പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതല്‍ ഭീകരവാദികളുടെ ഹിറ്റ് ലിസ്റ്റിലുള്ള നേതാവാണ്. ആഭ്യന്തരമന്ത്രി അമിത്ഷായും ലിസ്റ്റിലെ പ്രമുഖന്‍തന്നെ. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതനുസരിച്ച് ഇരുവരുടെയും സുരക്ഷയും വര്‍ദ്ധിപ്പിച്ചുപോന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിക്ക് ഇസഡ്പ്ലസ് സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ദേശീയ സുരക്ഷാസേനയ്ക്ക് (എന്‍എസ്ജി) ആയിരുന്നു സുരക്ഷാചുമതല. 2014ല്‍ മോദി പ്രധാനമന്ത്രിയായശേഷം അദ്ദേഹത്തിന്റെ യാത്രകളും സുരക്ഷയുമെല്ലാം കൈകാര്യം ചെയ്യുന്നത് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ആണ്. ഏതുതരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ എസ്പിജിക്ക് ശേഷിയുണ്ട്.
പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ മോദിയെ ലക്ഷ്യംവെച്ച് പല പദ്ധതികളും തയ്യാറാക്കിയിരുന്നു. ശക്തമായ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ ഈ നീക്കങ്ങളെയെല്ലാം അവര്‍ പരാജയപ്പെടുത്തി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇന്റലിജന്‍സ് വിവരമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാന്‍ ജെയ്ഷെ മുഹമ്മദ് പദ്ധതിയിട്ടിരിക്കുന്നു. ഇതിനുവേണ്ടി നിയോഗിച്ചിരിക്കുന്ന ചാവേറുകള്‍ക്ക് പതിവുപോലെ സഹായം നല്‍കുന്നത് പാക് ചാരസംഘടനയായ ഐഎസ്ഐയാണ്. ഭീകരാക്രമണശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ജമ്മുകശ്മീരിന് പ്രത്യേകപദവി നല്കുന്ന 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് അവരുടെ പുതിയ നീക്കം.
സെപ്തംബറില്‍ത്തന്നെ ജെയ്ഷെ മുഹമ്മദ് ചാവേര്‍ സ്ക്വാഡ് ചാവേറാക്രമണം നടത്തുമെന്ന് ചില വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരതയോട് രാജ്യം സ്വീകരിക്കുന്ന നടപടികള്‍ തന്നെയാണ് ഇവരെ ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകം.
റിസര്‍ച്ച് അനാലിസിസ് വിങ്ങില്‍ (റോ) പ്രവര്‍ത്തിക്കുമ്പോള്‍ അജിത് ഡോവല്‍ പാക്കിസ്ഥാനില്‍ വര്‍ഷങ്ങളോളം താമസിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന് ആരോപിച്ചിരുന്നു. അന്നുമുതല്‍ പാക്കിസ്ഥാന്റെ കണ്ണിലെ കരടാണ് ഡോവല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍, ഇന്ത്യ സ്വീകരിക്കുന്ന സുപ്രധാന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡോവല്തെന്നയാണെന്ന തിരിച്ചറിവാണ് ഇദ്ദേഹത്തെ ലക്ഷ്യംവയ്ക്കുന്നതിന് പ്രധാന കാരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ പല തന്ത്രങ്ങളും മെനഞ്ഞെങ്കിലും ആ നീക്കങ്ങളെല്ലാം ഇന്ത്യയുടെ കരുത്തുറ്റ ഇന്റലിജന്‍സ് സംവിധാനം തകര്‍ത്തു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാനില്‍ പതിനായിരം ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞയിടയ്ക്കാണ്. ഈ സാഹചര്യത്തിലാണ് നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എല്ലാ മേഖലകളിലും ഇന്റലിജന്‍സിന്റെ നിരീക്ഷണം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.
2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് നാറ്റ്ഗ്രിഡ് പദ്ധതി നടപ്പിലാക്കാനുള്ള ആലോചന തുടങ്ങിയത്. 2010 ഏപ്രില്‍ 8ന് പദ്ധതിക്കായി 3,400 കോടി രൂപ അനുവദിച്ചെങ്കിലും 2012ന് ശേഷം ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. പിന്നെ നാറ്റ്ഗ്രിഡ് വാര്‍ത്തകളില്‍ ഇടംപിടിച്ചതുതന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. രാജ്യത്ത് വന്നുപോകുന്നതായ എല്ലാ ജനങ്ങളുടെയും വിവരങ്ങള്‍ നാറ്റ്ഗ്രിഡ് ഇന്റലിജന്‍സ് ശേഖരിക്കും. രാജ്യത്തിന്റെ എല്ലാ മേഖലകളെയും നിരീക്ഷിക്കുന്ന അന്വേഷണ ഏജന്‍സി ഇല്ലാതിരുന്നതിനാലാണ് കൊടുംഭീകരന് ഡേവിഡ് ഹെഡ്ലി ഇന്ത്യയിലെത്തിയപ്പോള്‍ പിടികൂടാനാവാതെ പോയത്. മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ തെളിവുകളുടെ അഭാവം ഏജന്‍സികള്‍ക്ക് തിരിച്ചടിയുണ്ടാക്കി. രാജ്യത്തിനും ഭരണകര്‍ത്താക്കള്‍ക്കും എതിരെ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ നാറ്റ്ഗ്രിഡ് പോലുള്ള ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് കരുത്തേകും. കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ക്ക് (മാവോയിസ്റ്റ്) എതിരായ നടപടികളും നാറ്റ്ഗ്രിഡിന്റെ സഹായത്തിലാവും ഇനി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: