികളും ലയിക്കുമ്പോള്‍ സ്വരൂപത്തില്‍ അവസ്ഥാന മുണ്ടാവുകയും ബ്രഹ്മാനുഭൂതിയുണ്ടാവുകയും ചെയ്യും.
യത് കിഞ്ചിന്നാദരൂപേണ
ശ്രൂയതേ ശക്തിരേവ സാ
യസ്തത്ത്വാന്തോ നിരാകാരഃ
സ ഏവ പരമേശ്വരഃ 4 102
നാദരൂപത്തില്‍ കേള്‍ക്കുന്നതൊക്കെ ശക്തിയാണ്. തത്വങ്ങള്‍ ലയിക്കുമ്പോഴുള്ള നിരാകാരന്‍ പരമേശ്വരന് തന്നെ. തത്വങ്ങള്‍ അഞ്ചാണ് പഞ്ചഭൂതങ്ങള്‍. ആകാശം, വായു, അഗ്നി, ജലം, ഭൂമി. അവയുടെ തന്മാത്രകള് യഥാക്രമം ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയും. ഇവയില്‍ ഏറ്റവും സ്ഥൂലമായത് ഭൂമിയും ഏറ്റവും സൂക്ഷ്മമായത് ആകാശവും അതിന്റെ സൂക്ഷ്മതരമായ ശബ്ദവുമാണ്. അതിനുമപ്പുറത്തെത്തിയാലേ ലയമുണ്ടാവൂ.
ആത്മാവ് സത്തോ അസത്തോ അല്ല. നാം ആത്മാവില്‍ നിന്ന് ഭിന്നനാണെന്നു വിചാരിക്കുന്നു. സത്യത്തില്‍ ഒന്നാണെ ങ്കിലും ആ ബോധമില്ല. വൃദ്ധന് തനിക്ക് ഒരു കുട്ടിക്കാലമുണ്ടായിരുന്നെന്ന ബോധമില്ല. കാരണം ആ ഓര്‍മ്മ നഷ്ടപ്പെട്ടു പോയി. കടലിലെ തിരകള്‍ കടലില്‍ നിന്നു വ്യത്യസ്തമാണെന്നു തോന്നും. എന്നാല്‍ അവ ഭിന്നങ്ങളല്ല. അദ്വൈതത്തില്‍ രണ്ടുതരം ചിന്താപദ്ധതി യുണ്ട്. ബോധമേയുള്ളൂ. ശക്തിയെന്നത് മായ മാത്രമാണ്. ഉള്ളതല്ല. ചിത്ത്, ബ്രഹ്മം കര്‍മമോ മാറ്റമോ ഇല്ലാത്ത ശുദ്ധജ്ഞാനമാണ്. ലോകം മിഥ്യയാണ്.
ചിത്ത്, ബോധവും പ്രകൃതി ( സൃഷ്ടി ശക്തി)യുമാണ്. അതു കൊണ്ട് സൃഷ്ടിയും സത്യമാണ്. ഇത് രണ്ടാമത്തെ പദ്ധതി. ഏതായാലും ആത്മാവ് പൂര്‍ണത തന്നെ. ഇവിടെ നാദാനുസന്ധാനം എന്ന ഭാഗം അവസാനിച്ചു.
സര്‍വേ ഹഠലയോപായാഃ
രാജയോഗസ്യ സിദ്ധയേ
രാജയോഗ സമാരൂഢഃ
പുരുഷഃ കാലവഞ്ചകഃ 4 103
എല്ലാ ഹഠലയ ഉപായങ്ങളും രാജയോഗത്തിന്റെ സിദ്ധിക്കു വേണ്ടിയാണ്. രാജയോഗം സിദ്ധിച്ചവന് മൃത്യുഞ്ജയനാണ്. ഹഠയോഗവും രാജയോഗവും തമ്മില്‍ എന്താണ് വ്യത്യാസം എന്നത് വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. ആസനക്ലാസിന് ഹഠയോഗക്ലാസ് എന്നു പറയാറുമുണ്ട്. പാതഞ്ജല യോഗദര്ശനത്തെ രാജയോഗമെന്നു വിളിക്കാറുണ്ട്. അതില്‍ ആസന പ്രാണായാമങ്ങളും ധ്യാന സമാധികളും പറയുന്നുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഒരു വ്യക്തത തരുന്നതാണ് ഈ ശ്ലോകം.
ഈ ഗ്രന്ഥത്തില്‍ നാല് അധ്യായങ്ങളാണ്, പാദങ്ങളാണ്. ആസനം, കുംഭകം (പ്രാണായാമം), മുദ്ര, സമാധി എന്നിങ്ങനെ. ആദ്യത്തെ മൂന്നും ഹഠോപായങ്ങളാണ്. അവ പ്രധാനമായും ശാരീരികമാണ്. നാലാമത്തെ പാദം സമാധിയെപ്പറ്റിയാണ്. നാദാനുസന്ധാനം, ശാംഭവീമുദ്ര മുതലായവ.
ഇവയെല്ലാറ്റിന്റെയും ആത്യന്തിക ലക്ഷ്യം എന്ത് എന്ന ചോദ്യത്തിന് മനസ്സിന്റെ, ചിത്തത്തിന്റെ സര്‍വ വൃത്തികളും നിരോധിക്കുക എന്നതു തന്നെ. ‘യോഗഃ ചിത്തവൃത്തി നിരോധഃ’ എന്ന പതഞ്ജലി മുനിയുടെ യോഗ നിര്‍വചനം ഇവിടെ യോജിച്ചുവരുന്നു. അതാണ് രാജയോഗം.
ഇതാണ് യോഗസൂത്രങ്ങള്‍ക്ക് ഭാഷ്യം ചമച്ചപ്പോള്‍ വ്യാസന് സൂത്രങ്ങളില്‍ നേരിട്ടു പരാമര്‍ശമില്ലാത്ത അഞ്ചു ചിത്തഭൂമികകളെപ്പറ്റി പറഞ്ഞത്. ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം എന്നിവ. ചിത്തവൃത്തി നിരോധത്തിലൂടെ നിരുദ്ധഭൂമികയില്, ചിത്തത്തിന്റെ നിരുദ്ധാവസ്ഥയില്‍ എത്താന്‍ കഴിയണം. അതാണ് സാദ്ധ്യം, അതു തന്നെ രാജയോഗം.
പ്രസിദ്ധമായ അഷ്ടാംഗ യോഗത്തെ പരിചയപ്പെടുത്തുന്നതിന്റെ തൊട്ടുമുമ്പുള്ള സൂത്രത്തില്‍ പതഞ്ജലി അഷ്ടാംഗ യോഗത്തിന്റെ ഉദ്ദേശ്യവും പ്രയോജനവും വെളിപ്പെടുത്തുന്നുണ്ട്. യോഗാംഗാനുഷ്ഠാനത്താല് ‘അശുദ്ധിക്ഷയ’മാണ് ഫലം പറഞ്ഞത്. അതില്‍ നിന്ന് ജ്ഞാന ദീപ്തിയും വിവേകഖ്യാതിയും. ഈ ലക്ഷ്യമാണ് രാജയോഗം. ഈ ലക്ഷ്യം നേടിയവനെയാണിവിടെ ‘രാജയോഗ സമാരൂഢന്’ എന്നു വിളിക്കുന്നത്. ആരൂഢനെന്നാല് ആരോഹണം ചെയ്തവന്, കയറിയിരുന്നവന്‍. സമാരൂഢനെന്നാല് സമ്യക്കായി, വേണ്ടവണ്ണം കയറിയവന് എന്നര്‍ഥമായി.
മററുള്ളവരൊക്കെ ‘ആരുരുക്ഷു’ മാത്രമെ ആകുന്നുള്ളു. ഇവരെപ്പറ്റിയാണ് ഗീതയില്‍ ‘ആരുരുക്ഷോര്‍ മുനേര്‍ യോഗം കര്‍മ കാരണം ഉച്യതേ ‘ എന്നു പറഞ്ഞത്. ആരുരുക്ഷു എന്നാല്‍ ആരോഹണം ചെയ്യാന്‍ ഇച്ഛിക്കുന്നവന്. അവന് കര്‍മം വേണം. എന്നാല്‍ ‘യോഗാരൂഢസ്യ തസ്യ ഏവ’ (അവന് തന്നെ യോഗാരൂഢനായാല്) ശമമാണ് വേണ്ടത് എന്നും ഭഗവാന് പറഞ്ഞു വെച്ചു. അതു കൊണ്ടു തന്നെയാണ് ഭഗവത് ഗീത ‘യോഗശാസ്ത്ര’മായത്.
യോഗാരൂഡന് കാലനെ വഞ്ചിക്കാന്‍, മൃത്യുവിനെ ജയിക്കാന്‍ കെല്പുള്ളവനാണ്. ആ യോഗമാണ് യോഗങ്ങളിലെ രാജാവ് രാജയോഗം.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: