കൊച്ചി: ക്രെഡിറ്റ് കാര്‍ഡുകളുടേയും പേഴ്സണല്‍ വായ്പകളുടേയും രംഗത്ത് വളര്‍ച്ച കൈവരിക്കാനായതായി വ്യവസായ രംഗത്തെ സംബന്ധിച്ച 2019-ലെ മൂന്നാം ത്രൈമാസത്തേക്കുള്ള ട്രാന്‍സ് യൂണിയന് സിബില്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ പ്രവണതകള്‍ തുടരുന്നതായും വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങളുമായി ഉപഭോക്താക്കളും വായ്പാ ദാതാക്കളും പൊരുത്തപ്പെടുന്നതായുമാണ് റിപോര്‍ട്ട് നല്കുന്ന സൂചന. മൊത്തത്തിലുള്ള നിരക്കുകളില്‍ നാമമാത്ര വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം ത്രൈമാസത്തില്‍ മൊത്തത്തിലുളള വായ്പകളുടെ കാര്യത്തില്‍ 13.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കന്നത്. 2018-ല്‍ ഇത് 23.2 ശതമാനമായിരുന്നു. മൊത്തത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഇതു തുടര്‍ച്ചയായ ആറാം ത്രൈമാസത്തിലും ഇടിവാണു രേഖപ്പെടുത്തിയിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ 40.7 ശതമാനവും പേഴ്സണല്‍ വായ്പകളുടെ കാര്യത്തില്‍ 28 ശതമാനവും വര്‍ധനവു രേഖപ്പെടുത്തിയപ്പോള്‍ വസ്തുവിന്റെ ഈടിലുള്ള വായ്പകളില്‍ 11.6 ശതമാനവും ‘ഭവന വായ്പകളില്‍ 10 ശതമാനവും ഇടിവു രേഖപ്പടുത്തിയെന്നും മൂന്നാം ത്രൈമാസത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പേഴ്സണല്‍ വായ്പകളുടെ രംഗത്തു വളര്‍ച്ച കൈവരിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ചെറിയ തുകകള്‍ക്കുള്ള പേഴ്സണല്‍ വായ്പകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും തുടരുകയാണ്.
ഈ കാലയളവില്‍ പേഴ്സണല്‍ വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഗണ്യമായി വര്‍ധിച്ചു എന്നും ‘ഭവന വായ്പകള്‍ക്കായുള്ള അന്വേഷണങ്ങള്‍ മൊത്തത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു എന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന് സിബില്‍ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടിങ് വിഭാഗം വൈസ് പ്രസിഡന്റ് അഭയ് കേല്‍ഖര്‍ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ ചിന്താഗതിയും സൂക്ഷ്മ തലത്തിലുള്ള സമ്മര്‍ദ്ദവുമാകാം ഇത്തരം സാഹചര്യങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്‍ തുകകള്‍ക്കുള്ള വായ്പകള്‍ക്കുള്ള ആവശ്യം കുറയുമ്പോഴും ഉപഭോക്താക്കള്‍ ദൈനം ദിന ആവശ്യങ്ങള്‍ക്ക് വായ്പാ ഉപാധികളെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: