ബെംഗളൂരു: കളിയിക്കാവിള ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന കൊടുംഭീകരനും കൂട്ടാളികളും അറസ്റ്റില്‍. നിരോധിത ഇസ്ലാമിക ഭീകര സഘടനയായ അല്‍ ഉമയുടെ മുന്‍ തലവന്‍ മെഹബൂബ് പാഷയെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ചു കൊന്ന കേസില്‍ ഉള്‍പ്പെട്ട പതിനേഴംഗ സംഘത്തിന് നേതൃത്വം നല്‍കിയത് മെഹബൂബ് പാഷയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദക്ഷിണേന്ത്യയില്‍ വ്യാപകമായി ആക്രമണങ്ങള്‍ നടത്താന്‍ ഇയാളുടെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കിയിരുന്നു. ജഡ്ജിമാരും പോലീസ് ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഹിറ്റ്ലിസ്റ്റിലുണ്ട്.
ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പാഷയ്ക്കൊപ്പം മുഹമ്മദ് മന്‍സൂര്‍ അലിഖാന്, ജാബിയുള്ള സയ്ദ്, അസ്മത്തുള്ള എന്നിവരും പിടിയിലായി. കളിയിക്കാവിള ആക്രമണത്തിനു തൊട്ടുപിന്നാലെ ദല്‍ഹിയില്‍ അറസ്റ്റിലായ ഖാജ മൊയ്ദീനുമായി മെഹബൂബ് പാഷയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബെംഗളൂരു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്തു ദിവസത്തെ സിസിബി കസ്റ്റഡിയില്‍ വിട്ടു. ഭീകരവിരുദ്ധ സേനയും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യും.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മെഹബൂബ് പാഷ അടുത്തിടെ ഖാജാ മൊയ്ദീനൊപ്പമാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. ബേസ് മൂവ്മെന്റ് എന്ന സംഘടന രൂപീകരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തി അതിന്റെ മറവിലാണ് ഗൂഢാലോചന നടത്തിയിരുന്നത്. മെഹ്ബൂബ പാഷയും ഖാജ മൊയ്ദീനും 2018ലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് തീവ്രവാദ സംഘത്തിന് രൂപം നല്‍കിയത്. ഗുരുപ്പനപാള കേന്ദ്രമായുള്ള ജീവകാരുണ്യ ട്രസ്റ്റിന്റെ മറവിലായിരുന്നു പ്രവര്‍ത്തനം. രാജ്യത്ത് ഭീകരാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി നിരവധി യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു.
ബെംഗളൂരുവില്‍ മെഹബൂബ് പാഷയ്ക്കും ഖാജാ മൊയ്ദീനും ഒപ്പമുണ്ടായിരുന്ന പതിനഞ്ചു പേരില്‍ ഉള്‍പ്പെട്ട അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരാണ് കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ചു കൊന്നത്. ഇവരെ ഉഡുപ്പിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെക്കൂടാതെ മുഹമ്മദ് ഹനീഷ്ഖാന്‍, ഇമ്രാന്ഖാന്, മൊഹമ്മദ് സെയ്ദ്, മൊയ്ദീന് ഖാജ, സെയ്ദ് അലി നിവാസ്, അബ്ദുള്‍ സമദ്, ആസാദ് പാഷ എന്നിവരും ഇതിനോടകം പിടിയിലായി. ഈ സംഘത്തില്‍ മൂന്നു പേര്‍ക്ക് ചാവേറാക്രമണ പരിശീലനം നല്‍കിയിരുന്നു. പതിനേഴ് അംഗ ഭീകരസംഘത്തിലെ പതിമൂന്നു പേരും പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: