ഫലാധികരണം
ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. കര്‍മ്മഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു ഇവിടെ.
സൂത്രം സുഖദുഃഖാദി കര്‍മ്മഫലം ഈശ്വരനില്‍ നിന്ന് ഉണ്ടാകുന്നു. അങ്ങനെ വിചാരിക്കുന്നത് യുക്തിക്ക് ചേര്‍ന്നതാണ്.
ലോകത്തില്‍ മനുഷ്യര്‍ക്ക് സുഖവും ദുഃഖവും ഇവ രണ്ടും ഇടകലര്‍ന്നതുമായ കര്‍മ്മാനുഭവങ്ങള്‍ ഉണ്ടാകുന്നു. ആരാണ് ഈ കര്‍മ്മഫലങ്ങളെ അനുഭവിക്കാറായി നല്‍കുന്നത് എന്നതാണ് സംശയം. ചെയ്യുന്നയാളും അനുഭവിക്കുന്നയാളും ഒന്ന് തന്നെയെങ്കില്‍
കര്‍മ്മങ്ങളാണ് ഫലത്തെ കൊടുക്കുന്നത് എന്ന് പറഞ്ഞാല്‍ അത് ശരിയാവില്ല. കാരണം കര്‍മ്മം, ചെയ്തു കഴിഞ്ഞ ഉടനെ ഇല്ലാതാകും. എന്നാല്‍ ഫലത്തിന്റെ അനുഭവം ഉണ്ടാകുന്നത് വളരെ കഴിഞ്ഞാകാം. അപ്പോള്‍ കര്‍മ്മങ്ങളില്ല. ഇല്ലാത്ത ഒന്നില്‍ നിന്ന് ഉണ്മയുള്ള ഒന്ന് ഉണ്ടാവില്ല. പ്രകൃതിയാണ് കര്‍മ്മഫലം അനുഭവിപ്പിക്കുന്നത് എന്ന് പറയാനും കഴിയില്ല.
ജഡമായ പ്രകൃതിയ്ക്ക് കര്‍മ്മഫലങ്ങളെ വിവേചിച്ചറിഞ്ഞ് അനുഭവിപ്പിക്കാന്‍ ആവില്ല. അതിനാല്‍ പ്രകൃതിയുമല്ല ഫലത്തെ നല്‍കുന്നത്. അപൂര്‍വത കൊണ്ടാണ് കര്‍മ്മ ഫലം എന്ന് പറഞ്ഞാലും ശരിയാവില്ല. അത് അചേതനമാണ്.
ഈ പറഞ്ഞവയില്‍ നിന്നൊക്കെ വ്യത്യസ്തമായ സചേതനായ പരമാത്മാവ് തന്നെയാണ് കര്‍മ്മഫലത്തെ വേണ്ടപോലെ നല്‍കുന്നത്. ജീവന്മാര്ക്ക് സര്‍വജ്ഞത്വവും സര്വശക്തിയുമൊക്കെ ഇല്ലാത്തതിനാല്‍ കര്‍മ്മഫലത്തെ നല്‍കുന്നവനാകാന്‍ കഴിയില്ല.
സൂത്രം ശ്രുതത്വാച്ച ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍
പരമാത്മാവ് തന്നെയാണ് കര്‍മ്മഫലത്തെ നല്‍കുന്നതെന്ന് ശ്രുതിയില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ യുക്തിമാത്രമല്ല ശ്രുതിയും പ്രമാണമാണ്. ബൃഹദാരണ്യകത്തില്‍ ‘സ വാ ഏഷ മഹാനജ ആത്മാ അന്നാദോ വസു ദാനഃ ‘ എന്നും കഠോപനിഷത്തില്‍ ‘നിത്യോ/ നിത്യാനാം ചേതനശ്ചേതനാനാം ഏകോ ബഹൂനാം യോ വിദധാതി കാമാന്‍’ എന്നും ഉള്ള ശ്രുതി വാക്യങ്ങളാല് കര്‍മ്മഫലദാതാവ് പരമാത്മാവാണെന്ന് ഉറപ്പിക്കാം.
സൂത്രം ധര്‍മ്മം ജൈമിനിരത ഏവ
അതിനാലാണ് ജൈമിനി മഹര്‍ഷി ധര്‍മ്മത്തെ ഫലദാതാവെന്ന് പറയുന്നത്. ശ്രുതിയ്ക്കും യുക്തിയ്ക്കും അനുസരിച്ചാണ് ജൈമിനി ധര്‍മ്മത്തെ ഫലദാതാവായി സങ്കല്പിക്കുന്നത്.
സൂത്രം പൂര്‍വം തു ബാദരായണോ ഹേതു വ്യപദേശാത്
എന്നാല്‍ ബാദരായണ മഹര്‍ഷി ആദ്യം പറഞ്ഞ അഭിപ്രായം ശരിയാണെന്ന് വിശ്വസിക്കുന്നു. എല്ലാറ്റിനും ഹേതു ഈശ്വരനാണെന്ന് പറഞ്ഞിട്ടുള്ളതിനാലാണിത്.
കര്‍മമോ അപൂര്‍വമോ കര്‍മ്മഫലത്തെ നല്‍കുമെന്ന് ബാദരായണന്‍ കരുതുന്നില്ല. ഈശ്വരനാണ് അത് ചെയ്യുന്നത്.ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് രക്ഷിച്ച് നിയന്ത്രിച്ച് കര്‍മ്മഫലത്തെ നല്കി കാക്കുന്നത് ഈശ്വരനാണ്.
ഉയര്‍ത്തേണ്ട വരെ സത്കര്മ്മത്തിലും താഴ്ത്തേണ്ടവരെ ദുഷ്കര്‍മ്മത്തിലും ഈശ്വരന് നിയോഗിക്കുന്നു. ഇതിനെ ശ്രുതിയും പിന്തുണയ്ക്കുന്നുണ്ട്. ഭഗവദ്ഗീതയില്‍ ‘സ തയാശ്രദ്ധയാ……… ഹിതാന്‍’ എന്ന ഭാഗത്തും ഇതേ ആശയം കാണാം. അതിനാല്‍ ശ്രുതിയും സ്മൃതിയും ഈശ്വരനാണ് കര്‍മ്മഫലദാതാവ് എന്ന് പ്രഖ്യാപിക്കുന്നു.
ഇതോടെ മൂന്നാം അദ്ധ്യായത്തിലെ രണ്ടാം പാദം കഴിഞ്ഞു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: