മക്കളേ,
നമ്മുടെ സമൂഹം ഇന്നു കാലത്തിനൊപ്പമുള്ള ഒരു ഓട്ടപ്പന്തയത്തിലാണ്. അതനുസരിച്ച് ജനങ്ങളുടെ സംസ്കാരത്തിലും ചിന്താരീതിയിലുമെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആ മാറ്റത്തിനിടയില്‍ വിലപ്പെട്ട ചില മൂല്യങ്ങളും നന്മകളും നമുക്കു നഷ്ടപ്പെടുന്നതു കാണുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. അങ്ങനെ നമുക്കു നഷ്ടംവന്നുകൊണ്ടിരിക്കുന്ന നന്മകളിലൊന്നാണ് നമ്മുടെ ഗ്രാമീണ ജീവിതത്തില്‍ ഉണ്ടായിരുന്ന പങ്കുവെയ്ക്കലിന്റെ സംസ്ക്കാരം.
പണ്ട്, ഗ്രാമത്തില്‍ അടുത്തടുത്ത് നാലു വീടുകളുണ്ടെങ്കില്‍ ഒരു വീട്ടില്‍ എന്തെങ്കിലും രുചിയുള്ള ആഹാരം ഉണ്ടാക്കിയാല്‍ അതു മറ്റുള്ള മൂന്നു വീടുകളിലും കൊണ്ടുപോയിക്കൊടുക്കും. അതുപോലെ കുറച്ചുനാള്‍ കഴിഞ്ഞ് മറ്റൊരു വീട്ടില്‍ രുചിയുള്ള ഭക്ഷണമെന്തെങ്കിലും ഉണ്ടാക്കിയാല്‍ അതും മറ്റു മൂന്നുവീട്ടുകാര്‍ക്കും പങ്കുവെയ്ക്കും. അങ്ങനെ ഓരോ വീട്ടുകാരും ചെയ്യും. കുട്ടികളും അവരവരുടെ കൂട്ടുകാരുമായി എല്ലാം പങ്കുവെയ്ക്കും. അവര്‍ ആഹാരവസ്തുക്കള്‍ പങ്കുവെച്ചു, ആശയങ്ങള്‍ പങ്കുവെച്ചു, സുഖദുഃഖങ്ങള്‍ പങ്കുവെച്ചു, ഹൃദയങ്ങള്‍ പങ്കുവെച്ചു.
ഇതു പറയുമ്പോള്‍ കുട്ടിക്കാലത്തു അമ്മ പഠിച്ച സ്കൂളിലെ ഒരു കാര്യം ഓര്‍മ്മ വരികയാണ്. അന്ന്, ഒരു ക്ലാസ്സില്‍ അമ്പതോളം കുട്ടികളുണ്ടാകും. അന്നന്നു മീന്‍ പിടിച്ചു കിട്ടുന്നതുകൊണ്ട് ജീവിക്കുന്ന വീടുകളില്‍നിന്നുള്ളവരാണ് മിക്കവരും. ചില വീടുകളില്‍ ചിലപ്പോള്‍ പട്ടിണിയായിരിക്കും. അമ്പതുകുട്ടികളുള്ള ക്ലാസ്സില്‍ മിക്കപ്പോഴും പത്തുപതിനഞ്ചുപേരെങ്കിലും ഉച്ചപ്പട്ടിണിയായിരിക്കും. കുറെ കുട്ടികള്‍ ഉച്ചഭക്ഷണം പൊതിഞ്ഞുകൊണ്ടുവരും. സ്ക്കൂളിനടത്തു താമസിക്കുന്നവര്‍ ഉച്ചയ്ക്ക് വീട്ടില്‍പോയി കഴിക്കും. ഭക്ഷണം പൊതിഞ്ഞുകൊണ്ടുവരുന്ന കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം കൊണ്ടുവരാത്ത കുട്ടികള്‍ ഒന്നും കഴിക്കാതെ സ്ക്കൂള് വരാന്തയിലോ മറ്റെവിടെയെങ്കിലുമോ മാറിയിരിക്കും. ഇതുകണ്ട് ഒരു പെണ്‍കുട്ടിയ്ക്ക് വിഷമം തോന്നി. അവള് തന്റെ ഭക്ഷണപ്പൊതിയില്‍നിന്ന് പകുതി എടുത്ത്, ഭക്ഷണം കൊണ്ടുവരാത്ത അവളുടെ കൂട്ടുകാരിയുമായി പങ്കുവെച്ചു. ഇത് മറ്റുള്ള കുട്ടികള്‍ ശ്രദ്ധിച്ചു. അവരും ആ പെണ്‍കുട്ടിയുടെ മാതൃക സ്വീകരിച്ചു. എല്ലാവരും അവരവരുടെ ഭക്ഷണപ്പൊതി, പട്ടിണിയിരിക്കുന്ന മറ്റുകുട്ടികളുമായി പങ്കുവെച്ചു. അങ്ങനെ ആ ക്ലാസ്സില്‍ അന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. ഇതു കണ്ട് വീട്ടില്‍പോയി ഭക്ഷണം കഴിക്കുന്ന കുട്ടികളും അവരുടെ കൂട്ടുകാര്‍ക്കുവേണ്ടി എന്തെങ്കിലും ഭക്ഷണം കൊണ്ടുവരാന്‍ തുടങ്ങി. ക്രമേണ മറ്റു ക്ലാസ്സുകളിലെ കുട്ടികളും ഈ കുട്ടികളുടെ മാര്‍ഗ്ഗം പിന്തുടര്ന്നു. അങ്ങനെ ആ സ്ക്കൂളില്‍ ഒരു കുട്ടിപോലും പട്ടിണി ഇരിക്കാതായി. ഭക്ഷണം ഒറ്റയ്ക്കു കഴിക്കുന്നതിനേക്കാള്‍ മറ്റൊരാളുമായി പങ്കുവെച്ചപ്പോള്‍ കുട്ടികള്‍ക്ക് ഒന്നുകൂടി സന്തോഷം തോന്നി. എന്തും പങ്കുവെയ്ക്കുന്നതിലാണ് സംതൃപ്തിയെന്ന് അവര്‍ തിരിച്ചറിഞ്ഞു.
ഈ കഥയിലെ പെണ്‍കുട്ടിയുടെ കാരുണ്യംനിറഞ്ഞ പ്രവൃത്തിക്ക് തന്റെ സഹപാഠികളുടെ മനസ്സുകളില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. അതുപോലെ നമ്മളോരോരുത്തരും നമ്മുടെയുള്ളില്‍ മറ്റുള്ളവര്‍ക്കായി അല്പമൊരിടം മാറ്റിവെയ്ക്കാന്‍ തയ്യാറാകണം. കാരുണ്യമുള്ള മനസ്സാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. ഒരല്പം സ്നേഹം, ഒരല്പം കാരുണ്യം, അതുണ്ടായാല്‍ തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് വലുതായ ആശ്വാസം പകരാന്‍ നമുക്കു സാധിക്കും.
മറ്റുള്ളവരുടെ വേദനയും ദുഃഖവും അറിയാനുള്ള കഴിവ് ഈശ്വരന് മനുഷ്യനു നല്‍കിയിട്ടുണ്ട്. എന്നിട്ടും മറ്റുള്ളവരുടെ ദുഃഖം പങ്കിടാനും അവര്‍ക്ക് ഒരു താങ്ങാകാനും നമ്മള് തയ്യാറായില്ലെങ്കില്‍ നമ്മള് മനുഷ്യരാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.
പ്രകൃതിയില്‍ എവിടെയും നമ്മള് കാണുന്നത് പങ്കുവെയ്ക്കലിന്റെയും പരസ്പരസഹായത്തിന്റെയും മാതൃകകളാണ്. സസ്യജാലങ്ങള്‍ പൂക്കളും പഴങ്ങളും കായ്കനികളുമൊക്കെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമായി കാഴ്ച്ചവെയ്ക്കുന്നു. പക്ഷിമൃഗാദികള്‍ സസ്യങ്ങളുടെ പരാഗണത്തിനും വംശവര്‍ദ്ധനവിനും സഹായിക്കുന്നു. വൃക്ഷങ്ങള്‍ മൃഗങ്ങള്‍ക്കു തണലേകുന്നു, പക്ഷികള്‍ക്കു ചേക്കേറാന്‍ ഇടം നല്കുന്നു. പക്ഷിമൃഗാദികള്‍ വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും ജൈവവളം ഒരുക്കുന്നു. സസ്യങ്ങള്‍ തളിരുകളും പൂക്കളുംകൊണ്ടു പ്രകൃതിയെ മനോഹരമാക്കുന്നു. പ്രകൃതി പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ആവശ്യമായ വെള്ളവും വെളിച്ചവും വായുവും പ്രദാനംചെയ്യുന്നു. ഇങ്ങനെ പ്രകൃതിയില്‍ എവിടെയും നമ്മള് കാണുന്നത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സുന്ദരചിത്രങ്ങളാണ്. പ്രകൃതി നമുക്കായി നല്കുന്ന ഈ ഒരുമയുടെയും പങ്കുവെയ്ക്കലിന്റെയും സന്ദേശം നമ്മള് കാണാതെയും ഗൗനിക്കാതെയും പോകരുത്.
നമ്മളോരോരുത്തരും നമ്മളെപ്പറ്റി മാത്രമെ എപ്പോഴും ചിന്തിക്കുന്നുള്ളു. എന്തൊക്കെയോ ആയിത്തീരാനും, എന്തൊക്കെയോ നേടിയെടുക്കാനുമുള്ള പരക്കംപാച്ചിലിനിടയില്‍ ചുറ്റുമുള്ള ലോകത്തെയോ അതിലുള്ള മനുഷ്യരുടെ പ്രയാസങ്ങളെയോ നമ്മള് ശ്രദ്ധിക്കുന്നതേയില്ല. ചുറ്റുപാടും ഒന്ന് ഉറ്റുനോക്കാനും, മറ്റുള്ളവരുടെ വേദന അല്പം പങ്കിടാനുമുള്ള ഹൃദയവിശാലത നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടെങ്കില്‍ ഈ ഭൂമിയെത്തന്നെ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ സാധിക്കും. ജീവിതത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് മറ്റുള്ളവരെ മറന്നുപോകാതിരിക്കാനും, ദുഃഖവും ദുരിതവും അനുഭവിക്കുന്നവരുമായി സുഖദുഃഖങ്ങള്‍ പങ്കിടാനും നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: