ഭാരതം സ്വതന്ത്രമായിട്ട് ഏഴ് ദശാബ്ദങ്ങള്‍ പിന്നിട്ടു. പതിറ്റാണ്ടുകള്‍ വൈദേശിക ഭരണത്തിന്റെ കീഴില്‍ നമുക്ക് കഴിയേണ്ടിവന്നു. ഹൂണന്മാരും കില്‍ജികളും മുഗളന്മാരും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും നമ്മെ അടക്കി ഭരിച്ചു. കച്ചവടത്തിനായി വന്നവര്‍ക്ക് ഈ നാടിന്റെ സമ്പല്‍സമൃദ്ധി കണ്ട് കണ്ണ് മഞ്ഞളിച്ചു. നമ്മുടെ രാജാക്കന്മാെരയും നാട്ടുകാരെയും പല തട്ടുകളിലായി വിഭജിച്ച് വിദേശികള്‍ നമ്മെ ഭരിച്ചു. വൈദേശികാധിപത്യത്തിന്റെ ഒന്നാം നാള് തൊട്ട്തന്നെ ചെറുത്തുനില്‍പ്പിന്റെ ചരിത്രവും ആരംഭിക്കും. എന്നാല്‍ ഈ സ്വാതന്ത്ര്യസമരത്തിന് ഒരു സംഘടിത രൂപമുണ്ടായത് 1857 ലെ ആദ്യ സ്വാതന്ത്ര്യസമരത്തിലൂടെയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ അനവധി ചെറുതും വലുതുമായ സംഘടനകള്‍ ഭൂ സമരത്തില്‍ പങ്കാളികളായി. ആ സമരങ്ങളുടെ ഫലമായാണ് 1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായത്.
ഈ സമരത്തിന്റെ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു എന്ന വിചിത്രവാദവുമായാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും രംഗത്തുവന്നിരിക്കുന്നത്. ഈ അവകാശവാദങ്ങള്‍ക്ക് സത്യവുമായി പുലബന്ധം പോലുമില്ല. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപമെടുക്കുന്നത് 1925-ല്‍ താഷ്കണ്ഡില്‍വച്ചാണ്. അതിന് കുറച്ചു കാലം മുന്‍പ്തന്നെ ഭാരതത്തില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഒളിഞ്ഞും മറഞ്ഞുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. പില് ക്കാലത്ത് അവിഭക്ത കമ്യൂണിസ് റ്റ് പാര്‍ട്ടിയുടെ േനതാവായ ശ്രീപത് അമൃത് എസ്. ഡാങ്കെ എന്ന എസ്.എ. ഡ ാങ്കെ ആ പ്രവര്‍ത്തനങ്ങ ള്‍ക്ക് ചുക്കാന്‍ പിടിച്ചു. റഷ്യ യില്‍ രൂപംകൊണ്ട ബോള്‍ഷേവിക്ക് വിപ്ലവം ഭാരതത്തില്‍ നടപ്പിലാക്കുക എന്നതായിരുന്നു ഡാങ്കെ, നളിനിദാസ് ഗുപ്ത എന്നിവര്‍ക്ക് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്കിയ നിര്‍ദ്ദേശം. ഡാങ്കെ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണ്‍പൂര്‍ ബോള്‍ഷെവിക് ഗൂഢാലോചനക്കേസില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തടങ്കലിലാക്കി. തുടര്‍ന്ന് ഈ ‘വിപ്ലവകാരികള്‍’ ബ്രിട്ടീഷ് ജില്ലാ ഭരണകൂടത്തിനും ഗവര്‍ണര്‍ ജനറലിനും മാപ്പ് എഴുതി നല്കി. ‘ഇനി ഇത്തരത്തിലുള്ള ഒരു കുറ്റകൃത്യങ്ങളും ചെയ്യുകയില്ല. ഞങ്ങളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം. ഞങ്ങള്‍ അനുഭവിക്കുന്ന വേദന ഇനിയും സഹിക്കാന്‍ വയ്യ.” ഇതായിരുന്നു ഭാരതത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കള്‍ നല്കിയ അപേക്ഷയിലെ പ്രധാന ഉള്ളടക്കം. 1924-ല്‍ നല്കിയ ഈ കത്തുകള്‍ ഇപ്പോള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
മാപ്പപേക്ഷയുടെയും കീഴടങ്ങലുകളുടെയും ചരിത്രം പേറുന്നവരാണ് ഇപ്പോള്‍ വീരസവര്‍ക്കര്‍ മാപ്പ് എഴുതിയെന്ന് ആരോപിക്കുന്നത് എന്നതാണ് വിരോധാഭാസം. ചരിത്രം പരിശോധിച്ചാല്‍ ദേശീയമായ ഒന്നിനുവേണ്ടിയും മാര്‍ക്സിസ്റ്റുകള്‍ നിലകൊണ്ടിട്ടില്ല. എന്നു മാത്രമല്ല, തരം കിട്ടുമ്പോഴെല്ലാം ബാഹ്യപ്രേരണ മൂലം ഭാരത സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് മാര്‍ക്സിസ്റ്റുകള്‍ക്ക് ഉള്ളതെന്ന് കാണാന്‍ കഴിയും.
1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എതിരായിരുന്നു. ഇതിനുള്ള കാരണം തിരയുമ്പോഴാണ് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തനം എത്രമാത്രം ദേശീയവിരുദ്ധമായിരുന്നു എന്ന് മനസിലാകുന്നത്.
1941-ല്‍ ഹിറ്റ്ലര്‍ തന്റെ ആദ്യകാല സുഹൃത്തായിരുന്ന സോവിയറ്റ് യൂണിയനെ ആക്രമിച്ചു. തുടര്‍ന്ന് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അറിവോടുകൂടി ഇന്ത്യയില്‍ എത്തുകയും, റഷ്യയുടെ സുഹൃത്തായ ബ്രിട്ടീഷ് ഭരണത്തിന് സ്വീകാര്യത നല്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. 1943-ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി.സി. ജോഷി ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള സമരങ്ങള്‍ അട്ടിമറിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഹോം ഓഫീസര്‍ ആയിരുന്ന മാക്സ്വെലിന് എഴുതിയ കത്ത് ഇപ്പോഴും പ്രചാരത്തിലുണ്ട്. അതില്‍നിന്നും കമ്യൂണിസ്റ്റുകളുടെ ദേശസ്നേഹത്തിന്റെ ആഴവും പരപ്പും നമ്മള്‍ക്ക് മനസ്സിലാക്കാവുന്നതാണ്.
സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ദേശവിരുദ്ധ നിലപാട് തുടര്‍ന്നു. 1948-ല്‍ അന്നത്തെ നേതാവായിരുന്ന ബി.ടി. രണദിവെ, സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് പറഞ്ഞത് ‘യേ ആസാദി ഝ്യൂട്ട് ഹേ.’ ഈ സ്വാതന്ത്ര്യം കപടമാണെന്നാണ്. ഇന്ത്യ സായുധ വിപ്ലവത്തിന് പാകമാണ് എന്നാണ് രണദിവെ വാദിച്ചത്. റഷ്യന്‍ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ഈ നിലപാട്. ഇന്ത്യയുടെ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്ക് ചേര്‍ന്നുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്ന് പറഞ്ഞ പി.സി. ജോഷിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലും റഷ്യയുടെയും ചൈനയുടെയും താല്പര്യങ്ങള്ക്ക് അനുസരിച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ നിലകൊണ്ടത്. 1962-ലെ ഇന്ത്യാ-ചൈന യുദ്ധസമയത്ത് മാര്‍ക്സിസ്റ്റുകളുടെ ദേശീയവിരുദ്ധത വീണ്ടും തലപൊക്കി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് ചീനയ്ക്ക് അനുകൂലമായ നിലപാട് എടുത്തു. മാത്രവുമല്ല അവര്‍ ഭാരതത്തെ അക്രമകാരികളായി ചിത്രീകരിച്ചു. ‘ഇന്ത്യ ഇന്ത്യയുടെ എന്നും ചൈന അവരുടെ എന്നും പറയുന്ന ഭാഗ’ത്തെപ്പറ്റിയാണ് തര്‍ക്കമെന്നും മുതിര്‍ന്ന നേതാവായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പരാമര്‍ശം അതിന്റെ തെളിവാണ്. 62-ലെ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് രക്തദാനം നടത്തിയതിന്റെ പേരിലാണ്, പിന്നീട് കേരള മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി അച്ചടക്ക നടപടി ആദ്യമായി നേരിട്ടത്.
2007-ലെ ഇന്തോ-യുഎസ് ആണവ കരാറിനെ എതിര്‍ക്കുവാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതും ചീനയോടുള്ള ഭക്തിയാണ്. അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ്രപകാശ് കാരാട്ട്, പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനം ഇത് വെളിവാക്കുന്നു. കരാറുമായി മുന്നോട്ടുപോയാല്‍ ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കുമെന്നാണ് തന്റെ ആശങ്കയായി അദ്ദേഹം പങ്കുവയ്ക്കുന്നത്.
ഭാരതത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്ക് മുന്നിലുള്ള കീഴടങ്ങലിന്റെയും ദേശവിരോധത്തിന്റേയും ചരിത്രമാണ്. ഇത് മറച്ചുവച്ചുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര രാഷ്ട്രനിര്മിതിയിലും കമ്യൂണിസ്റ്റുകാര്‍ക്ക് പങ്കുണ്ടെന്ന വാദവുമായി അവര്‍ വരുന്നത്. എന്നാല്‍ ഈ വാദം പച്ചക്കള്ളമാണെന്നാണ് ചരിത്രത്തിലെ ഓരോ ഏടും സാക്ഷ്യപ്പെടുത്തുന്നത്. ഭാരതത്തിന്റെയല്ല, റഷ്യയുടെയും ചൈനയുടെയും താല്പര്യങ്ങളാണ് അവരെ നയിച്ചത്. സൂര്യനെ പാത്രംകൊണ്ട് മൂടുവാന്‍ സാധ്യമല്ലാത്തുപോലെ തന്നെ ഈ സത്യങ്ങളും പുറത്തുവരികതന്നെ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: