കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ പേഴ്സണല്‍ അസിസ്റ്റന്റിനെ മുസ്ലിം ലീഗ് പുറത്താക്കി. ലത്തീഫ് രാമനാട്ടുകരയ്ക്ക് എതിരെയാണ് നടപടി. ലത്തീഫിനെ സ്ഥാനത്ത് നിന്ന് നീക്കിയാണ് പാര്‍ട്ടി തീരുമാനം. പത്ത് വര്‍ഷത്തോളമായി ലത്തീഫ് ഇടിയുടെ പേഴ്സണല്‍ അസിസ്റ്റന്റാണ്.
ലീഗിന്റെ നടപടിക്കെതിരെ ലത്തീഫ് എഫ്ബിയില്‍ പോസ്റ്റ് ഇടുകയും ഇതില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കെതിരെ ആഹ്നം ചെയ്ത സമരം പി.കെ. കുഞ്ഞാലിക്കുട്ടി മാറ്റിവെച്ചെന്ന് ആരോപിച്ച് ലത്തീഫ് സമൂഹ മാധ്യമം വഴി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ലത്തീഫിനെതിരെ നടപടി സ്വീകരിച്ചത്.
യുഎപിഎ ബില്‍ വോട്ടെടുപ്പ് സമയത്ത് പാര്‍ലമെന്റില്‍ എത്താതിരുന്നതിന് പി.വി. അബ്ദുല്‍ വഹാബിനെ വിമര്‍ശിച്ച് ലത്തീഫ് ഫേസ്ബുക്ക് പോസ്റ്റിട്ടത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അന്ന് പാര്‍ട്ടി യോഗത്തില്‍ ലത്തീഫിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ ഇ.ടി മുഹമ്മദ് ബഷീറാണ് പ്രതിരോധിച്ചത്.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ പെരെടുത്ത് പറഞ്ഞുകൊണ്ടാണ് ലത്തീഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. സമരം മാറ്റിയ വിവരം അറിഞ്ഞത് വാര്‍ത്തയില്‍ നിന്നാണെന്ന് പറയുമ്പോള്‍ ഫിറോസ് അനുഭവിച്ച ആത്മനിന്ദ എത്രത്തോളമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ ഊഹിച്ചിട്ടുണ്ടോ. ഒന്ന് ഫോണില്‍ വിളിച്ച് ഞങ്ങള്‍ പുതിയൊരു തീരുമാനമെടുത്തിട്ടുണ്ട്, എന്ന് പറയാന്‍ മാത്രം വില, കുഞ്ഞാലിക്കുട്ടിയുടെ കാര്‍ ഡ്രൈവര്‍ക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും ഫിറോസ് അര്‍ഹിക്കുന്നില്ലേ കൂട്ടരേ…’- എന്നാണ് ലത്തീഫിന്റെ പോസ്റ്റ്.
പണ്ട് സേട്ടുവിനോട് കാണിച്ചപോലെ ഞങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയം നിങ്ങള്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ വരക്കപ്പുറം കടക്കരുതെന്ന ആജ്ഞ നല്കി മുനവറലി തങ്ങളെയും ഫിറോസിനെയും അപമാനിക്കേണ്ടിയിരുന്നില്ല. അധികാര രാഷ്ട്രീയത്തിന്റെ ലാഭക്കണക്കുകളെക്കാള്‍ പരിഗണിക്കപ്പെടേണ്ടതാണ് മനുഷ്യരുടെ വികാര വിചാരങ്ങളും അന്തസ്സും എന്ന വസ്തുത ലീഗ് നേതാക്കളോട് ആരെങ്കിലും പറഞ്ഞ് കൊടുക്കണം, അവര്‍ പോലും പ്രതീക്ഷിക്കുന്നതിനപ്പുറം പ്രതീക്ഷകളുമായാണ് നിസ്സഹായരായ ഒരു ജനത ആ പാര്‍ട്ടിയെ നോക്കിക്കാണുന്നതെന്ന് അവരെ അറിയിക്കണമെന്നും ലത്തീഫ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: