മാതൃഭാഷാവാരം കടന്നുപോയി. പത്രഭാഷയില്‍ പറഞ്ഞാല്‍, നാടെങ്ങും വിവിധ പരിപാടികളോടെ വാരാചരണം നടന്നു. പതിവുപോലെ, ആചരണങ്ങളിലെയും ആഘോഷങ്ങളിലെയും പ്രധാന പരിപാടി പ്രസംഗമായിരുന്നു. പ്രസംഗകരിലാരും കിട്ടിയ അവസരം പാഴാക്കിയില്ല. പലരും ഭാഷാ സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടി.
ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളം നേരിടുന്ന അവഗണന, ഭരണത്തിലും പഠനത്തിലും മലയാളത്തിന് അര്‍ഹമായ സ്ഥാനം നല്കുന്നതില് അധികൃതര്‍ വരുത്തുന്ന വീഴ്ച. പുതുതലമുറയ്ക്ക് മലയാളം അന്യമാകുന്ന സ്ഥിതിവിശേഷം തുടങ്ങിയവ പലേടത്തും പ്രഭാഷണ വിഷയങ്ങളായി. ഭാഷാസ്നേഹം തുള്ളിത്തുളുമ്പുന്ന ലേഖനങ്ങളും കവിതകളുമടക്കമുള്ള ആനുകാലികങ്ങളില്‍ നിറഞ്ഞു. നല്ല കാര്യം.
ചില സ്ഥിരം പ്രഭാഷകര്‍ വേദിയില്‍ ഏറെ നേരവും ചെലവഴിച്ചത് മലയാളികളെ കുറ്റം പറയാനാണ്. മലയാളികള്‍ക്ക് ഭാഷാഭിമാനമില്ല. മാതൃഭാഷയെ ഇത്രയേറെ പുച്ഛിക്കുന്ന മറ്റൊരു ജനവിഭാഗമില്ല. മലയാളം അറിയില്ലെന്നു പറയുന്നതില്‍ മലയാളികള്‍ അഭിമാനിക്കുന്നു-ഇങ്ങനെ പോകുന്നു കുറ്റപ്പെടുത്തലുകള്‍. ഈ പ്രഭാഷകരുടെ ഭാവം കണ്ടാല്‍ ഇവര്‍ വിദേശികളാണെന്നു തോന്നും.
അങ്ങനെ മലയാളവാരത്തില്‍ മലയാളത്തിന്റെ പേരില്‍ മലയാളികള്‍, മലയാളികളെ പുച്ഛിച്ച് അരങ്ങു തകര്‍ത്തു.
നവംബര്‍ ആദ്യവാരം കഴിഞ്ഞതോടെ കേരളത്തില്‍ ഭാഷാസ്നേഹവര്‍ഷം നിലച്ചു. എഴുത്തുകാരും പ്രഭാഷകരും സാംസ്കാരിക നായകരും മറ്റു വിഷയങ്ങള്‍ തേടിപ്പോയി.
സാരമില്ല. ഇനിയും നവംബര്‍ വരും. ഭാഷാ വാരം ആചരിക്കും. ഇതേ രൂപത്തില്‍, ഭാവത്തില്‍. നവംബര്‍ നല്കുന്ന പദവിയില്‍ മലയാളം അഭിമാനിക്കുന്നുണ്ടാകാം.
മുഖപ്രസംഗങ്ങളില്‍നിന്ന്:
‘ജാതിമതാദി പരിഗണനകള്‍ക്കതീതമായി ഭാഷ’ അതിനെ കേന്ദ്രീകരിച്ച സംസ്കാരം എന്നിവയെ പ്രധാനമായും ആശ്രയിച്ച ജനവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അവ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവയ്ക്കോരോന്നിനും സ്വച്ഛന്ദം വിഹരിക്കാന്‍ വേണ്ട അവസരമൊരുക്കിയുമാണ് ഐക്യം നില
നിര്‍ത്തേണ്ടത് എന്നതായിരുന്നു പാര്‍ട്ടി നിലപാട്.’
വലിച്ചുനീട്ടിയ വാക്യം. അതിന്റെ വികലമായ ഘടന വായനക്കാരെ വലയ്ക്കും. അവസാനഭാഗം ഇങ്ങനെ തിരുത്തിയാല്‍ കുറച്ച് ആശ്വാസമാകും:
”…അവയ്ക്കോരോന്നിനും സ്വച്ഛന്ദം വിഹരിക്കാന്‍ വേണ്ട അവസരമൊരുക്കിയാണ് ഐക്യം നിലനിര്‍ത്തേണ്ടതെന്നും ആയിരുന്നു പാര്‍ട്ടി നിലപാട്.
”വിഷയത്തെ അതിന്റെ സമഗ്രതയില്‍ കാണാനും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമാണ് ഉണ്ടാകേണ്ടത്.”
ചെറിയ വാക്യമെങ്കിലും ഘടനയില്‍ തെറ്റുണ്ട്.
”വിഷയത്തെ സമഗ്രമായി കാണാനും അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയണം.” (ശരി)
”വിഷയത്തെ സമഗ്രമായി കാണുകയും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നിര്‍ദേശങ്ങള്‍ ഉണ്ടാകുകയുമാണു വേണ്ടത്. (ശരി).
”ജനാധിപത്യം പല വെല്ലുവിളികളെ നേരിടുന്ന കാലത്തും അതിന്റെ സാധ്യതയെ തിരിച്ചറിയുകയും പാര്‍ലമെന്റേതര സമരങ്ങളെയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തെയും കൂട്ടിയിണക്കുന്ന പ്രവര്‍ത്തന രീതി പാര്‍ട്ടി പിന്തുടരുന്നത് ശരിയായ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടോടെയാണ്.”
”…പാര്‍ട്ടി പിന്തുടരുകയും ചെയ്യുന്നത് എന്നു തിരുത്തിയാലേ വാക്യഘടന ശരിയാകൂ.
”രാജ്യതലസ്ഥാനത്തെപ്പോലും അരാജകത്വത്തിലേക്കും ഭരണമില്ലായ്മയിലേക്കും നയിക്കുന്ന ദയനീയമായ കാഴ്ചയാണ് കാണാനാകുന്നത്.”
അരാജകത്വം, ഭരണമില്ലായ്മ-ഇവയില്‍ ഒന്നുമതി.
പിന്കുറിപ്പ്:
ഭാഷാവാരാചരണ പരിപാടിയിലെ ഒരു ചര്‍ച്ചാ വിഷയം- ”മലയാളം-ആരായലും ആയിത്തീരലും.” ആരായാലും ഒന്നു പകച്ചുപോകില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: