ന്യൂദല്‍ഹി: പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ബില്ലിനെ എതിര്‍ത്തിരുന്ന ജെഡി (യു) വും ബിജെഡിയും അനുകൂലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ബില്‍ പാസാകുമെന്ന് ഉറപ്പായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പാണ് പൗരത്വ ഭേദഗതി ബില്‍. കേന്ദ്ര സര്‍ക്കാരിന്റെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ബില്‍ അനായാസേന പാസാകും.
ബില്ലിനെതിരെ സഖ്യകക്ഷികളില്‍നിന്നു തന്നെ വലിയ എതിര്‍പ്പാണ് കഴിഞ്ഞ തവണ സര്‍ക്കാരും ബിജെപിയും നേരിട്ടത്. അതില്‍ മുന്നിലുണ്ടായിരുന്ന ജെഡി (യു) വാണ് ഇപ്പോള്‍ നിലപാട് മാറ്റിയവരില്‍ പ്രധാനി. നേരത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാരെ സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ പ്രതിനിധി സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് ഇവര്‍ക്ക് വാക്കും നല്കി. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ തങ്ങളുമായി ചേര്‍ന്നു നില്ക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെന്നും ബില്ലിനെ പിന്തുണക്കാനാണ് തീരുമാനമെന്നും ജെഡിയു നേതാക്കള്‍ ഇപ്പോള്‍ വിശദീകരിക്കുന്നു. മറ്റൊരു സഖ്യകക്ഷിയായ അസം ഗണപരിഷത്തും എതിര്‍പ്പ് ഉപേക്ഷിച്ചു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വനവാസി മേഖലകളെ ബില്ലില്‍നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി മുന്‍ നിലപാട് മാറ്റി പ്രതിപക്ഷത്തുള്ള ബിജെഡിയും സര്‍ക്കാരിന് അനുകൂലമായിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ്സും പിന്തുണ സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി. അയല്‍രാജ്യത്ത് മതപരമായ പീഡനം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് നേതാവ് വിജയ്സായ് റെഡ്ഡി പറഞ്ഞു. ബില്ലിനെതിരെ ഏറ്റവും ശക്തമായി രംഗത്തുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും വീണ്ടുവിചാരത്തിലാണെന്നാണ് സൂചന. ബില്ലിന് ‘മതേതര’ സ്വഭാവം വരുത്താന്‍ മൂന്ന് രാജ്യങ്ങള്‍ക്ക് പകരം ആറു രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ എതിര്‍ക്കുന്നത് പൗരത്വത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നാണ് മമതയുടെ ഭയം.
ഭൂരിപക്ഷത്തിന് 120
245 അംഗ രാജ്യസഭയില്‍ 238 ആണ് നിലവിലെ അംഗങ്ങള്‍. ഏഴ് ഒഴിവുകളുണ്ട്. ഭൂരിപക്ഷത്തിന് 120 പേരുടെ പിന്തുണ വേണം. 122 പേരുടെ പിന്തുണ ഉറപ്പായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ബിജെപിക്ക് 81 ഉള്‍പ്പെടെ എന്‍ഡിഎക്ക് 102 അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്ത് എഐഎഡിഎംകെ (11), ബിജെഡി (7), ടിആര്‍എസ് (6), ശിവസേന (3), വൈഎസ്ആര്‍ കോണ്‍ഗ്രസ് (2), സ്വതന്ത്രര്‍ (2) എന്നിവരുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ടിഡിപി ഉള്‍പ്പെടെ ഏതാനും പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുമെന്നും സൂചനയുണ്ട്. ഇതും സര്‍ക്കാരിന് കാര്യങ്ങള്‍ അനുകൂലമാക്കും. വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ ഹാജരായ അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെ പിന്തുണയാണ് ബില്‍ പാസാകാന്‍ വേണ്ടത്.
പിന്തുണച്ച് ശിവസേന; എതിര്‍ത്ത് കോണ്‍ഗ്രസ്
മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന് നേതൃത്വം നല്കുന്ന ശിവസേന ബില്ലിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കി. അതേസമയം എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിലെ തര്‍ക്കത്തെ തുടര്‍ന്നാണ് സേന എന്‍ഡിഎ വിട്ടത്. കേന്ദ്രത്തില്‍ പ്രതിപക്ഷത്താണെങ്കിലും മുന്‍ നിപാടില്‍ മാറ്റമില്ലെന്നും ദേശസുരക്ഷക്കും ദേശീയതക്കും അനുകൂലമായ നിലപാടെടുക്കുമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. ബില്ലിനെക്കുറിച്ച് പഠിച്ചിട്ട് പറയാമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്. എന്നാല്‍ ബില്ലിനെ എതിര്‍ക്കുമെന്ന് രാഹുല്‍ ഇന്നലെ കേരളത്തില്‍ പറഞ്ഞു. മറ്റ് ദേശീയ നേതാക്കള്‍ വിഷയത്തില്‍ മൗനത്തിലാണ്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: