തിരുവനന്തപുരം:’ഗൗരി….അവരെ ഒരുപാട് തവണ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്.. പക്ഷെആദ്യമായി അവളുടെ കൈപിടിച്ചത് ഈ ക്യാമ്പസില്‍ വച്ചാണ്.’ ഗൗരി എന്ന തന്റെ കഥയെക്കുറിച്ച് ടി.പദ്മനാഭന്‍ വിവരിച്ചു.’ഒരുപക്ഷെ അവര്‍ കേള്‍ക്കുന്നുണ്ടാകും…അവര്‍ ഇന്ത്യയിലില്ല. തമ്മില്‍ കാണാതെ മുപ്പത് കൊല്ലത്തോളമായി. എങ്കിലും മിക്കദിവസവും ഇപ്പോഴും വിളിക്കാറുണ്ട്. കാര്യവട്ടത്ത് വരുമ്പോള്‍ അതുകൂടി പറഞ്ഞിട്ടില്ലെങ്കില്‍ അവരോട് ചെയ്യുന്ന അപരാധമാണ്’… കേരള സര്‍വകലാശാലയുടെ ഒഎന്‍വി പുരസ്‌കാരം കാര്യവട്ടം കാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ കഥാകാരന്‍, പദ്മനാഭന്റെ ഓരോ വാക്കും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.
ഗൗരിയുടെ പ്രമേയം യഥാര്‍ത്ഥമാണ്. ഗൗരിയിലെ വാചകങ്ങള്‍, അവരുടെ കത്തില്‍ നിന്ന് അങ്ങനെ തന്നെ പകര്‍ത്തിയതാണ്, തന്റെ കടപ്പാടുകള്‍ വിവരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. അമ്പത് വര്‍ഷം മുമ്പ് തന്റെ പുസ്തകമായ ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ കാരൂര്‍ നീലകണ്ഠ പിള്ളയുടെ കാരൂര്‍ കഥകളോടൊപ്പം കേരള സര്‍വകലാശാല എംഎയുടെ പാഠപുസ്തകമായി തെരഞ്ഞെടുത്തു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ കഥകളാണ് അതില്‍ അധികവും. അതിനുംപുരസ്‌കാരത്തിനും സര്‍വകലാശാലയോട് കടപ്പാടുണ്ട്.
അസുഖബാധിതനായി തലസ്ഥാനത്ത ആശുപത്രിയില്‍ 30 ദിവസം കിടന്നപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുടങ്ങാതെ കാണാനെത്തിയ ഒഎന്‍വിയോടുള്ള കടപ്പാടിനെക്കുറിച്ചും അദ്ദഹം വിവരിച്ചു. രണ്ട് കൊല്ലം മുമ്പെഴുതിയ പ്രണയ കഥ ‘മരിയ’ വായിച്ചശേഷം കത്തെഴുതി അഭിനന്ദിച്ചതിന് ഒഎന്‍വിയുടെ ഭാര്യ സരോജിനിയോടുള്ള നന്ദിയും വേദിയില്‍ നേരിട്ട് അറിയിച്ചു.
കോളേജിലെ ഒഎന്‍വി സ്മാരക മന്ദിരത്തില്‍ സ്ഥാപിച്ച കവിയുടെ അര്‍ദ്ധകായ ശില്‍പ്പവും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ള അധ്യക്ഷനായി. ഒഎന്‍വി കുറുപ്പിന്റെ ഭാര്യ പി.പി. സരോജിനി, പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. പി.പി. അജയകുമാര്‍, മലയാള വിഭാഗം അധ്യക്ഷ ഡോ.എസ്. ഷിഫ, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.സി. ആര്‍. പ്രസാദ്,സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: