പാലക്കാട്: അട്ടപ്പാടിയില്‍ മനസ്സിന്റെ താളംതെറ്റി അലയുന്നവര്‍ക്ക് താങ്ങായി തായ്ക്കുല സംഘം. അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി, മനസ്സിന്റെ സമനില തെറ്റിയ നാന്നൂറോളം ആളുകളുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാല്‍ അസുഖം മാറും. ഇതേ തുടര്‍ന്നാണ് തായ്ക്കുല സംഘത്തിന്റെ നേതൃത്വത്തില്‍ മനോരോഗികളെ കണ്ടെത്തി ചികിത്സ നല്‍കുന്നത്.
2018ല്‍ വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തില്‍ 363 പേരാണ് മാനസികനില തെറ്റി അലയുന്നതായി കണ്ടെത്തിയത്. ഇതില്‍ 188 സ്ത്രീകളും 19 വയസ്സില്‍ താഴെയുള്ള ഏഴ് കുട്ടികളും ഉള്‍പ്പെടും. രോഗാവസ്ഥയിലുള്ളവരില്‍ 60 ശതമാനം പേരും വനവാസികളാണ്.
അഗളി പഞ്ചായത്തില്‍ മാത്രം 192 പേരാണ് മാനസികനില താളംതെറ്റിയ നിലയിലുള്ളത്. ഷോളയൂരില്‍ 91 പേരും പുതൂരില്‍ 80 പേരുമുണ്ട്. ഇരുള ഗോത്രവിഭാഗത്തിലാണ് കൂടുതല്‍ പേര് മാനസിക വെല്ലവിളി നേരിടുന്നത്.
പട്ടികവര്‍ഗക്കാരില്‍ മാനസികനില തെറ്റുന്ന യുവാക്കളുടെയും മധ്യവയസ്കരുടെയും എണ്ണം കൂടിവരുന്നതായും കണ്ടെത്തിയിരുന്നു. തങ്ങളുടെ വംശം നശിക്കുന്നത് കണ്ടുനില്ക്കാന് കഴിയുന്നില്ലെന്നും അവരെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും തായ്ക്കുല സംഘാംഗങ്ങള്‍ പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുമായി സഹകരിച്ച് നാലുമാസം മുമ്പാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
വിദൂര ഊരുകളില്‍ നിന്നടക്കമുള്ള 44 പേരെയാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചത്. 17 മുതല്‍ 60 വയസുവരെയുള്ള 21 സ്ത്രീകളും, 23 പുരുഷന്മാരും ഉള്‍പ്പെടും. മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ടും, വീടുകളിലെ പ്രശ്നങ്ങളും ഇവരില്‍ പലരുടെയും സമനില തെറ്റിച്ചു. പീഡനത്തിനിരയായതിനെ തുടര്‍ന്ന് മാനസികനില തെറ്റിയവരും ഉണ്ട്. മനോനില തെറ്റി അലഞ്ഞുതിരിയുന്ന പെണ്‍കുട്ടികളെയും, സ്ത്രീകളെയും ഉപദ്രവിച്ച സംഭവങ്ങളും നിരവധിയാണ്.
നാലുമാസത്തെ ചികിത്സയിലൂടെ ഇവരില്‍ ഭൂരിഭാഗംപേരും പൂര്‍വ്വസ്ഥിതിയിലേക്കെത്തി. വീടുകളിലേക്ക് തിരിച്ചുപോയവര്‍ കൃത്യമായി മരുന്നും അവശ്യസാധനങ്ങളും തായ്ക്കുലസംഘം എത്തിച്ചുനല്‍കുന്നുണ്ട്. ചിലര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ ആശുപത്രിയില്‍തന്നെ പാ
ര്‍പ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതോടൊപ്പം അസുഖം മാറിയവര്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നല്‍കുമെന്ന് തായ്ക്കുല സംഘാംഗങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു. ആരോഗ്യവകുപ്പില്‍ നിന്ന് വാഹനം മാത്രമാണ് ലഭിക്കാറ്. മറ്റു ഫണ്ടുകളോ ധനസഹായമോ സര്‍ക്കാരില്‍ നിന്ന് തായക്കുല സംഘത്തിന് ലഭിക്കുന്നില്ല. പലപദ്ധതികള്‍ സമര്‍പ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.
മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട് അട്ടപ്പാടിയിലെ വനവാസി സമൂഹം ഇല്ലാതാകുന്നത് തടയാനാണ് അഞ്ച് വര്‍ഷം മുമ്പ് വനവാസി സ്ത്രീകളും അമ്മമാരും ഉള്‍പ്പെടുന്ന തായ്ക്കുല സംഘമെന്ന സംഘടന രൂപീകരിച്ചത്. തങ്ങളുടെ തലമുറകളെ ഇല്ലാതാക്കുന്ന വന്‍വിപത്തിനെ തടയാന്‍ അവര്‍ നടത്തിയ ഉസിര് പോരാട്ടം ഏറെ ശ്രദ്ധനേടിയിരുന്നു. തായ്ക്കുല സംഘത്തിന്റെ ആവശ്യപ്രകാരം ആനക്കട്ടിയിലുള്ള തമിഴ്നാടിന്റെ മദ്യഷോപ്പ് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: