മലയാളഭാഷയെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നാണ്് ഭരണാധികാരികളില്പലരും വേദിതോറും പറയുന്നത്. എന്നാല്‍, ഭാഷാസ്നേഹികളെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികള്‍ അവരില്‍നിന്നുതന്നെ ഉണ്ടാകുന്നു. ‘ഇക്കൊല്ലത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്കാരനിര്‍ണയം വിവാദത്തിലേക്ക്’ എന്ന വാര്‍ത്ത ആരെയും അത്ഭുതപ്പെടുത്തുന്നുണ്ടാവില്ല. പുരസ്കാരത്തിനൊപ്പം വിവാദവും കേരളത്തില്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഒടുവില്‍ വയലാര്‍ പുരസ്കാരത്തെയും വിവാദം എന്ന ഭൂതം ബാധിച്ചിരിക്കുന്നു!
അര്‍ഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നല്‍കാനുള്ള കടുത്ത ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ പ്രതിഷേധിച്ച് പുരസ്കാര നിര്‍ണയസമിതി അധ്യക്ഷസ്ഥാനത്തുനിന്ന് പ്രൊഫ. എം.കെ. സാനു രാജിവച്ചതായാണ് വാര്‍ത്ത. കമ്മ്യൂണിസ്റ്റ് ബന്ധമുള്ള, മലയാളത്തിലെ ഒരു പ്രമുഖ കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ ഒരാളുടെ ആത്മകഥയ്ക്ക് പുരസ്കാരം നല്‍കാനുള്ള സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രൊഫ. സാനു ഈ തീരുമാനം എടുത്തതത്രെ.
ബാഹ്യസമ്മര്‍ദ്ദം എവിടെനിന്നെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ചില സമ്മര്‍ദ്ദങ്ങള്‍ ഏതുയോഗ്യതയെയും മറികടക്കും. ‘സമ്മര്‍ദ്ദത്തിന് മീതെ യോഗ്യതയും പറക്കില്ല’ എന്നതാണ് അവാര്‍ഡ് നിര്‍ണയ യോഗങ്ങളിലെ പുതുചൊല്ല്. ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തുകയോ ചെലുത്തിക്കുകയോ ചെയ്യുന്നവര്‍ മലയാളത്തിന്റെ പ്രിയ കവിയെയും ആ കവിയുടെ പേരിലുള്ള പുരസ്കാരത്തെയുമാണ് അപമാനിക്കുന്നത്. ഫലത്തില്‍, ഇത് മലയാളഭാഷയോട് കാണിക്കുന്ന കടുത്ത അനാദരംതന്നെ.
വിവാദത്തെതുടര്‍ന്ന് പുരസ്കാരത്തിന് എന്തുസംഭവിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളു. അടുത്തകാലത്ത് ലളിതകലാഅക്കാദമി പ്രഖ്യാപിച്ച കാര്ട്ടൂണ്പുരസ്കാരം മരവിപ്പിക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. അതിനുശേഷം അധികൃതരുടെ വിശദീകരണങ്ങള്‍ കണ്ടില്ല. കാര്‍ട്ടൂണ്‍ പുരസ്കാരം മരവിപ്പിച്ചോ ഇല്ലയോ എന്നത് ആ പുരസ്കാരം പോലെ ഇപ്പോഴും വിവാദവിഷയമാണ്. കുറച്ചുകാലം മരവിപ്പിച്ചിട്ടശേഷം ആ പുരസ്കാരം രഹസ്യമായി പുനര്ജീവിപ്പിച്ചു എന്നാണ് ഒരു പുരസ്കാരഗവേഷകന് പറഞ്ഞത്. വയലാര്‍ പുരസ്കാരത്തിനായി ശീതീകരണി ഒരുക്കിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
ആലുവയിലെ കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക മുനിസിപ്പല്‍ ലൈബ്രറിയോട് ചേര്‍ന്ന് കുപ്പിവെള്ളപ്ലാന്റ് നിര്‍മ്മിക്കാന്‍ നീക്കമെന്ന വാര്‍ത്തയും ഭാഷാസ്നേഹികളെ അസ്വസ്ഥരാക്കുന്നു. കുപ്പിവെള്ളപ്ലാന്റിന് ഏറ്റവും പറ്റിയ സ്ഥലം ലൈബ്രറി വളപ്പാണെന്നും കണ്ടെത്തിയവരെയോര്ത്ത് കുറ്റിപ്പുഴ മറ്റൊരു ലോകത്തിരുന്ന് ചിരിക്കുന്നുണ്ടാകും. ജലം ജീവാധാരമായതിനാല് പുസ്തകം പോലെ പവിത്രമാണ് കുപ്പിവെള്ളമെന്നും അതിനാല്‍ ഗ്രന്ഥശാലയ്ക്ക് സമീപമാണ് പ്ലാന്റ് സ്ഥാപിക്കേണ്ടതെന്നും ഇക്കൂട്ടര്‍ വാദിച്ചേക്കാം. പ്ലാന്റില്‍ ഉത്പാദനം തുടങ്ങുമ്പോള്‍ പുസ്തകങ്ങള്‍ ചാക്കില്‍കെട്ടി ലൈബ്രറിയുടെ പിന്ഭാഗത്തേക്കുതള്ളി മുന്‍ഭാഗം കുപ്പിവെള്ള വിതരണകേന്ദ്രമായി മാറ്റാമെന്നും ഇവര്‍ നിര്‍ദേശിച്ചു കൂടായ്കയില്ല. ആദ്യം കുപ്പിവെള്ളം, പിന്നെ പുസ്തകം!
പത്രത്തില്‍നിന്ന്:
‘കന്നിമാസത്തിലെ മകം നാളിലാണ് പാഠം ഒന്ന് പാഠത്തേക്ക് പദ്ധതി നടപ്പാക്കുന്നത്’. ആദ്യ പാഠത്തില്തന്നെ ‘പാടം’ പാഠ’ മായത് കഷ്ടമായി. ‘പാഠത്തേക്ക്’ ഒരിനം തേക്കാണെന്ന് കുട്ടികള്‍ ധരിച്ചേക്കാം!
പിന്കുറിപ്പ്:
മൂവാറ്റുപുഴ ബ്ലോക്കിലെ കൃഷിഭവനുകളുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നെല്ലിന്റെ ജന്മദിനം ആചരിക്കും.’ സമീപഭാവിയില്‍തന്നെ നെല്ലിന്റെ ചരമദിനവും ആചരിക്കേണ്ടിവരും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: