പാലക്കാട്: വാളയാറില്‍ രണ്ടു ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിനിരയായി, ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തിലും സിപിഎം നേരിട്ടും ശ്രമിച്ചു എന്നുറപ്പായി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ കൊലപാതക സാധ്യതകള്‍ വ്യക്തമായി സൂചിപ്പിച്ചിട്ടും പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പോലീസും, സിപിഎമ്മും നടത്തിയത് വന്‍ ഗൂഢാലോചന. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സിപിഎമ്മിന്റെ ഇടപെടലുമാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിട്ടയക്കാന്‍ കാരണമെന്നതു ശരിവയ്ക്കുന്നതാണ് ചില കണ്ടെത്തലുകള്‍. കേസില്‍ ഹാജരാക്കിയ സാക്ഷികള്‍ സിപിഎമ്മുകാരും പ്രതികളുടെ ബന്ധുക്കളുമാണ്. ഇത് കേസിനെ സ്വാധീനിച്ചിട്ടുണ്ട്. ഒന്ന്, രണ്ട്,മൂന്ന്, അഞ്ച്, ആറ്,ഏഴ്, എട്ട് സാക്ഷികള്‍ സിപിഎമ്മുകാരാണ്. 11 മുതല്‍ 25 വരെയുള്ള സാക്ഷികള്‍ പ്രതിയുടെ ബന്ധുക്കളും. സിപിഎമ്മുകാരും, ബന്ധുക്കളുമായ സാക്ഷികളെ ഹാജരാക്കി, പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും പോലീസില്‍ നിന്നും ഉണ്ടായത്. ചില സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചില്ല എന്ന ആരോപണവും ഉയരുന്നു.
2017 ജനുവരി 13ന് അട്ടപ്പള്ളം ശെല്‍വപുരത്തെ ഒറ്റമുറി വീട്ടില്‍ പതിമൂന്നു വയസുള്ള മൂത്തപെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്ത പത്തു പേരില്‍ പലരും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരും പാര്‍ട്ടി ചുമതലയുള്ളവരുമായിരുന്നു. സിപിഎം പ്രാദേശിക നേതാവും, പഞ്ചായത്ത് മെമ്പറും ഇവരെ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയായിരുന്നു.
ഒന്നാംപ്രതിയായ വി.മധു മകളെ പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞിരുന്നതാണെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ പ്രോസിക്യൂഷന് ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്നാംപ്രതി പ്രദീപ് കുമാറിനെയാണ് പോക്സോ കോടതി ആദ്യം വിട്ടയച്ചത്. ആദ്യവിധിയുടെ പകര്‍പ്പ് വ്യക്തമാക്കുന്നതും അതാണ്. പ്രോസിക്യൂഷന് ഒരു തെളിവും ഹാജരാക്കാനായില്ലെന്നും കൊലപാതകമെന്നതിന് തെളിവില്ലെന്നും വ്യക്തമാക്കുന്നതാണ് കോടതി വിധി.
മൂന്നാംപ്രതി പ്രദീപിന് വേണ്ടി സിഡബ്ല്യുസി ചെയര്മാന് അഡ്വ.എന്‍. രാജേഷ് ഹാജരായ സംഭവം വിവാദമായതോടെ വിഷയത്തില്‍ അന്വേഷണം നടന്നിരുന്നു. രാജേഷ് ഹാജരായിട്ടില്ലെന്നും വക്കാലത്ത് മറ്റൊരു അഭിഭാഷകനാണ് നോക്കുന്നതെന്നും പറയാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുമേല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തി. മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. അഞ്ചുമാസം പിന്നിട്ടിട്ടും ഈ അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതിനു പിന്നില്‍ രാജേഷിനെ സംരക്ഷിക്കുവാനുള്ള നീക്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: