ന്യൂദല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിനെച്ചൊല്ലി കോണ്‍ഗ്രസ്സിലും ശിവസേനയിലും ഭിന്നത. കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിച്ച് ഇന്നലെ പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതാണ് പ്രശ്നമായത്. നേരത്തെ പാര്‍ലമെന്റ് നടപടികള്‍ ബഹളമുണ്ടാക്കി തടസ്സപ്പെടുത്തരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ച പ്രധാനമന്ത്രി ഇക്കാര്യത്തില്‍ എന്‍സിപി
യെയും ബിജെഡിയെയും മാതൃകയാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. പവാറാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നത്. ചര്‍ച്ചകള്‍ സജീവമായി നിലനില്ക്കുമ്പോള് പവാര്‍ മോദിയെ കണ്ടത് കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസും സേനയും കരുതുന്നില്ല.
പവാറിനെ വിശ്വസിക്കരുതെന്ന് ഇരുപാര്‍ട്ടികളിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത് പവാറാണെന്ന് പാര്‍ട്ടികള്‍ക്കുള്ളില്‍ വളരെ മുന്‍പ് തന്നെ സംസാരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ഇവര്‍ നോക്കിക്കാണുന്നത്. പവാറിനെ വിശ്വസിച്ച് മുന്നോട്ടുപോയാല്‍ മുഖം നഷ്ടപ്പെടുമെന്ന വികാരം കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്തില്ലെന്ന് പവാര്‍ പറഞ്ഞതും അതൃപ്തിക്കിടയാക്കി.
എന്‍സിപിയുമായി അകലം പാലിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ശിവസേനയിലും. ബിജെപിയില്ലെങ്കില്‍ ഒറ്റക്ക് നില്‍ക്കണമെന്നാണ് ഭൂരിഭാഗത്തിന്റെയും നിലപാട്. കോണ്‍ഗ്രസ്, എന്‍സിപി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ 17 സേന എംഎല്‍എമാര്‍ രംഗത്തുവന്നു. മുതിര്‍ന്ന നേതാവ് മനോഹര്‍ ജോഷിക്കൊപ്പം ഇവര്‍ പാര്‍ട്ടി ആസ്ഥാനമായ മാതോശ്രീയിലെത്തിയെങ്കിലും ഉദ്ധവ് കാണാന്‍ കൂട്ടാക്കിയില്ല. നാളെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതുവരെ ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. ബുധനാഴ്ച ഉച്ചയോടെ എല്ലാ തടസ്സങ്ങളും നീങ്ങുമെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: