തൃശൂര്‍: സോണിയ കുടുംബത്തിന് വേണ്ടി ഹരിയാനയിലെ അമീപൂരിലും ഫരീദാബാദിലും ഭൂമി ഇടപാടിന് ഇടനിലക്കാരനായി നിന്നത് കുന്നംകുളം സ്വദേശിയായ സി.സി. തമ്പി. അനധികൃത സ്വത്ത് സമ്പാദനത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തകാലത്ത് 288 കോടി രൂപ പിഴചുമത്തിയിട്ടുണ്ട് ഇയാളുടെ പേരില്‍. സോണിയ കുടുംബത്തിന്റെ വിശ്വസ്തനും ബിനാമിയുമാണ് തമ്പി എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നത്.
സോണിയയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് വഴിയാണ് തമ്പി നമ്പര്‍ 10 ജനപഥുമായി അടുപ്പം സ്ഥാപിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ അന്വേഷണം നേരിടുകയാണ് തമ്പി ഇപ്പോള്‍. യുപിഎ
ഭരണകാലത്ത് വിവിധ കടലാസ് കമ്പനികളുടെ പേരില്‍ ആയിരം കോടിയോളം രൂപയുടെ അനധികൃത വായ്പ നേടിയെന്ന കേസിലാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ നടപടി. ദുബായ്യില് ഹോളിഡേയ്സ് ഗ്രൂപ്പ് എന്ന പേരില്‍ വന്‍ ഹോട്ടല്‍ ശൃംഖലയ്ക്ക് ഉടമയാണ് തമ്പി. വര്‍ഷങ്ങളായി രാഹുലും റോബര്‍ട്ട് വാദ്രയും ദുബായില്‍ ഇയാളുടെ അതിഥികളായി എത്താറുണ്ടെന്നതും പരസ്യമാണ്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഹോളിഡേയ്സിലെ വിശിഷ്ടാതിഥികളായിരുന്നു. രമേശ് ചെന്നിത്തല, പി.സി, ചാക്കോ, കെ.വി. തോമസ്, എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി തുടങ്ങിയവര്‍ നിരവധി തവണ ദുബായ്യില് തമ്പിയുടെ ഹോട്ടലില്‍ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇടപാടില്‍ ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. തമ്പി കേരളത്തില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസ് അന്വേഷണം നടത്തിയിരുന്നു. ആ കേസും ഇപ്പോള്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് യൂണിറ്റിന് കൈമാറിയതായി കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുപിഎ ഭരണകാലത്ത് രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ സെക്യൂരിറ്റി ചെക്കിങ് പോലും ഒഴിവാക്കിയാണ് തമ്പിയുടെ പേരിലുള്ള ബാഗേജുകള്‍ എത്തിയിരുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അനധികൃത ഇടപാടുകള്‍ വെളിച്ചത്ത് വന്നതും അന്വേഷണം ആരംഭിച്ചതും.
തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് തമ്പിയുടെ ഉടമസ്ഥതയിലുള്ള തേജസ് എഞ്ചിനീയറിങ് കോളേജിന് 2008ല്‍ യുപിഎ സര്‍ക്കാര്‍ അനധികൃതമായി എഐസിടിഇ അംഗീകാരം നല്‍കിയെന്നും വ്യക്തമായിട്ടുണ്ട്. എഐസിടിഇ ഡയറക്ടറായിരുന്ന മഞ്ജുനാഥ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കേസ് നിലനില്ക്കുന്നു.
എണ്‍പതുകളില്‍ അജ്മാനിലെ ഒരു ബാറില്‍ അറ്റന്ററായി ജീവിതം തുടങ്ങിയ ചെറുവത്തൂര്‍ ചാക്കുട്ടി തമ്പി (63) ഇന്ന് കോടികളുടെ സാമ്രാജ്യത്തിന് ഉടമയാണ്. കുന്നംകുളത്തും തൃശൂരിലുമുള്ള ഇയാളുടെ പഴയ പരിചയക്കാരും ബന്ധുക്കളും അമ്പരപ്പോടെയാണ് തമ്പിയുടെ മിന്നല്‍ വേഗത്തിലുള്ള വളര്‍ച്ച കണ്ടുനിന്നത്. നാട്ടില്‍ കൈയയച്ച് സംഭാവനകള്‍ നല്‍കിയും മറ്റും തമ്പി ആളുകളെ കൈയിലെടുത്തു.
ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ തമ്പിയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. ന്യൂയോര്‍ക്കിലെ സെന്റര്‍ പാര്‍ക്കില്‍ അടുത്തകാലത്ത് വന്‍തുക മുടക്കി അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഫരീദാബാദില്‍ തമ്പി വാങ്ങിയതിനു സമീപമുള്ള ഭൂമി റോബര്‍ട്ട് വാദ്രയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ഭൂമി വാങ്ങാന്‍ പണം എവിടെ നിന്ന് ലഭിച്ചുവെന്ന് ഓര്‍മയില്ലെന്നായിരുന്നു റോബര്‍ട്ട് വാദ്ര കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: