മലങ്കര സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയില്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നു. രണ്ട് ദിവസമായി പ്രാര്‍ത്ഥനായജ്ഞം നടത്തിക്കൊണ്ടിരുന്ന യാക്കോബായ വിഭാഗക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി പള്ളി അടച്ചുപൂട്ടിയിരിക്കുകയാണ്. പള്ളി ഏറ്റെടുത്ത ജില്ലാ കളക്ടര്‍ താക്കോല്‍ ഹൈക്കോടതിയില്‍ ഏല്‍പ്പിച്ചിരിക്കുന്നു. പിറവം പള്ളിയുടെ ഉടമസ്ഥാവകാശം 1934ലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടനയനുസരിച്ച് ആയിരിക്കുമെന്നാണ് സുപ്രീംകോടതി വിധി. ഇതുപ്രകാരം പള്ളി വികാരി, മെത്രാന്, മെത്രാപ്പോലീത്ത എന്നിവര്‍ ഓര്‍ത്തഡോക്സുകാരായിരിക്കും. എന്നാല്‍ മലങ്കരസഭയില്ത്തന്നെയുള്ള യാക്കോബായ വിഭാഗക്കാര്‍ ഇത് അംഗീകരിക്കുന്നില്ല.
സുപ്രീംകോടതി വിധിപ്രകാരം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറായില്ല. പള്ളി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും, അതിന് ആരെങ്കിലും ശ്രമിച്ചാല്‍ തടയുമെന്നും യാക്കോബായ വിഭാഗം പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് സര്‍ക്കാര്‍ ഒത്താശ ചെയ്തു. സുപ്രീംകോടതി വിധി നടപ്പാക്കിക്കിട്ടാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ശ്രമിച്ചത് സംഘര്‍ഷം രൂക്ഷമാക്കി. ഇതേത്തുടര്‍ന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കുകയും, നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
ഇടതുമുന്നണിയും പിണറായി സര്‍ക്കാരും രാഷ്ട്രീയം കളിച്ചതാണ് പിറവത്തെ പള്ളിത്തര്‍ക്കം വഷളാക്കിയത്. തങ്ങളോട് രാഷ്ട്രീയാഭിമുഖ്യം പുലര്‍ത്തുന്ന യാക്കോബായ വിഭാഗക്കാരെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീംകോടതി വിധി ഇതിന് അവര്‍ക്ക് തടസ്സമായില്ല. തന്നെയുമല്ല, തര്‍ക്കം എന്തുതന്നെയായിരുന്നാലും മതന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങളില്‍ ഇടപെടുന്നത് സൂക്ഷിച്ചുവേണമെന്ന് ഇടതുപക്ഷത്തിനറിയാം. ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ഏറ്റെടുക്കുകയും കയ്യടക്കുകയും ചെയ്യുന്നതുപോലെ മതന്യൂനപക്ഷങ്ങളോട് പെരുമാറില്ലെന്നത് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത ‘മതേതരനയം’ ആണ്. ശിവഗിരിയിലെയും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെയുമൊക്കെ ഭരണം ഏറ്റെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലല്ലോ.
പിറവത്തെ ‘വലിയ പള്ളി’ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി വിധി വന്നത് 2017 ജൂലായ് മൂന്നിനാണ്. നീണ്ട 26 മാസമാണ് മതേതരത്വം പ്രസംഗിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വിധി നടപ്പാക്കാതിരുന്നത്. ഇവിടെയാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാന്‍ ഹിന്ദുക്കള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചത്. പിറവത്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന് പറഞ്ഞ് അനങ്ങാപ്പാറ നയം സ്വീകരിച്ച സര്‍ക്കാര്‍, ശബരിമലയുടെ കാര്യത്തില്‍ കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം ചവിട്ടിമെതിച്ച് പോലീസിന്റെ മൃഗീയശക്തി ഉപയോഗിച്ച് വിധി നടപ്പാക്കാന്‍ ശ്രമിച്ചു. പിറവം പള്ളിത്തര്‍ക്കത്തില്‍ ഇപ്പോഴും വിധി നടപ്പാക്കിയെന്ന് പറയാനാവില്ല. നിയമപ്രകാരമുള്ള അവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കാതെ ഇരുവിഭാഗക്കാര്‍ക്കും പ്രവേശനമില്ലാത്തവിധം പള്ളി തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവിടെയും നീതിയുടെ ലംഘനമുണ്ട്. ഇപ്പോഴത്തെ നടപടിയിലൂടെ നീതി നടപ്പാക്കുകയല്ല, അതിവിദഗ്ദ്ധമായി പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരെന്ന് സംശയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: