പൂന്താനത്തിന്റെ അനപത്യതാദു:ഖം ഭഗവാനോടുള്ള പ്രണയമായി മാറുകയായിരുന്നു. നമ്മളെല്ലാവരും ഓരോരോ കാരണങ്ങളാല്‍ ദുഃഖിക്കുന്നവരാണ്. പ്രിയപ്പെട്ടവരുടെ മരണത്തിലൂടെയും ഇഷ്ടപ്പെട്ടവയുടെ നഷ്ടത്തിലൂടെയും നാശത്തിലൂടെയും, നമ്മുടെ സന്തോഷം
പോയ്മറയുന്നു. അതിനുകാരണം, നമ്മുടെ ജീവിതസന്തോഷങ്ങള്‍ നഷ്ടപ്പെട്ടവയെ ആശ്രയിച്ചായിരുന്നു എന്നതാണ്. ഈ ആശ്രയത്വമാണ്, അടിമത്തമാണ് ഇല്ലാതാക്കേണ്ടത്. അല്ലെങ്കില്‍ കഠിനദുഃഖം വരുമ്പോള്‍ ചുറ്റുമുള്ള ലോകം തകര്ന്നടിയുന്നതായി നമുക്ക് തോന്നും .
നഷ്ടങ്ങള്‍ നമുക്ക് സ്വയം തിരിച്ചറിവിനുള്ള അവസരമാണ് . നമ്മുടെ ജീവിതം വഴിമാറി ഒഴുകേണ്ട സമയമായി എന്നുള്ള സൂചനയാണ് . നമ്മുടെയുള്ളിലെ ഈശ്വരാംശത്തെ ( ശക്തിയെ ) തിരിച്ചറിയുവാനുള്ള ആ അവസരം പലരും അറിയാതെപ്പോകുന്നു. ദുഖം വരുമ്പോള്‍ ദൈവത്തെക്കുറിച്ചോര്ക്കുവാന് എളുപ്പമാണ് .
‘നിനക്ക് പരിപൂര്ണ്ണാനന്ദം നല്കുവാന് എനിക്ക് കഴിയും, അതിനായി നീ എന്നെ അറിയുക’ എന്നൊരു സ്വരം ഉള്ളില്നിന്നുയരുന്നത് നാം പലപ്പോഴും അവഗണിക്കുന്നു .
ലൗകികകാര്യങ്ങളെല്ലാം സുഖസുന്ദരമായി നടക്കുന്നുണ്ടെങ്കില്‍ അവിടെ നിഷ്കാമഭക്തി പോയിട്ട് ഭക്തിയ്ക്കുതന്നെ സ്ഥാനമില്ല . സുഖമായി ജീവിക്കുമ്പോള്‍ ‘എല്ലാം ഈശ്വരകൃപ.’ എന്നുപറയുവാന്‍ എളുപ്പം. അതിനിടയില്‍ ചെറിയൊരു ദുഃഖം വന്നാലോ? ഈ സാഹചര്യത്തിലാണ് ഭക്തരുടെ തനിനിറം തെളിയുന്നത് .
‘ഹേയ് .. ഒന്നുമില്ല. ഈശ്വരകാരുണ്യത്താല്‍ എനിക്കൊരു സങ്കടവുമില്ല.’ എന്നു പറയുന്നവരെ കണ്ടിട്ടില്ലേ?. അത് കള്ളമാണ് . ഈശ്വരകാരുണ്യമുണ്ടെങ്കില് ഈശ്വരന് നമ്മെ ഈശ്വരനിലേയ്ക്ക് അടുപ്പിക്കും. അതിനായി നമ്മുടെ ഭക്തിയെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കും. കാമക്രോധാദികളില്നിന്ന് മുക്തരാകുവാന്‍ നമ്മെ പ്രേരിപ്പിക്കും,
പ്രാപ്തരാക്കും . അതുമാത്രമല്ല നമ്മുടെ അഹങ്കാരം പൂര്‍ണ്ണമായും നശിപ്പിക്കും . ലൗകികജീവിതത്തില്‍ നമുക്ക് ഏറ്റവും
പ്രിയപ്പെട്ടവയെ നഷ്ടപ്പെടുത്തിയോ ഉപേക്ഷിക്കുവാന്‍ ധൈര്യം നല്‍കിയോ നമ്മുടെ ഭക്തിയെ നിരഹങ്കാരമാക്കും . മഹാബലിയുടെ കഥ ഓര്‍മ്മയില്ലേ ..? തന്റെ നിഷ്കാമഭക്തനായ ആ അസുരരാജനെ പൂര്‍ണ്ണമായും നിരഹങ്കാരനാക്കുവാന് ഭഗവാന് വാമനാവതാരമെടുക്കുകയുണ്ടായി .
പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന എന്റെ ‘ ഭാഗവതകഥാമൃതം രണ്ടാം ഭാഗ’ ത്തിലെ ആ ഭാഗം ഇതാ… മൂന്നാമത്തെ കാലടി സ്വന്തം തലയില്‍ വയ്ക്കുവാന്‍ അനുവദിച്ചുകൊണ്ട് തന്റെ മുന്നില്‍ തലകുനിച്ചിരിക്കുന്ന മഹാബലിയെ ഭഗവാന് അനുഗ്രഹിക്കുന്നതാണ് സന്ദര്‍ഭം .
‘ മായികഹാസത്തോടെ മഹാബലിയെ കടാക്ഷിച്ചുകൊണ്ട് ഭക്തവത്സലനായ ഭഗവാന് പറഞ്ഞു ,
‘എന്റെ അനുഗ്രഹത്തിനു പാത്രമായവന് ഐശ്വര്യമോ ധനമോ ഒന്നും ആവശ്യമില്ല . അത് കൈവശമുണ്ടെങ്കില്‍ ഞാനത് തിരിച്ചെടുക്കുകയും ചെയ്യും . എങ്കില്‍മാത്രമേ അവന് പൂര്‍ണ്ണമായും നിരഹങ്കാരനും നിര്മ്മമനുമാകുകയുള്ളൂ .
പ്രിയപ്പെട്ട മഹാബലീ …. നീയിപ്പോള്‍ പരിപൂര്‍ണ്ണനായിരിക്കുന്നു . എന്നിലലിയുവാന്‍ യോഗ്യനായിരിക്കുന്നു . പിതാമഹനോടൊപ്പം നിനക്കും കുടുംബത്തിനും ഇനി എന്റെ ലോകത്തില്‍ സസുഖം വസിക്കാം . സാവര്‍ണ്ണിമന്വന്തരത്തില്‍ നിനക്ക് ഇന്ദ്രപദവി ലഭിക്കുകയും ചെയ്യും ‘ ഈ വിഷ്ണുലോകത്തില്നിന്നാണ് മഹാബലി നമ്മളെ കാണുവാനെത്തുന്നത് . വാമനാവതാരവും മഹാബലിയുടെ രാജ്യദാനവും മോക്ഷവുമെല്ലാം ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് . രാജ്യം ഭരിക്കുവാന്‍ നമ്മള് തെരഞ്ഞെടുക്കുന്ന ഒരാള്‍ ഇല്ലേ ?. അതുപോലെ ലോകം ഭരിക്കുവാന്‍ ഭഗവാന് നിയോഗിക്കുന്ന ഒരാള്‍ ഉണ്ട് , മനു എന്നാണ് സ്ഥാനപ്പേര് . അദ്ദേഹത്തിനെ സഹായിക്കുവാന്‍ അനുയായികളും ഒപ്പം ഭഗവാന്റെ അവതാരരൂപവും ഉണ്ടാകും . ഒരു മനുവിന്റെ ഭരണകാലമാണ് ‘മന്വന്തരം’ എന്നറിയപ്പെടുന്നത് . ഇപ്പോഴുള്ള വൈവസ്വതമനുവിന്റെ കാലം കഴിഞ്ഞാല്‍, അതിനുശേഷം വരുന്ന മഹാപ്രളയം കഴിഞ്ഞാല്‍ … പിന്നെയും പുനര്‍നിര്‍മ്മിക്കുന്ന പുതിയലോകം ഭരിക്കുന്ന മനു ഈ മഹാബലിയാണ് . തന്റെ ഭക്തന് ഭഗവാന് നല്കിയ അനുഗ്രഹം അതായിരുന്നു .
അപ്പോള്‍ , പറഞ്ഞുവന്നത് ഇതാണ് ഈശ്വരകാരുണ്യം. അത് നമ്മുടെ ഭക്തിയെ കടഞ്ഞുകടഞ്ഞ് ശുദ്ധീകരിക്കും. നമ്മെ പൂര്‍ണ്ണമായും നിര്‍ഗുണനും
നിര്‍മമനും നിരഹങ്കാരനുമാക്കിത്തീര്ക്കും . ഭക്തിയുടെ ആ തലത്തിലാണ് വാനപ്രസ്ഥത്തിനു മനസുകൊണ്ട്
നാം തയ്യാറാകുന്നത് . സര്‍വ്വവും ഉപേക്ഷിച്ച് ഭഗവാന്റെ അടുത്തേയ്ക്കുള്ള പലായനമാണത് .പിന്നീടത് കാശിയാത്രയായി .പിന്നെ ആശ്രമവാസമായി .ഇപ്പോള്‍ വീട്ടിനുള്ളില്‍ത്തന്നെ അത്തരമൊരു മനസ്സുകൊണ്ട് പലായനം സജ്ജമാക്കുവാന്‍ നാം തയ്യാറാകുന്നു . അത്തരം പരമഭക്തരും ഭഗവാനും തമ്മില്‍ ഭേദമില്ല .
വിനയശീലനായ, ശുദ്ധാത്മാവായ, നിര്‍ദ്ധനനായ,
പൂന്താനത്തിന്റെ ഭക്തിയെയും ഭഗവാന് കടഞ്ഞുകൊണ്ടേയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: