കൊല്‍ക്കത്ത: സമൂഹത്തില്‍ അന്ധവിശ്വാസമില്ലാതാക്കുന്നതിന് ശാസ്ത്രബോധം വളര്‍ത്തേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ശാസ്ത്രചിന്തകളിലധിഷ്ഠിതമായ യുവതലമുറയെ സൃഷ്ടിക്കണം. വിജ്ഞാന് ഭാരതിയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐഐഎസ്എഫ്) വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റാര്‍ട്ടപ്പുകളില്‍ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവസമൂഹം ഈ മേഖലയിലേക്ക് കൂടുതലായി കടന്നു വരുന്നു. നവീന ആശയങ്ങള്‍ ജനജീവിതം അനായാസമാക്കുന്നു, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ശാസ്ത്രത്തെ പ്രയോജനപ്പെടുത്തണം. ശാസ്ത്ര പരീക്ഷണങ്ങളുടെ കേന്ദ്രമായി രാജ്യം മാറണം. ഇതില്‍ പരാജയത്തിന്റെ പ്രശ്നമില്ലെന്ന് ചന്ദ്രയാന്‍ ദൗത്യം പരാമര്‍ശിച്ച് മോദി വിശദീകരിച്ചു. ശാസ്ത്രജ്ഞര്‍ കഠിന പരിശ്രമം നടത്തി. ചന്ദ്രയാന്‍ രാജ്യത്തെ സംബന്ധിച്ച് വിജയമായിരുന്നു. കുട്ടികളുള്‍പ്പെടെ എന്താണ് ഈ ദൗത്യമെന്ന് ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. സമൂഹത്തില്‍ ശാസ്ത്രാവബോധമുണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചു, മോദി ചൂണ്ടിക്കാട്ടി.
വിശ്വ ബംഗ്ലാ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ ഹര്ഷ്വര്ധന്, അര്ജ്ജുന് മുണ്ട, സംസ്ഥാനത്തെ മന്ത്രി സദന് പാണ്ഡെ, വിജ്ഞാന് ഭാരതി സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെസ്റ്റിവല്‍ എട്ടിന് സമാപിക്കും.
രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര ഉത്സവമാണിത്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി 16000ത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. കേരളത്തില്‍നിന്നുള്ള ആയിരത്തിലേറെ വിദ്യാര്‍ഥികളും അധ്യാപകരും മേളയുടെ ഭാഗമാണ്. വിദേശരാജ്യങ്ങളില്‍ നിന്നും പ്രതിനിധികളുണ്ട്.
അഞ്ച് രാജ്യങ്ങളിലെ ശാസ്ത്ര വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യവുമുണ്ട്. യുവസമൂഹം, വനിതകള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, മാധ്യമം തുടങ്ങി വിവിധ മേഖലകളിലായി 28 പരിപാടികള്‍ നടക്കും. 2500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശാസ്ത്ര ഗ്രാമവും രണ്ട് ലക്ഷം സ്ക്വയര്‍ഫീറ്റിലുള്ള ശാസ്ത്ര പ്രദര്ശിനിയുമാണ് പ്രധാന ആകര്‍ഷണം. നാല് ഗിന്നസ് റെക്കോഡുകളും ലക്ഷ്യമിടുന്നു. ശാസ്ത്ര രംഗത്ത് യുവസമൂഹത്തെ പ്രോത്സാഹിപ്പിക്കുകയും നൂതന ആശയങ്ങള്‍ വളര്‍ത്തിയെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: