മക്കളേ,
ഇന്നു നമ്മുടെ രാജ്യത്തു പൊതുവെ ഈശ്വരവിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ആരാധനാലയങ്ങളില്‍ ജനങ്ങള്‍ തടിച്ചു കൂടുന്നത് നമുക്കു കാണാം. എന്നാല്‍ പലപ്പോഴും ഈശ്വരഭക്തിയുടെ പ്രയോജനം നിത്യജീവിതത്തില്‍ പ്രതിഫലിച്ചു കാണുന്നില്ല. മൂല്യച്യുതിയും ഭോഗാസക്തിയും വര്‍ദ്ധിച്ചു വരുന്നു. ഈ വൈരുദ്ധ്യത്തെ എങ്ങനെ വിശദീകരിക്കും, എന്നു പലരും സംശയം പ്രകടിപ്പിക്കാറുണ്ട്.
നമ്മുടെ നാട്ടില്‍ മതവിശ്വാസങ്ങള്‍ പൊതുവെ മാമൂലുകളിലും ചടങ്ങുകളിലും ഒതുങ്ങുന്നു. മതതത്ത്വങ്ങള്‍ ശരിയായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതം പലരിലും കാണാറില്ല. മതതത്ത്വങ്ങളെക്കുറിച്ച് ശരിയായ അറിവ് മിക്കവര്‍ക്കും ഇല്ല. മതത്തിനുവേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ തയ്യാറാണ്. എന്നാല്‍ മതതത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി ജീവിക്കാന്‍ അധികമാരും തയ്യാറല്ല. അതാണ് ഇന്നു കാണുന്ന മൂല്യച്യുതിയ്ക്ക് ഒരു പ്രധാന കാരണം.
ഇന്ന് പലരും മതപരമായ ചടങ്ങുകളുടെയും ആചാരങ്ങളുടെയും ശരിയായ അര്‍ത്ഥമറിയാതെ അനുഷ്ഠിക്കുകയാണ്. ഒരിക്കല്‍ ഒരു തോട്ടം നടത്തിപ്പുകാരന്, നാലു ജോലിക്കാരെ വിളിച്ച് ഓരോ ജോലി ഏല്പിച്ചു. ഒന്നാമന് കുഴികള്‍ കുഴിക്കണം, രണ്ടാമന് അവയില്‍ വിത്തിടണം, മൂന്നാമന് അവയ്ക്കു വെള്ളമൊഴിക്കണം, നാലാമന് കുഴികള്‍ മണ്ണിട്ടു മൂടണം. അവര്‍ ജോലി തുടങ്ങി. ഒന്നാമന് കുഴികുഴിച്ചു. എന്നാല്‍ വിത്തിടേണ്ടയാള്‍ അതു ചെയ്തില്ല. ഇതു കാര്യമാക്കാതെ മൂന്നാമന് വെള്ളമൊഴിച്ചു, നാലാമന് കുഴികള്‍ മൂടുകയും ചെയ്തു. ഫലമോ, അവര്‍ ചെയ്ത ജോലിയെല്ലാം പാഴായി. ഈ ജോലികള്‍ എല്ലാം ചെയ്തതു വിത്തിട്ടു കിളിര്‍പ്പിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ അതുമാത്രം നടന്നില്ല. ഇതുപോലെയാണു് ഇന്നു പലപ്പോഴും സംഭവിക്കുന്നത്. ശരിയായ തത്ത്വം ഉള്‍ക്കൊണ്ട് അതു ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കാതെ, വെറും ആചാരം എന്നവണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
ധര്‍മ്മം നിലനില്ക്കുന്നതും പുഷ്ടിപ്പെടുന്നതും ആചാരാനുഷ്ഠാനങ്ങളിലൂടെയാണ്. ഈശ്വരസ്മരണയും നല്ല മൂല്യങ്ങളും വളര്‍ത്തുക എന്നതാണ് ആചാരങ്ങള്‍ കൊണ്ട് മുഖ്യമായി ഉദ്ദേശിക്കുന്നത്. നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ ആചാരങ്ങള്‍ സഹായിക്കും. ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാകും. എന്നാല്‍ നമ്മള് ആചാരത്തിനപ്പുറം പോകേണ്ടതുണ്ട്. അര്‍ത്ഥമറിയാതെ ആചാരത്തില്‍ മാത്രം ബന്ധിച്ചുനില്ക്കാന് പാടില്ല. ഓരോ ആചാരത്തിനും പിന്നിലെ തത്ത്വമറിഞ്ഞു് അവ അനുഷ്ഠിക്കാന്‍ നമ്മള് തയ്യാറാകണം. എങ്കില്‍ മാത്രമേ ആചാരത്തിന്റെ ശരിയായ പ്രയോജനം ലഭിക്കൂ. അല്ലെങ്കില്‍ അതു വെറും ബാഹ്യമായ ചടങ്ങു മാത്രമായിത്തീരും.
ആചാരങ്ങള്‍ പാലിക്കുന്നതിലൂടെ സമൂഹത്തിനും ഗുണം കിട്ടുന്നുണ്ട്. ഉദാഹരണത്തിന്, വിഗ്രഹങ്ങള്‍ക്കു ചാര്‍ത്തുന്ന പൂമാലകളുടെ കാര്യമെടുക്കാം. പാവങ്ങള്‍ പട്ടിണി കിടക്കുന്ന ഒരു രാജ്യത്ത് ദൈവത്തിനുവേണ്ടി ഇത്രയും പണം ചെലവാക്കുന്നത് തെറ്റാണെന്നോ പാഴ്ചെലവാണെന്നോ ചിലര്‍ക്കു തോന്നാം. എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഇതിന്റെ പല നല്ല വശങ്ങളും നമുക്കു കാണുവാന്‍ കഴിയും. ഒന്നാമതായി, ചെടികളും വൃക്ഷങ്ങളും നടുന്നത് പരിസ്ഥിതിയ്ക്കു നല്ലതാണ്. പൂന്തോട്ടം നോക്കുന്നയാള്‍ക്ക് ജോലിയായി, കൃഷിസ്ഥലത്തുനിന്ന് പൂക്കള്‍ ചന്തയിലെത്തിക്കുന്നവനും, തോട്ടം ഉടമയ്ക്കും പണമായി. പൂക്കടക്കാരനും, മാല കെട്ടുന്നയാള്ക്കും വരുമാനമാര്‍ഗ്ഗമായി. പൂമാല വാങ്ങി വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ഭക്തന് സംതൃപ്തി അനുഭവിക്കുകയും ചെയ്യുന്നു.
എന്നാല്‍ മതത്തിന്റെ പേരിലുള്ള ആഡംബരങ്ങളും ദുര്‍വ്യയങ്ങളും നമ്മള് ഒഴിവാക്കുകതന്നെ വേണം. പട്ടുസാരിയും, സ്വര്‍ണവും മറ്റും അഗ്നിയില്‍ ഹോമിക്കുന്നതുപോലെയുള്ള രീതികള്‍ ഉപേക്ഷിക്കേണ്ടതാണ്. അതിനു ചെലവാക്കുന്ന പണം സാധുക്കളെ സഹായിക്കാന്‍ ഉപകരിക്കുമല്ലോ.
താന്‍ ശരീരമാണെന്ന ബോധത്തില്‍ കഴിയുന്നിടത്തോളം മനുഷ്യന് ആചാരങ്ങള്‍ ആവശ്യമാണ്. എല്ലാം ഈശ്വരനാണു്, ബ്രഹ്മമാണ് എന്നൊന്നും പറഞ്ഞതുകൊണ്ടായില്ല. നമുക്കത് അനുഭവത്തിലില്ല. ചെറിയ കുട്ടികളെ എണ്ണാന്‍ പഠിപ്പിക്കാന്‍ പടങ്ങളും മഞ്ചാടിക്കുരുവുമൊക്കെ ആവശ്യമാണ്. അതുപോലെ ഇപ്പോള്‍ നമ്മുടെ മനസ്സിനെ സ്വാധീനമാക്കുവാന്‍ ആചാരങ്ങള്‍ വേണം. അദ്വൈതാവസ്ഥയിലെത്തിയ മഹാത്മാക്കള്‍ക്ക് ശുദ്ധാശുദ്ധങ്ങളും വിധിനിഷേധങ്ങളും ബാധകമല്ലെങ്കിലും അവര്‍ ആചാരത്തെ നിഷേധിക്കുകയില്ല. അവരും മറ്റുള്ളവര്‍ക്കു മാതൃക കാണിക്കുവാനായി ആചാരം പാലിക്കാറുണ്ടു്. നമ്മള് ആചാരം പാലിച്ചാലും ഇല്ലെങ്കിലും ദൈവത്തിനൊന്നുമില്ല. അവിടുന്ന് പൂര്‍ണനാണ്. പക്ഷേ, നമുക്കു വളരാന്‍ ആചാരങ്ങള്‍ ആവശ്യമാണ്. ആചാരമില്ലെങ്കില്‍ ധര്‍മ്മം തന്നെ ഇല്ലാതാകും. സാന്മാര്ഗ്ഗികതയും സാമൂഹ്യഭദ്രതയും സംരക്ഷിക്കപ്പെടുന്നത് ആചാരങ്ങളിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: