കൊച്ചി: വര്‍ഗീയതയുടെ അടിവേരുകള്‍ കണ്ടെത്തി എഴുതിയ പുസ്തകത്തിന്റെ പ്രകാശനവേദി മതവിശകലന ചര്‍ച്ചയായി. പത്രപ്രവര്ത്തകന് ജി.കെ. സുരേഷ്ബാബു രചിച്ച് കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച പുസ്തകം ഹമീദ് ചേന്ദമംഗലൂരിന് നല്കി ജസ്റ്റിസ് കെ. കെമാല്‍പാഷ പ്രകാശനം ചെയ്തു.
അധികാരത്തിലേക്കുള്ള ഏണിപ്പടിയായി മതം എന്ന് പരിഗണിക്കപ്പെടാന്‍ തുടങ്ങിയോ അന്ന് മുതല്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മൂല്യം ഇല്ലാതായെന്ന് കെമാല്‍ പാഷ പറഞ്ഞു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് പൊതു സാഹോദര്യമാണ് വേണ്ടത്. മതത്തിന്റെ ആളുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ പിന്തുടരുന്നവരെ നേര്‍വഴിയിലല്ലാതെ നടത്തുന്നതാണ് പ്രശ്നം, അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കാതെ സായുധ സമരത്തിലൂടെ അട്ടിമറിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആശംസാ പ്രസംഗത്തില്‍ പറഞ്ഞ ഡോ.കെ.എസ്. രാധാകൃഷ്ണന്, മാവോയിസ്റ്റുകള്‍ക്ക് കഞ്ഞി കുടിക്കുമ്പോള്‍ എകെ 47 എന്തിനായിരുന്നുവെന്ന് ചോദിച്ചു. ഒരു കാരണത്താലും മാവോയിസ്റ്റുകളെ അംഗീകരിക്കാനാവില്ല. ബിനോയ് വിശ്വം അവരെ ന്യായീകരിക്കുന്നെങ്കില്‍ അതിന് കാരണം വ്യക്തിപരമാണ്. മലബാര്‍ കലാപത്തെ മാപ്പിള ലഹളയെന്ന നിയമപ്രകാരമുള്ള സമരമായി വ്യാഖ്യാനിച്ച കമ്യൂണിസ്റ്റുകള്‍ വസ്തുകളുമായി കലഹിക്കുകയായിരുന്നു. വാളയാറില്‍ പ്രോസിക്യുഷന് പരാജയപ്പെട്ടതില്‍ ഒരു പങ്ക് ജഡ്ജിക്കുമുണ്ട്. വര്‍ഗീയത്ക്ക് കാരണം മതപരിവര്‍ത്തനമാണ്, അത് വിഷം പോലെ വര്‍ജിക്കണം, അദ്ദേഹം പറഞ്ഞു.
മതേതര പാര്‍ട്ടികള്‍ കൊണ്ടുനടന്ന മുന്നണി രാഷ്ട്രീയമാണ് വര്‍ഗീയത കേരളത്തില്‍ വളര്‍ത്തിയതെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും വഴി കേരളത്തില്‍ മുഖ്യ പാര്‍ട്ടികളല്ല, മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളുമാണ് വളര്‍ന്നത്. രാജ്യത്ത് അപരവല്ക്കരിക്കപ്പെട്ടത് മുസ്ലീങ്ങളല്ല, ഹിന്ദുക്കളിലെ പിന്നാക്കക്കാരായ ദളിതരാണ്. ഭാരത വിഭജന കാലത്ത് 10 കോടി മുസ്ലീങ്ങളുണ്ടായിരുന്നു. അവരില്‍ ആറു കോടി സമ്പന്നരും ഉയര്ന്നവരുമായവര് അങ്ങോട്ടു പോയി. ശേഷിച്ച ദരിദ്രര്‍ ഇവിടെ തങ്ങി. മുസ്ലിം മതപണ്ഡിതര്‍ അവര്‍ക്ക് വിദ്യാഭ്യാസവും വിലക്കി. അങ്ങനെയാണ് അവര്‍ പിന്നാക്കം പോയത്, അദ്ദേഹം പറഞ്ഞു.
മതനിന്ദാ നിയമം ഇല്ലാതാക്കണമെന്നും വര്‍ഗീയതയുടെ രുചിയറിഞ്ഞ ഇടതുപക്ഷമാണ് ഇവിടെ അത് പ്രോത്സാഹിപ്പിക്കുന്നതെന്നും ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. വര്‍ഗീയതയും മതനിരപേക്ഷതയും മതേതരത്വവുമൊക്കെ അവസരത്തിനൊത്ത് വ്യാഖ്യാനിക്കപ്പെടുന്നതല്ലാതെ ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കര്‍ക്കു പോലും ഹിന്ദുവിനെ നിര്വചിക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുരുക്ഷേത്ര എംഡി സി.കെ. രാധാകൃഷ്ണന് അധ്യക്ഷനായി. ഗ്രന്ഥകാരന് ജി.കെ. സുരേഷ് ബാബു പങ്കെടുത്തു. എഡിറ്റര്‍മാരായ കാവാലം അനില്‍, ആര്.എം. ദത്തന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: