ന്യൂദല്‍ഹി: ദേശീയ സുരക്ഷ, സിഡിഎസ്, പാക് അധീന കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ നയം വ്യക്തമാക്കി കരസേന മേധാവി മനോജ് മുകുന്ദ് നാരാവ്നെ. പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് കരസേനാ മേധാവി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ ഭാഗമാണെന്ന പാർലമെന്റ് പ്രമേയമുണ്ട്. പാർലമെന്റിന് അതാണ് വേണ്ടതെങ്കില്‍ പാക് അധീന കശ്മീരും നമ്മുടേതായിരിക്കണം. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ കരസേന മേധാവി ഇക്കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയത്.
ആവശ്യമാണെങ്കില്‍ പാക് അധീന കശ്മീരില്‍ വലിയ തോതിലുള്ള നപടികള്‍ സ്വീകരിക്കാന്‍ സൈന്യം തയ്യാറാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ എല്ലായിടത്തും ഞങ്ങള്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന് വിവിധ തരത്തിലുള്ള പ്ലാനുകളുണ്ട്. ആവശ്യമെങ്കില്‍ ആ പ്ലാനുകള്‍ പുറത്തെടുക്കും, വിജയിക്കുകയും ചെയ്യുമെന്നും കരസേനാ മേധാവി പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ, പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കണമെന്ന് ഭരണമുന്നണിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. പിഒകെ ഇന്ത്യയുടെ ഭാഗമാണെന്നും ഒരുദിവസം അത് ഇന്ത്യയുടെ അധികാര പരിധിയില്‍ വരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. സിഡിഎസ് പദവി സൃഷ്ടിച്ചത് മൂന്ന് സേനകളുടെയും സംയോജനത്തിനുള്ള വളരെ വലിയ നടപടിയാണെന്നും കരസേനാ മേധാവി എം.എം നാരാവ്നെ വിശേഷിപ്പിച്ചു. കരസേന ഇതിന്റെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഭരണഘടനയിലെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മളെ നയിക്കണം,” അദ്ദേഹം പറഞ്ഞു. ഭാവിയിലെ സങ്കീർണ്ണമായ യുദ്ധങ്ങൾക്ക് സൈന്യത്തെ സജ്ജമാക്കുന്നതിലാണ് പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പത്രസമ്മേളനത്തിൽ ജനറൽ നാരാവ്നെ പറഞ്ഞു. വടക്കൻ അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ തങ്ങൾ തയ്യാറാണെന്നും ചൈനയെക്കുറിച്ച് ചോദിച്ചപ്പോൾ കരസേനാ മേധാവി പറഞ്ഞു. അതിനൂതന ആയുധ സംവിധാനങ്ങൾ ഉൾപ്പെടെ വടക്കൻ അതിർത്തിയിലേക്ക് എത്തിച്ച് തയ്യാറെടുപ്പുകള്‍ സമതുലിതമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: