ഒരു പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമാക്കിയ ഉപതെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ ഇന്ന് ബൂത്തുകളിലെത്തുകയാണ്. അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം തെക്കേ അറ്റത്തുള്ള വട്ടിയൂര്‍ക്കാവ്, മധ്യഭാഗത്തുള്ള എറണാകുളം, അരൂര്‍, പത്തനംതിട്ടയിലെ കോന്നി എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അനാവശ്യമായി യുഡിഎഫും എല്‍ഡിഎഫും വരുത്തിവച്ച ഈ തെരഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മാത്രമല്ല, കോടിക്കണക്കിന് രൂപയും ഏറെ അദ്ധ്വാനവും പാഴായി. എംഎല്‍എമാരായിരുന്നവര്‍ ലോക്സഭയില്‍ മത്സരിച്ച് ജയിച്ചതാണ് 4 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഒരു നിയമനിര്‍മ്മാണസഭയില്‍ അംഗമായിരിക്കെ മറ്റൊരു സഭയിലേക്ക് മത്സരിക്കുന്നത് നിയമപ്രകാരം തെറ്റല്ല. പക്ഷേ, അപാകതയുണ്ട്. അത് മാറ്റാനെങ്കിലും ഭാവിയില്‍ കഴിയണം. മഞ്ചേശ്വരത്ത് ഒരംഗം അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായത്. ഉപതെരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പ് കേരളത്തിലുയര്‍ന്ന ആരോപണം തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയുമാണ്. മാര്‍ക്ക്തട്ടിപ്പ്, മാര്‍ക്ക്ദാനം എന്നിവ യുവജനങ്ങളില്‍ ആശങ്കയും അമ്പരപ്പും ഉണ്ടാക്കി. നിയമവിരുദ്ധമായി മാര്‍ക്ക്ദാനം ചെയ്തതിനെ ന്യായീകരിക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍. അതൊക്കെ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കും.
കേരളത്തിന് ഒരു കഴഞ്ചുപോലും നന്മചെയ്യാത്ത ഇടത്-വലത് സഖ്യവും രാജ്യത്താകമാനം ആധിപത്യം ഉറപ്പിച്ച ദേശീയ ജനാധിപത്യ സഖ്യവുമാണ് മത്സരത്തില്‍ മുഖ്യമായുള്ളത്. പതിവിന് വിപരീതമായി ഇഞ്ചോടിഞ്ച് പോരാട്ടം. അതോടൊപ്പം സ്ഥാനാര്‍ഥികളെ വ്യക്തിഹത്യചെയ്യാനുള്ള പ്രവണതയും കാണാനായി. കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചത് സിപിഎമ്മിലെ സൈബര്‍ സംഘമായിരുന്നു. അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഒരു മന്ത്രിതന്നെ അധിക്ഷേപിക്കുന്നതും കാണാനായി. കോണ്‍ഗ്രസ് മുന്നണിക്കും കമ്മ്യൂണിസ്റ്റ് മുന്നണിക്കും പറയാന്‍ രാഷ്ട്രീയമില്ല. പലസ്ഥലത്തും ഇവര്‍ ഒരേ തൂവല്‍പക്ഷികളാണ്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇരുവരുടെയും മുഖമുദ്ര. കോണ്‍ഗ്രസിന്റെ പര്യായമായ അഴിമതിയുടെ നേര്‍ക്കാഴ്ചയാണ് പാലാരിവട്ടം പാലം. അതിന് നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മുന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുകയാണ് ഇടത് സര്‍ക്കാര്‍. ലീഗുകാരനായ മുന്മന്ത്രിയെ സംശയത്തിന്റെ നിഴലില്‍ മാത്രം നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും നോക്കുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് വീമ്പടിച്ച ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാ അഴിമതിയും ഒത്തുതീര്‍ക്കാന്‍ നോക്കുന്നു. യുഡിഎഫ് ഭരണത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് ആരോപിച്ച സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് സത്യവാങ്മൂലം നല്‍കിക്കഴിഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ജാതിയുടെയും ഉപജാതികളുടെയുമൊക്കെ സംഘടനകള്‍ക്ക് പത്തിവിടര്‍ത്തി ആടാന്‍ ഇരുമുന്നണികളും അവസരമൊരുക്കി. ഈ സാഹചര്യത്തിലാണ് എല്ലാവരുടെയും വികസനം എല്ലാവര്ക്കും ഒപ്പം എന്ന എന്‍ഡിഎയുടെ പ്രസക്തി വര്‍ധിക്കുന്നത്. എന്‍ഡിഎയാണ് ശരിയെന്ന് ഭാരതജനത തിരിച്ചറിഞ്ഞിരിക്കുന്നു. തെറ്റിദ്ധരിച്ചിരുന്ന സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും എന്‍ഡിഎയാണ് ശരിയെന്ന് മനസ്സിലായി. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പും നടക്കുകയാണ്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വന്‍ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്നുറപ്പാണ്. അഞ്ചുവര്‍ഷം ശരിയായ ഭരണം നടത്തിയതിന്റെ ജനവിധി കൂടിയായിരിക്കുമത്. ദേശീയതലത്തില്‍ നടക്കുന്ന നരേന്ദ്രമോദി ഭരണത്തിനുള്ള ക്ലീന്‍ചിറ്റ് കൂടിയാകുമത്. അഞ്ചേകാല്‍ വര്‍ഷമായി ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നില്ല. മാത്രമല്ല യുപിഎ ഭരണത്തിലെ ഖജനാവ് കൊള്ളക്കാരെ ഓരോന്നായി പിടികൂടുകയാണ്. എത്ര ഉന്നതരായാലും അഴിമതി നടത്തി നിവര്‍ന്ന് നടക്കാന്‍ വിടില്ലെന്ന സന്ദേശമാണ് ഓരോദിവസവും വന്നുകൊണ്ടിരിക്കുന്നത്. അതിനെ ജനങ്ങള്‍ അംഗീകരിക്കുകതന്നെ ചെയ്യും. എന്‍ഡിഎ നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരവും വികസന പ്രവര്‍ത്തനങ്ങളും സഹ്യനപ്പുറം മാത്രമല്ല, കേരളത്തിലും ഉണ്ടാകണം. അതിനായി ശരിനോക്കി ജനങ്ങള്‍ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: