ശ്ലോകം 46
ശ്രദ്ധാ ഭക്തി ധ്യാനയോഗാന്‍ മുമുക്ഷോഃ
മുക്തേര്‍ ഹേതൂന് വക്തി സാക്ഷാത് ശ്രുതേര്‍ഗീഃ
യേ വാ ഏതേഷ്വേവ തിഷ്ഠത്യമുഷ്യ
മോക്ഷോളവിദ്യാ കല്പിതാദ് ദേഹ ബന്ധാത്
ശ്രദ്ധ, ഭക്തി, ധ്യാനം, യോഗം എന്നിവ മുക്തിയ്ക്കുള്ള കാരണങ്ങളെന്ന് ശ്രുതിവാക്യങ്ങള്‍ പറയുന്നു. ഇവയില്‍ സ്ഥിരത നേടിയയാള്‍ അവിദ്യയെ തുടര്‍ന്നുണ്ടായ ദേഹബന്ധനങ്ങളില്‍ നിന്ന് മുക്തനാവും.
ധ്യാനം യോഗം എന്ന് വേറെയും ധ്യാനയോഗം എന്ന് ഒരുമിച്ചും പറയാം. വിചാരം ചെയ്യാനുള്ള കഴിവിനെ വേണ്ട പോലെ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രദ്ധയും ഭക്തിയും ധ്യാനവും യോഗവുമൊക്കെ സഹായിക്കും.
ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നത് ഭക്തി. അന്ത:കരണം പരമാത്മാവില്‍ ഉറപ്പിക്കുന്നതാണ് ധ്യാനം. ചിത്തവൃത്തികളെ നിരോധിച്ച് പരമാത്മാവിലേക്ക് ചേര്‍ക്കുന്നത് യോഗം.
ശ്രദ്ധയും ഭക്തിയും ഉണ്ടെങ്കിലേ ധ്യാനം നന്നാവുകയുള്ളൂ. ശ്രദ്ധയുള്ളയാള്‍ക്ക് മാത്രമേ ഭക്തനാകാനാവൂ. ഇവ രണ്ടും ചേര്‍ന്നാല്‍ ധ്യാനയോഗത്തിന് ശക്തമായ അടിത്തറയായി. അടിയുറച്ച വിശ്വാസമുള്ളയാള്‍ക്ക് ഭക്തിയിലൂടെ മുന്നേറാം. ആത്മതത്വത്തില്‍ തന്മയീഭവിക്കലാണ് ഭക്തിയുടെ ഉയര്‍ന്ന തലം. ധ്യാനത്തിലൂടെ നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ സാക്ഷാത്കരിക്കാനാവും. യോഗം എന്നതിനെ പ്രത്യേകം അര്‍ത്ഥം പറയുകയാണെങ്കില്‍ അത് അഷ്ടാംഗ യോഗം മുതല്‍ ഏറ്റവും ഉന്നതിയായ ജീവാത്മാ പരമാത്മാ ഐക്യം വരെയുണ്ട് എന്ന് കാണാം.
പരിമിതനായ ജീവനല്ല ഞാന്‍ എന്നും അപരിമേയമായ പരമാത്മാ സ്വരൂപം തന്നെയെന്നും അനുഭവമാകണം. മുമുക്ഷുവായുള്ളയാള്‍ ശ്രദ്ധാലും ഭക്തനും ധ്യാനിക്കുന്നവനും യോഗിയുമാകുന്നു. ഇവയെല്ലാം ഇവിടെ പറഞ്ഞു വച്ചത് സാക്ഷാല്‍ ശ്രുതി വാക്യത്തെ കടമെടുത്താണ്. ആരാണോ ശ്രദ്ധ, ധ്യാനയോഗങ്ങളില്‍ ഉറച്ചിരിക്കുന്നത് അവര്‍ക്ക് അറിവില്ലായ്മയെ തുടര്‍ന്നുണ്ടായ സകല ബന്ധനങ്ങളും ഇല്ലാതാകും.
നമ്മള് ഓരോരുത്തരും കുടുങ്ങിക്കിടക്കുന്ന വലിയ ബന്ധനമാണ് ശരീരത്തോടുള്ള ആസക്തി. കൊച്ചു കുട്ടി മുതല്‍ പ്രായമായ ആള് വരെ തന്റെ ശരീരത്തിലും മറ്റ് ചിലവയിലുമൊക്കെ കെട്ടിയിടപ്പട്ടിരിക്കുകയാണ്. ഞാന്‍ ഈ ശരീരമല്ല ആത്മാവാണ് എന്നതാണ് ശരിയായ ജ്ഞാനം.
ശരീരത്തിന് നിരവധി മാറ്റം വന്നപ്പോഴും എനിക്ക് മാറ്റമുണ്ടായില്ല എന്നത് വിചാരം ചെയ്യുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. അറിവില്ലായ്മ മൂലം അനാത്മ വസ്തുക്കളായ ശരീരം മുതലായവയില്‍ അഭിമാനിച്ച് അവയുമായി താദാത്മ്യം പ്രാപിക്കുന്നു.
ഇത് ബന്ധനത്തിന് കാരമാകുന്നു. ഇതിനെ നീക്കാനാണ് വിചാരം ചെയ്യേണ്ടത്. അതുകൊണ്ടാണ് ശരിയായി ചിന്തിക്കാനായി ശ്രദ്ധ ഭക്തി ധ്യാനയോഗങ്ങളെ പറഞ്ഞു വച്ചത്. കൈവല്യ ഉപനിഷത്തില്‍ ഗുരു ശിഷ്യനെ സമീപിക്കുന്ന ഭാഗത്ത് ‘ശ്രദ്ധാ ഭക്തി ധ്യാനയോഗാദവേഹി ‘
ശ്രദ്ധ, ഭക്തി, ധ്യാനയോഗങ്ങളാല്‍ എത്തണം എന്ന മന്ത്രത്തെയാണ് ഇവിടെ വിവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: