മക്കളേ,
ജീവിതത്തില്‍ പരാജയം നേരിടുമ്പോള്‍ സാഹചര്യങ്ങളെ പഴി പറയുക മനുഷ്യസ്വഭാവമാണ്. ‘എന്റെ പരാജയത്തിനും ദുഃഖത്തിനും കഷ്ടപ്പാടുകള്‍ക്കും കാരണം സാഹചര്യമാണ് അല്ലെങ്കില്‍ മറ്റുള്ളവരാണ്’, എന്നു പലരും പറയാറുണ്ട്. നമ്മുടെ പ്രശ്നങ്ങള്‍ക്കു പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് അറിയാത്തതാണ് ഇതിനു കാരണം. ആലോചിച്ചുനോക്കിയാല്‍ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം നമ്മുടെയുള്ളില്‍ത്തന്നെയാണെന്നു മനസ്സിലാക്കാം. ഉള്ളിലേയ്ക്കു നോക്കാനും നമ്മുടെ ദുര്‍ബ്ബലതകളെ തിരിച്ചറിയാനും നമ്മള് തയ്യാറായാല്‍ ഏതു സാഹചര്യത്തെയും അതിജീവിക്കുവാന്‍ നമുക്കു സാധിക്കും.
നമ്മള് വഴിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയരികിലുള്ള വീടിന്റെ മുകളില്‍ നിന്നും വലിച്ചെറിഞ്ഞ മാലിന്യം നമ്മുടെ മേല്‍ വീണു എന്നു കരുതുക. ദേഹത്തും വസ്ത്രത്തിലും അഴുക്കുപറ്റിയതില്‍ അസ്വസ്ഥനാകാം. അശ്രദ്ധമായി മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയോട് നമുക്കു ദേഷ്യം തോന്നാം. ചിലപ്പോള്‍ നമ്മള് ഏതെങ്കിലും തരത്തില്‍ അയാളോട് പ്രതികരിക്കുകയും ചെയ്തെന്നുവരാം. എന്നാല്‍, അതൊക്കെ സാധാരണമല്ലേ, കഴുകിക്കളയാമല്ലോ എന്നോര്‍ത്ത് ശാന്തനായിരിക്കാം. അയാള്‍ മനഃപൂര്‍വം ചെയ്തതല്ലല്ലോ എന്നോര്‍ത്ത് ക്ഷമിക്കുകയും ആവാം. അപ്പോള്‍ പ്രശ്നം അതോടെ അവസാനിച്ചു. മറിച്ചാണെങ്കില്‍ ചിലപ്പോള്‍ പരസ്പരം വഴക്കാവും. മനസ്സ് കൂടുതല്‍ അസ്വസ്ഥമാകും. പ്രത്യാഘാതങ്ങളും നീണ്ടുനില്‍ക്കും.
എന്നാല്‍ മറ്റു ചില സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും അവയെ ശാന്തമായി സ്വീകരിക്കാന്‍ മാത്രമേ നമുക്കു കഴിയൂ. ഉദാഹരണത്തിന്, നമ്മള് മാന്തോപ്പില്‍ ഉലാത്തുന്നതിനിടയില്‍ പെട്ടെന്ന് ഒരു ചീഞ്ഞ മാങ്ങ തലയില്‍ വന്നുവീണ്, മാങ്ങയുടെ അഴുകിയ ചാറ് നെറ്റിയിലും കവിളുകളിലും പരന്നൊഴുകി എന്നു കരുതുക. ദേഷ്യം സഹിക്കാനാകാതെ നമ്മള് മാങ്ങയെയും മാവിനെയും പ്രാകുന്നു. എന്നിട്ടും മതിയാകാതെ ഭൂമിയുടെ ആകര്‍ഷണശക്തിയെയും ശപിക്കുകയാണെങ്കില്‍ നമ്മള് സ്വയം ഒരു പമ്പരവിഡ്ഢിയായി മാറും. കാരണം, മാന്തോപ്പില്‍ ഉലാത്തിക്കൊണ്ടിരുന്നയാളുടെ തലയില്‍ ചീഞ്ഞളിഞ്ഞ മാങ്ങ വീണതിന് മാങ്ങയെയോ, മാവിനെയോ പഴി പറയാനാവില്ല. അതിന് ഭൂമിയുടെ ആകര്‍ഷണശക്തിയെയും കുറ്റം പറയാനാവില്ല. മാങ്ങ പഴുത്തു കഴിഞ്ഞാല്‍ അതു താഴെ വീഴുക സ്വാഭാവികമാണ്. ഇതിലെവിടെയും മനഃപൂര്‍വമായ എന്തെങ്കിലും തെറ്റു നടന്നുവെന്ന് ചൂണ്ടിക്കാണിക്കാനാവില്ല. സംഭവിച്ചതെല്ലാം പ്രകൃതിയുടെ നിയമമനുസരിച്ചാണ് നടന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യാതൊരു പ്രതികരണവും കൂടാതെ നമ്മള് സാഹചര്യത്തെ അംഗീകരിക്കുവാന്‍ പഠിക്കുകയാണ് വേണ്ടത്.
ഒരു ഭ്രാന്തന് നമ്മളെ ചീത്ത പറഞ്ഞാല്‍ നമ്മള് എങ്ങനെ പ്രതികരിക്കും? അയാള്‍ ഭ്രാന്തനല്ലേ എന്നോര്‍ത്ത് സമാധാനിക്കാം. സ്വബോധമുള്ളയാളാണ് ചീത്ത പറഞ്ഞതെങ്കിലും അയാളുടെ അറിവുകേടെന്നു കരുതി നമുക്കു ക്ഷമിക്കാം. എന്റെ ശാന്തി അയാളുടെ ചുണ്ടില്‍ ആകരുതല്ലോ എന്നു കരുതി ശാന്തനായിരിക്കാം. മാനാപമാനങ്ങള്‍ക്ക് അധീനനാകരുതെന്നും ഞാന്‍ ശരീരമനസ്സുകള്‍ക്ക് അപ്പുറമുള്ള ചൈതന്യമാണെന്നും ആത്മവിചാരം ചെയ്യാം. ഇങ്ങനെ എത്രയോ രീതിയില്‍ നമുക്ക് വിപരീതസാഹചര്യങ്ങളെ തരണം ചെയ്യാന്‍ കഴിയും.
ജീവിതത്തിലെ മിക്കവാറും പ്രശ്നങ്ങള്‍ക്കും ഇതുപോലെ പരിഹാരം കണ്ടെത്താന്‍ നമുക്കു സാധിക്കും. മറ്റുള്ളവര്‍ അന്യായം ചെയ്യുമ്പോള്‍ പ്രതികരിക്കുകയോ, ക്ഷമിക്കുകയോ ചെയ്യാം. രണ്ടിനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളെ സ്വീകരിക്കാന്‍ മാത്രമേ നമുക്കു കഴിയൂ. അവയെ ഈശ്വരേച്ഛയായി, ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി സ്വീകരിക്കണം.
വിജയം വരുമ്പോള്‍ ആകാശം മുട്ടെ ചാടുകയോ, പരാജയം നേരിടുമ്പോള്‍ മുങ്ങിപ്പോകുകയോ ചെയ്യരുത്. പരാജയങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവരുമ്പോള്‍ സാഹചര്യങ്ങളെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. നമ്മുടെ പരാജയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തണം. സ്വന്തം ബലഹീനതകളെ അതിജീവിക്കാന്‍ ശ്രമിക്കണം. പരാജയത്തില്‍ തളരാതെ വീണ്ടും പരിശ്രമിക്കണം. നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളാണെങ്കില്‍ അസ്വസ്ഥരാകാതെ അവയെ സ്വീകരിക്കാനും പഠിക്കണം. ഏതു സാഹചര്യത്തിലും നമ്മുടെ മനഃസാന്നിദ്ധ്യം ഒരമൂല്യരത്നം പോലെ കാത്തുസൂക്ഷിക്കണം.
സുഖവും ദുഃഖവും ഉയര്‍ച്ചയും താഴ്ചയും ജയവും പരാജയവും ജീവിതത്തിന്റെ സ്വാഭാവമാണു്. ക്ഷേത്രത്തില്‍നിന്നും പ്രസാദം സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ അതില്‍ കല്ലോ കരടോ കണ്ടെന്നിരിക്കാം. അതു് എടുത്തുമാറ്റി നമ്മള് ഭക്തിപൂര്‍വ്വം പ്രസാദം കഴിക്കാറുണ്ടല്ലോ. അതുപോലെ ഏതു സാഹചര്യത്തെയും പ്രസാദബുദ്ധിയോടെ സ്വീകരിക്കുവാന്‍ നമുക്കു കഴിയണം. അങ്ങനെയായാല്‍ അത് മനോനിയന്ത്രണത്തിനും മനഃശുദ്ധിക്കും സഹായകമാകും. മനഃപ്രസാദം കാത്തുസൂക്ഷിക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: