കോട്ടയം: എസ്എഫ്ഐയുടെ ഗുണ്ടായിസത്തിനെതിരെ കോട്ടയം സിഎംഎസ് കോളേജില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചെറുത്തുനില്‍പ്പ്. പുറത്തുനിന്നുള്ള ഗുണ്ടകളെ കൂട്ടി വിദ്യാര്‍ത്ഥികളെ ആക്രമിക്കാനെത്തിയ എസ്എഫ്ഐ സംഘത്തെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കൈകോര്‍ത്തു തടഞ്ഞു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ രണ്ടായിരത്തഞ്ഞൂറോളം വരുന്ന കുട്ടികളാണ് എസ്എഫ്ഐക്കാരെ പ്രതിരോധിച്ചത്.
എസ്എഫ്ഐക്കാര്‍ ക്യാമ്പസില്‍ പ്രവേശിക്കാതിരിക്കാന്‍ പ്രധാന കവാടം വിദ്യാര്‍ത്ഥികള്‍ അടച്ചു. തുടര്‍ന്ന് കൈകോര്‍ത്ത് പിടിച്ച് എസ്എഫ്ഐക്കാരുടെ ആക്രമണ ഭീഷണിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റും വലയം തീര്‍ത്തു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
കഴിഞ്ഞ ദിവസം കോളേജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ യൂണിയന് ഭാരവാഹികളും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. വ്യാഴാഴ്ച സംഘടിച്ചെത്തിയ എസ്എഫ്ഐക്കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു, വീടുകയറി ആക്രമിച്ചു.
ഇന്നലെ രാവിലെ എസ്എഫ്ഐക്കാര്‍ പുറത്തുനിന്നുള്ള ഗുണ്ടകളെയും, നാട്ടകം ഗവ. കോളേജില്‍ നിന്നുള്ള പ്രവര്‍ത്തകരെയും കൂട്ടി എത്തി. എസ്എഫ്ഐക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനമേറ്റവരുടെ സഹപാഠികള്‍ കോളേജ് കവാടം ഉപരോധിച്ചു. ഗേറ്റ് ചാടിക്കടക്കാനുള്ള എസ്എഫ്ഐക്കാരുടെ നീക്കം വിദ്യാര്‍ഥികള്‍ പരാജയപ്പെടുത്തി. പ്രിന്‍സിപ്പാള്‍ ഡോ. റോയി സാം ഡാനിയേലും മറ്റ് അധ്യാപകരും അനധ്യാപകരും കൈകോര്‍ത്ത് വലയമുണ്ടാക്കി പ്രതിരോധം തീര്‍ത്തതോടെ എസ്എഫ്ഐക്കാര്‍ക്ക് ഒന്നും ചെയ്യാനായില്ല.
ക്യാമ്പസിനുള്ളില്‍ പോലീസിനെ വിന്യസിക്കുന്നതിനിടെ പുറത്തു നിന്നെത്തിയ ഒരു സംഘം, വിദ്യാര്‍ത്ഥികള്‍ക്കു നേരെ പാഞ്ഞടുത്തു. പോലീസ് ലാത്തിവീശി. പോലീസ് എസ്എഫ്ഐക്കാരെ സംരക്ഷിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. ഏറെ നേരത്തെ വാക്കേറ്റത്തിനു ശേഷം ഗേറ്റിന് പുറത്തുണ്ടായിരുന്ന ഏതാനും എസ്എഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടരയോടെ പോലീസ് സംരക്ഷണയിലാണ് ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: