ഭൂമിയില്‍ ദൈവങ്ങള്‍ വാഴുന്ന സ്വര്‍ഗമാകുന്നു ഉത്തരാഖണ്ഡ്. മഞ്ഞുമൂടിയ മലനിരകളുടെ ഹിമാലയന്‍ ഗാംഭീര്യം, കൊടും കാടുകള്‍, പ്രകൃതിയുടെ താണ്ഡവങ്ങള്‍ അതിജീവിച്ച് പ്രതാപത്തോടെ വാഴുന്ന പുണ്യസ്ഥലികള്… രുദ്രദേവന്റെ മായാപ്രപഞ്ചം. പ്രകൃതിയുടെ അനന്ത വൈചിത്ര്യത്തിനു മുമ്പില്‍ ധ്യാനലീനരാകാന് ഉത്തരാഖണ്ഡിലെത്തുക. അത് പഞ്ചപ്രയാഗില്‍ നിന്നാവാം.
ഹിമാലയത്തിലെ ശതോപാന്ഥില് നിന്ന് ഉത്ഭവിക്കുന്ന അളകനന്ദാനദി അഞ്ചു നദികളോടൊപ്പം പലയിടങ്ങളിലായി സംഗമിച്ച് ഒടുവില്‍ ഗംഗയില്‍ ലയിക്കുന്നു. വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കര്‍ണപ്രയാഗ്, രുദ്രപ്രയാഗ്, ദേവപ്രയാഗ് എന്നിങ്ങനെ അളകനന്ദയുമായി സംഗമിക്കുന്ന അഞ്ചു പുണ്യതീര്‍ഥങ്ങളേയും ചേര്‍ത്തു പറയുന്ന പേരാണ് പഞ്ചപ്രയാഗ്. പ്രയാഗ്രാജിലെ ത്രിവേണീ സംഗമം കഴിഞ്ഞാല്‍ ഹൈന്ദവര്‍ ഏറ്റവും പവിത്രമായി കാണുന്ന സ്നാനതീര്‍ഥങ്ങളാണ് പഞ്ചപ്രയാഗിലുള്ളത്. ഇവയില്‍ സ്നാനം ചെയ്താല്‍ പാപങ്ങളകലും.
വിഷ്ണുപ്രയാഗ്
അളകനന്ദാനദിയുടെ ആദ്യസമാഗമം ധൗലിഗംഗയുമായാണ്. ഈ പ്രദേശം വിഷ്ണുപ്രയാഗ് എന്നറിയപ്പെടുന്നുത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് നാരദമുനി വിഷ്ണുഭഗവാനെ തപസ്സനുഷ്ഠിച്ച് പ്രത്യക്ഷപ്പെടുത്തിയ വിഷ്ണുപ്രയാഗ്. പഞ്ചപാണ്ഡവരുടെ സ്വര്‍ഗാരോഹണ യാത്ര ഇതുവഴിയായിരുന്നു. ഇന്‍ഡോര്‍ മഹാറാണിയായിരുന്ന അഹല്യാബായ് 1889 ല്‍ നിര്‍മിച്ച ഷഡ്കോണാകൃതിയിലുള്ള വിഷ്ണുക്ഷേത്രവും അതോടനുബന്ധിച്ചുള്ള വിഷ്ണുകുണ്ഡും ഇവിടേക്ക് തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.
നന്ദപ്രയാഗ്
ഹിമാലയത്തിലെ നന്ദാദേവി മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നന്ദാകിനി നദിയുമായി അളകനന്ദ സംഗമിക്കുന്നയിടമാണ് നന്ദപ്രയാഗ്. നന്ദയെന്ന രാജാവ് ദേവപ്രീതിക്കായ് യജ്ഞം നടത്തിയത് ഈ നദിയോരത്തായിരുന്നു. ഭഗവാന് ശ്രീകൃഷ്ണന്റെ മറ്റൊരു പേരായ നന്ദ(നന്ദന്) എന്ന വാക്കില്‍ നിന്നാണ് സ്ഥലത്തിന്റെ നാമോല്പത്തിയെും പറയപ്പെടുന്നു. ഒരു കാലത്ത് യദു വംശത്തിന്റെ തലസ്ഥാനനഗരിയായിരുന്നു നന്ദപ്രയാഗ് പട്ടണം ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണുള്ളത്.
കര്‍ണപ്രയാഗ്
പിണ്ഡാര്‍, അളകനന്ദ നദികള്‍ കൂടിച്ചേരുന്ന പുണ്യതീര്‍ഥമാണ് കര്‍ണപ്രയാഗ്. നന്ദാദേവി, പിണ്ഡാറിന്റെയും പ്രഭവസ്ഥാനമാകുന്നു. . കര്ണന് ഇവിടെ തപസ്സു ചെയ്തതായി മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്ണന് സൂര്യഭഗവാന് കവചകുണ്ഡലങ്ങള്‍ സമ്മാനിച്ചതും ഇവിടെ വച്ചായിരുന്നു. ഭഗവാന് കൃഷ്ണന് കര്‍ണന്റെ ഭൗതികദേഹം സംസ്ക്കരിച്ചതും ഇവിടെയാണ്.
രുദ്രപ്രയാഗ്
രുദ്രന്റെ രൗദ്രതാണ്ഡവത്തിന് സാക്ഷിയായ പുണ്യസങ്കേതമാണ് രുദ്രപ്രയാഗ്. മന്ദാകിനി നദിയുമായി അളകനന്ദ ഇവിടെ സംഗമിക്കുന്നു. ശിവഭഗവാന് ഇവിടെയിരുന്ന് രുദ്രവീണമീട്ടിയതായും ഐതിഹ്യങ്ങള്‍ പറയുന്നു. നാരദമുനി ശിവനില്‍ നിന്ന് സംഗീതം പഠിക്കാനായി ഭഗവനാനെ ധ്യാനിച്ചു പ്രത്യക്ഷപ്പെടുത്തിയതും രുദ്രപ്രയാഗിലായിരുന്നു, രുദ്രനാഥന്റെയും ചാമുണ്ഡാദേവിയുടെയും പ്രസിദ്ധങ്ങളായ രണ്ടു ക്ഷേത്രങ്ങള്‍ ഈ നദിക്കരയില്‍ കാണാം.
ദേവപ്രയാഗ്
ദേവന്മാരുടെയെല്ലാം ഒത്തുചേരുന്നിടമാണ് ദേവപ്രയാഗ്. അളകനന്ദ ഇവിടെ ഭാഗീരഥീ നദിയുമായി കൂടിച്ചേരുന്നു. സരസ്വതീ നദിയും അദൃശ്യയായെത്തി ഇവയോടൊപ്പം ലയിക്കുന്നതായും പ്രദേശവാസികള്‍ വിശ്വസിക്കുന്നു. ദേവശര്മയെന്ന മുനിയുടെ ആശ്രമം ഇവിടെയായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ദേവപ്രയാഗെന്ന് നദീസംഗമം അറിയപ്പെടുന്നത്. ശില്പഭംഗിയാല് പ്രസിദ്ധമായ രഘുനാഥ്ജി ക്ഷേത്രം ദേവപ്രയാഗിലാണുള്ളത്. ഗിഡ്ഡാഞ്ചല്, നരസിംഹാഞ്ചല്, ദശരഥാഞ്ചല്‍ പര്‍വതങ്ങള്‍ക്കിടയിലുള്ള ദേവപ്രയാഗ,് തെഹ്രി ഗര്‍വാള്‍ ജില്ലയുടെ ഭാഗമാണ്. ബദ്രീനാഥ് ക്ഷേത്രത്തിലെ പുരോഹിതരുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പുണ്യഭൂമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: