ബെംഗളൂരു: ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകാന്‍ വാഹനങ്ങള്‍ക്ക് ആര്‍എഫ്ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ഫാസ്ടാഗ് നിര്‍ബന്ധം. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ആര്‍എഫ്ഐഡി. ഡിസംബര്‍ ഒന്നിനു ശേഷം, ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ടാഗുള്ള വാഹനങ്ങള്‍ക്കുള്ള ട്രാക്കില്‍ കയറിയാല്‍ ഇരട്ടിത്തുക നല്‍കേണ്ടിവരും. ക്രമേണ ടാഗില്ലാത്ത വാഹങ്ങള്‍ക്കുള്ള ട്രാക്ക് നിര്‍ത്തും.
നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ പദ്ധതിയുടെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ ഐഎച്ച്എംസിഎല്‍ നടപ്പാക്കിയ ടോള്‍ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. വണ്‍ടൈം പ്രോഗ്രാമബിള്‍ കോഡ് പ്രോഗ്രാം പ്രകാരമാണ് ആര്‍എഫ്ഐഡി അധിഷ്ഠിത ഫാസ്ടാഗിന്റെ പ്രവര്‍ത്തനം.
പ്രവര്‍ത്തനം ഇങ്ങനെ
വാഹനങ്ങളുടെ മുന്നിലെ ചില്ലില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടാകും. ആര്‍എഫ്ഐഡി ഉപയോഗിച്ച് ചിപ്പിന്റെ സഹായത്തോടെ, ടോള്‍പ്ലാസ വഴി കടന്നുപോകുന്ന വാഹനത്തെ നിര്‍ണയിച്ച് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കും. ഫാസ്ടാഗുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നേരിട്ട് ഈടാക്കുന്നതിനാല്‍, ഫാസ്ടാഗ് സ്റ്റിക്കറുള്ള വാഹനങ്ങള്‍ ടോള്‍പ്ലാസയില്‍ നിര്‍ത്തേണ്ടതില്ല. ഇന്ധനലാഭവും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യം.
ഓരോ വാഹനത്തിനും പ്രത്യേക നിറത്തിലുള്ള ടാഗാണ് ലഭിക്കുക. കാറിനു വാങ്ങിയ ടാഗ് ലോറിയില്‍ ഒട്ടിച്ച് വെട്ടിപ്പ് നടത്താതിരിക്കാന്‍ ടോള്‍ പ്ലാസകളില്‍ ടാഗ് റീഡറുകള്‍ക്ക് പുറമേ വാഹനങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്ന് സ്വയം തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് വെഹിക്കിള്‍ ക്ലാസിഫിക്കേഷന്‍ (എവിസി) സംവിധാനവുമുണ്ട്. ഇന്‍ഫ്രാ റെഡ് സെന്‍സറുകള്‍ ഉപയോഗിച്ചാണിവ പ്രവര്‍ത്തിക്കുന്നത്.
വാഹനം ടോള്‍ ലൈനില്‍ കയറുമ്പോള്‍ തന്നെ ടാഗിലെ യുണീക് കോഡ് വായിക്കപ്പെടുന്നു. അതോടൊപ്പം എവിസിയും ഡബ്ല്യുഐഎമ്മും ഉപയോഗപ്പെടുത്തി ടോള്‍ ഈടാക്കും. കടന്നുപോകുന്ന വാഹനത്തിന്റെ ചിത്രം പകര്‍ത്തി സൂക്ഷിക്കും. പിന്നീട് പരാതികളോ തട്ടിപ്പുകളോ ഉണ്ടായാല്‍ അവ പരിശോധിക്കാനുമാകും. തട്ടിപ്പ് നടത്തിയാല്‍ ടാഗ് ബ്ലോക്കാകും.
ഒരു വണ്ടിയുടെ ടാഗ് പകര്‍ത്തി ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കി മറ്റൊരു വണ്ടിയില്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയാല്‍ ടാഗ് ബ്ലോക്കാകും. വാഹന ഉടമയുടെയും വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെയുമൊക്കെ രേഖകള്‍ ഉറപ്പാക്കിയാണ് ടാഗ് വിതരണം ചെയ്യുന്നത്. ഒരേ കാര്‍ഡ് വിവിധ ടോള്‍ ബൂത്തുകളില്‍ ഒരേസമയം ഉപയോഗിച്ചാല്‍ അപ്പോല്‍ തന്നെ ടാഗ് ബ്ലോക്കാകും.
ഫാസ്ടാഗ് ലഭിക്കാന്‍
പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന വിതരണക്കാരില്‍ നിന്ന് ലഭിക്കും. മറ്റു വാഹന ഉടമകള്‍ക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുമായി (എന്‍എച്ച്എഐ) സഹകരിക്കുന്ന സ്വകാര്യ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ടാഗ് വാങ്ങാം. ടോള്‍ പ്ലാസകളിലുള്ള വിതരണ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
അംഗീകൃത ബാങ്കുകള്‍
ആക്സിസ്, ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്സി, കരൂര്‍വൈശ്യ, കൊട്ടക് മഹീന്ദ്ര, സിന്‍ഡിക്കേറ്റ്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍, പഞ്ചാബ് നാഷണല്‍, സിറ്റി യൂണിയന്, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ്ഇന്‍ഡ്, യെസ് ബാങ്ക്, യൂണിയന് ബാങ്ക്. പേടിഎം, ആമസോണ്‍, ആര്‍ടിഒ, കോമണ്‍ സര്‍വീസ് സെന്റര്‍, പെട്രോള്‍ പമ്പ് എന്നിവ വഴിയും ടാഗ് ലഭിക്കും.
നൂറു രൂപയാണ് വില. ഡിസംബര്‍ ഒന്നു വരെ ഈ തുക ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സെക്യൂരിറ്റി ഡിപ്പോസിറ്റ് 200 രൂപ. അക്കൗണ്ടില്‍ കുറഞ്ഞത് 100 രൂപ റീചാര്‍ജ് ചെയ്യണം. ഇതിനു ശേഷം ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. ബാലന്‍സ് തുക കുറയുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി റീച്ചാര്‍ജ് ചെയ്യാം. ഒരു ഫാസ്ടാഗിന് അഞ്ച് വര്‍ഷമാണ് കാലാവധി. ഒരു വാഹനത്തിന് ഒരു ടാഗ് മാത്രം.
ആവശ്യമുള്ള രേഖകള്‍
വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്. ടാഗ് എടുക്കാന്‍ വാഹനമില്ലാതെ പോകുന്നവര്‍ നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണുന്നവിധം ഫോണില്‍ ഫോട്ടോയെടുത്ത് കൈയില്‍ കരുതണം. ഉപയോഗിക്കേണ്ടത്വാഹനങ്ങളുടെ മുന്‍ ചില്ലില്‍ ഉള്‍വശത്താണ് ടാഗ് ഒട്ടിക്കേണ്ടത്. കൃത്യമായി ഒട്ടിച്ചില്ലെങ്കില്‍ ടോള്‍ പ്ലാസയില്‍ ‘റീഡിങ്’ ലഭിക്കില്ല. പൊളിച്ച് ഒട്ടിച്ചാല്‍ അസാധുവാകും.
വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് തുക ഇടാക്കും. ഈ വിവരം എസ്എംഎസ്സായി ഉടമയെ അറിയിക്കും. വാണിജ്യ, ടൂറിസ്റ്റ് വാഹനങ്ങള്‍ ഏത് ടോള്‍പ്ലാസ എപ്പോള്‍ കടന്നുവെന്ന് വാഹന ഉടമയ്ക്ക് ഇതിലൂടെ മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: