ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന് നടത്തിയ പൂതന പ്രയോഗം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും സുധാകരപക്ഷം ശക്തമായി വാദിച്ചു. അവസാനം പരാജയത്തിന്റെ കാരണങ്ങളെല്ലാം ജില്ലാ പഞ്ചായത്തംഗം ദലീമ ജോര്‍ജിന്റെ തലയില്‍ കെട്ടി സുധാകരപക്ഷം കൈ കഴുകി. ഇതിനായി കൂട്ടു പിടിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയും.
ദലീമയുടെ പ്രവര്‍ത്തനമാണ് എല്‍ഡിഎഫിന്റെ പരാജയത്തിനു കാരണമെന്നാണ് സുധാകരപക്ഷം വാദിച്ചത്. മതമേലധ്യക്ഷന്മാരുടെ സഹായം തേടി ദലീമ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചു. സഖാവ് എന്ന നിലയിലുള്ള പ്രവര്ത്തനശൈലിയല്ലായിരുന്നു അവരുടേത്. സ്ഥാനാര്‍ഥിയാകുമെന്ന് തീരദേശങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തിയശേഷം അവര്‍ കുവൈറ്റിലേക്ക് പോയി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് ഒഴിവായി. ഇതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയതായും സുധാകരപക്ഷം ആരോപിച്ചു.
അരൂരില്‍ എംഎല്‍എ എന്ന നിലയില്‍ എ.എം. ആരിഫിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി വൈകല്യങ്ങളുണ്ടായിരുന്നെന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു. എംഎല്‍എ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ല. എസ്എഫ്ഐ നേതാവാണെന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി സ്ഥാനാര്‍ഥി മോഹവുമായി രംഗത്തെത്തിയതും ഈഴവ സമുദായത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഈഴവ തീവ്രചിന്താഗതിക്കാരുടെ വോട്ട് ഇതോടെ യുഡിഎഫിനു പോയി. ബിജെപി യുഡിഎഫിനെ സഹായിച്ചെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും പരാജയത്തിനുള്ള മറ്റൊരു കാരണമായും അംഗങ്ങള്‍ കുറ്റപ്പെടുത്തി. കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന് യോഗത്തില്‍ പങ്കെടുത്തു. രാവിലെ 10ന് ചേര്‍ന്ന സെക്രട്ടേറിയറ്റിലും ഉച്ചയ്ക്കുശേഷം നടന്ന ജില്ലാ കമ്മിറ്റിയിലും സുധാകര-ഐസക് വിഭാഗങ്ങള്‍ തമ്മില്‍ പരസ്പര ആരോപണങ്ങള്‍ തൊടുത്തുവിട്ടു. ജി. സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കളും യോഗത്തിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: