കൊച്ചി: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ സിഐടിയു ഗൂണ്ടകളുടെ കല്ലേറ്. ഇന്ന് രാവിലെ കൊച്ചിയില്‍ ഐജി ഓഫീസിന് മുന്നില്‍ വെച്ചാണ് കല്ലേറുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
43 ശാഖകളില്‍ നിന്ന് യൂണിയന് സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ജീവനക്കാര്‍ സമരം നടത്തി വരികയാണ്. ഇതിനു മുമ്പ് നടന്ന സമരത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നുമാണ് സിഐടിയു ആരോപിക്കുന്നത്. പണത്തിന്റെ ഹുങ്കില്‍ മാനേജ്മെന്റിന് എന്തുമാകാമെന്ന നിലപാടാണെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
മാനേജ്മെന്റുമായുണ്ടാക്കിയ സേവന വേതന കരാര്‍ നടപ്പിലാക്കാതെ വന്നതോടെ ആഗസ്റ്റ് 20 ന് സിഐടിയു ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമരം ആരംഭിച്ചത്. തൊഴിലാളികളുടെ ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സിഐടിയു സമരം അവസാനിപ്പിച്ചത്. ശമ്പളപരിഷ്കരണം, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെന്ഷന് പിന്‍വലിക്കുക, താത്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.
എന്നാല്‍ സാമ്പത്തികമായി നഷ്ടത്തിലായ 43 ബ്രാഞ്ചുകള്ഡ പൂട്ടിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ജോലി നഷ്ടമായതെന്ന് മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചു. തുടര്‍ച്ചയായ സമരങ്ങള്‍ മൂലം കേരളത്തിലെ ബിസിനസ്സില്‍ ഇടിവുണ്ടായിട്ടുണ്ട്.
കൂടാതെ ജീവനക്കാരോടുള്ള പ്രതികാര നടപടിയായല്ല മുത്തൂറ്റിന്റെ ശാഖകള്‍ പൂട്ടിയത്. റിസര്‍വ്വ് ബാങ്കിന്റെ അടക്കം അനുമതി വാങ്ങിയശേഷമാണ് പൂട്ടാന്‍ തീരുമാനിച്ചതെന്നും എംഡി ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: