ഹൈന്ദവവിശ്വാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണനയ്ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നിത്യനിദാനത്തിനുള്ള തുക അനുവദിക്കുന്നതില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വരുമാനം കുറഞ്ഞ ആയിരത്തിലേറെ ക്ഷേത്രങ്ങള്‍ ഇതുമൂലം അന്തിത്തിരിക്കുപോലും വകയില്ലാത്ത അവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് ക്ഷേത്രവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ വാര്‍ത്തയാണ്. ജീവനക്കാരുടെ ശമ്പളത്തിന് മാത്രം തുക ആവശ്യപ്പെട്ടാല്‍ മതിയെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളില്‍ നിത്യനിദാനച്ചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയായി.
ഇത് പിണറായി സര്‍ക്കാര്‍ വരുത്തിവച്ച വിനയാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള 1200ലേറെ വരുന്ന ക്ഷേത്രങ്ങളില്‍ 61 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തതയുള്ളവ. ബാക്കിയുള്ള ക്ഷേത്രങ്ങള്‍ പ്രധാനമായും ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ച് കഴിഞ്ഞുകൂടുന്നവയത്രെ. എന്നാല്‍ യുവതീപ്രവേശനത്തിന്റെ പേരില്‍ ആചാരലംഘനത്തിന് വഴിയൊരുക്കിയ സര്‍ക്കാരിന്റെ നടപടികള്‍ മൂലം ശബരിമല വരുമാനത്തില്‍ 200 കോടി രൂപയുടെ കുറവുണ്ടായി. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്തേക്കുള്ള കട ലേലത്തില്‍ നിന്ന് കച്ചവടക്കാര്‍ വലിയൊരുവിഭാഗം പിന്‍വാങ്ങിയതും വന്‍ സാമ്പത്തിക നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടാക്കി. ഇതുമൂലമുള്ള നഷ്ടം 75 കോടി രൂപ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുള്ള വിവിധ വഴികളില്‍ സ്ഥിതിചെയ്യുന്ന നിരവധി ക്ഷേത്രങ്ങളിലെയും വരുമാനം ഗണ്യമായി കുറഞ്ഞു. ഇത്രയും ഭീമമായ വരുമാനനഷ്ടം നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തുക കൈമാറിയിട്ടില്ല.
പ്രതിമാസം ദേവസ്വം ബോര്‍ഡിലെ ശമ്പളത്തിന് വേണ്ടി മാത്രം 20 കോടി രൂപ വേണം. പെന്ഷന് 10 കോടിയും ആവശ്യമുണ്ട്. ഇതിലേക്കായി വര്‍ഷത്തില്‍ 260 കോടി രൂപ ദേവസ്വം ബോര്‍ഡ് ബാങ്കില്‍ അടയ്ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 120 കോടി മാത്രമാണ് അടച്ചത്. ദേവസ്വം കരാറുകാരുടെ കുടിശ്ശിക തീര്‍ക്കാന്‍ ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങള്‍ മുടങ്ങാതിരിക്കാനുള്ള കരുതല്‍ നിക്ഷേപത്തില്‍ നിന്ന് 35 കോടി രൂപയും പെന്ഷന് ഫണ്ടില്‍ നിന്ന് 19 കോടിയും പിന്‍വലിച്ചു. പൂജാച്ചെലവുകള്‍, ഭൂമി വാങ്ങല്‍, ക്ഷേത്രങ്ങളിലെ അത്യാവശ്യ കാര്യങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഈ കരുതല്‍ തുക ഉപയോഗിക്കേണ്ടത്. മാത്രമല്ല, ഇപ്പോള്‍ കടമെടുത്തിരിക്കുന്ന 35 കോടി രൂപയ്ക്ക് ഒമ്പത് ശതമാനം പലിശ നല്‍കേണ്ടതുമുണ്ട്. സ്ഥിരനിക്ഷേപത്തില്‍ നിന്ന് പിന്‍വലിച്ച ഇത്രയും തുകയുടെ പലിശ ബോര്‍ഡിന് നഷ്ടമാകും. കരുതല്‍ നിക്ഷേപത്തെ സംബന്ധിച്ച വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ടാണ് ബോര്‍ഡിന്റെ നടപടി.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ധൃതിപിടിച്ചും വിശ്വാസികളുടെ വികാരം മാനിക്കാതെയും നടപ്പാക്കാന്‍ കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ബാക്കിപത്രമാണ് ഈ സാമ്പത്തിക പ്രതിസന്ധി. അതിനാല്‍ ആത്യന്തികമായി നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ അന്തിത്തിരി തെളിയാതിരിക്കാനുള്ള കാരണക്കാര്‍ പിണറായി സര്‍ക്കാരും സിപിഎമ്മും തന്നെ. പോലീസിനെ ഉപയോഗിച്ച് അവിശ്വാസികളും ആക്ടീവിസ്റ്റുകളുമായ യുവതികളെ ശബരിമലയില്‍ എത്തിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് തീര്‍ത്ഥാടകരുടെ എണ്ണം കുറയാനും തത്ഫലമായി വരുമാനം കുറയാനും ഇടയാക്കിയത്. ആചാരലംഘനത്തിന് നേതൃത്വം നല്‍കിയും തീര്‍ത്ഥാടകരുടെ വരവിന് വിഘാതം സൃഷ്ടിച്ചും തീര്‍ത്ഥാടനകേന്ദ്രത്തെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിച്ചും ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണ് സിപിഎമ്മും പിണറായി സര്‍ക്കാരും നടത്തിയതെന്ന് കേരളത്തിലെ ഹിന്ദുജനത കരുതിയാല്‍ അത് തെറ്റാണെന്ന് പറയാനാകുമോ. ഇപ്പോള്‍ നൂറുകണക്കിന് ഗ്രാമക്ഷേത്രങ്ങളെ അന്തിത്തിരിക്കു പോലും വകയില്ലാത്തവയായി മാറിയതിന് ഉത്തരവാദികളും ഇവര്‍ തന്നെയല്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: