ലെനിന്റെ കമ്മ്യൂണിസ്റ്റ് റഷ്യയുടെ കാലഘട്ടം. കമ്മ്യൂണിസ്റ്റ് നേതാവ് ട്രോട്സ്കി അന്നൊരിക്കല്‍ ലെനിനോട് ചോദിച്ചു, ലോകത്തെവിടെയെങ്കിലും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന് സമാനമായ തൊഴിലാളി പ്രസ്ഥാനം രൂപം കൊള്ളുന്നുണ്ടോയെന്ന്. ലെനിന് കൊടുത്ത മറുപടി ഇങ്ങനെ: ‘ഇന്ത്യയിലെ ബോംബെയില്‍ രൂപം കൊള്ളുന്ന ‘ചെങ്കൊടിയേന്തിയ’ തൊഴിലാളി പ്രസ്ഥാനത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്.’
എന്നാല്‍ ഇന്ന് ഇന്ത്യാമഹാരാജ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നായകത്വം ‘ചെങ്കൊടി’യ്ക്കല്ല, കാവിക്കൊടിക്കാണ്. ചെങ്കൊടി’ ഏന്തേണ്ടിയിരുന്ന ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തെകൊണ്ട് കാവിക്കൊടി പിടിപ്പിച്ചതാണ് ഭാരതീയ മസ്ദൂര്‍ സംഘം രാജ്യത്ത് കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം. ഒരുകാലത്ത്, രാജ്യദ്രോഹികള്‍ക്കും അഞ്ചാംപത്തികള്‍ക്കും കൂട്ടുപോകുന്നവരായിരുന്നു ഇന്ത്യന്‍ തൊഴിലാളി സംഘടനകള്‍. 1962ല്‍ ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ‘ഹിമാലയം കടന്ന് മാവോയുടെ ചെമ്പടയെത്തുമെന്ന്’ ഉദ്ഘോഷിച്ച് ജാഥ നടത്തിയതാണ് ഇവിടുത്തെ തൊഴിലാളി സംഘടനകളുടെ പാരമ്പര്യം. അന്ന് കേരളത്തിലും ചൈനയ്ക്ക് ‘ജയ്’ വിളിച്ച് കമ്മ്യൂണിസ്റ്റ് തൊഴിലാളിസംഘടന ജാഥകള്‍ നടത്തി. അങ്ങനെയാണ് നമ്മുടെ കൊച്ചുകേരളത്തിലും ‘ചൈന ജംഗ്ഷനുകള്‍’ ഉണ്ടായത്. ഹിമാചല്‍ പ്രദേശിലെ സിംലയില്‍ അന്ന് കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകളായിരുന്നു ശക്തം. സിംലയില്‍ അവര്‍ ഇന്ത്യയുടെ സൈനികര്‍ക്കുള്ള സപ്ലൈലൈന്‍ തടഞ്ഞുവെച്ചു. ഇന്ന് കേന്ദ്രഗവണ്മെന്റിന് ദേശതാല്‍പ്പര്യത്തിനായുള്ള തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്നത് ബിഎംഎസ്സ് ഒന്നാം സ്ഥാനത്തായതുകൊണ്ട് മാത്രമാണ്.
സര്‍ക്കാരുകളില്‍നിന്ന് ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ബിഎംഎസ്സ് തയ്യാറായിട്ടില്ല. സര്‍ക്കാരുകളോടുള്ള സമീപനം ഠേംഗ്ഡിജി 2001ലെ ദല്‍ഹി റാലിയില്‍ പ്രഖ്യാപിച്ചത് തന്നെയാണ്. ‘സുഹൃത്തുക്കള്‍ ഭരണത്തിലുണ്ടെന്നത് അവരുടെ തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ തടസ്സമല്ല’ എന്നതായിരുന്നു ആ പ്രഖ്യാപനം. അതുകൊണ്ടുതന്നെ രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ മാറ്റിമറിക്കാനുള്ള രാജസ്ഥാന് സര്‍ക്കാരിന്റെ ശ്രമങ്ങളെ എതിര്‍ക്കുകയും, കേന്ദ്രസര്‍ക്കാരിന്റെ പുതിയ വേജസ് ബില്ലില്‍ വേണ്ടതായ ജാഗ്രത പാലിക്കുകയും ചെയ്തു. പ്രസ്തുത ബില്ലിന്റെ ആരംഭദിശയിലുണ്ടായിരുന്ന എല്ലാ പോരായ്മകളെയും ബിഎംഎസ്സ് സമയാസമയങ്ങളില്ത്തന്നെ ത്രികക്ഷിചര്ച്ചകളില് എതിര്‍ത്ത് തോല്‍പ്പിച്ചാണ് ഇപ്പോഴുള്ള രൂപത്തില്‍ ‘വേജസ് ബില്‍’ നിയമമാക്കി മാറ്റിയത്.
‘പല്ലും നഖവുമില്ലാത്തതാണ്’ ഇന്ത്യന്‍ തൊഴില്‍നിയമങ്ങള്‍ എന്ന അപഖ്യാതിയെ പുതിയ ബില്‍ മാറ്റിയിരിക്കുന്നു. തൊഴിലാളിക്കും തൊഴിലാളി സംഘടനയ്ക്കും തൊഴില്‍ ഉടമയ്ക്കെതിരെ ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള അധികാരം ലഭിച്ചുവെന്നതാണ് പുതിയ വേജസ് ബില്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ എല്ലാത്തരം തൊഴില്‍ വിഭാഗങ്ങള്‍ക്കും മിനിമം വേതനം, ഉറപ്പാക്കുന്നുണ്ട് പുതിയ വേജസ് ബില്‍. ഇക്കാര്യത്തില്‍ ചരിത്രപരമായ കര്‍ത്തവ്യം ബിഎംഎസ്സ് നിര്‍വ്വഹിച്ചു. ഈ ചരിത്രപരമായ നിമിഷത്തിലാണ് ഈ വര്‍ഷത്തെ ദേശീയ തൊഴിലാളിദിനം കടന്നുവരുന്നത്.
കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകള്‍ ഉഴുതുമറിച്ചിട്ട കേരളത്തില്‍ ‘കാവിക്കൊടി’യുമായി എത്തിയ ബിഎംഎസ്സിനെ കാത്തിരുന്നത് അതിശക്തമായ എതിര്‍പ്പുകളായിരുന്നു. ചുമട്ടുതൊഴിലാളിയാകാനും, കര്‍ഷകത്തൊഴിലാളിയാകാനും, ചെത്തുതൊഴിലാളിയാകാനും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘തിട്ടൂരം’ വേണ്ട കാലഘട്ടം. സ്വതന്ത്രമായി പണിയെടുക്കാനുള്ള അവകാശത്തിനായി ബിഎംഎസ്സ് പോരാടി. മാര്‍ക്സിസ്റ്റ് മാടമ്പിതരത്തിനെതിരെ നിറനെഞ്ച് കാട്ടേണ്ടിവന്നു. ഗ്രാമങ്ങളിലും, നഗരപ്രാന്തങ്ങളിലും കാവികൊടി ഉയര്‍ത്തിക്കെട്ടാന്‍ അനവധി ജീവനുകള്‍ ബലിയര്‍പ്പിക്കേണ്ടിവന്നു.
ഇന്ന് കേരളത്തിന്റെ തൊഴിലാളിരംഗത്ത് ബിഎംഎസ്സ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഒന്നാംസ്ഥാനം വഹിക്കുന്ന കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനയെ പല മേഖലയില്‍ പിന്നിലാക്കിയിട്ടുണ്ട്. കേരളത്തിലെ ’14’ റവന്യൂ ജില്ലകളില്‍ പതിനായിരത്തില്‍ കൂടുതല്‍ യൂണിറ്റുകളിലായി 6 ലക്ഷത്തോളം പ്രവര്‍ത്തകരുമായി അജയ്യമായ തൊഴിലാളി സംഘടനാശേഷി രൂപപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ സര്‍വ്വീസ്, പൊതുമേഖലാരംഗത്തും ബിഎംഎസ്സ് പ്രവര്‍ത്തനം വളരെയേറെ മുന്നേറി. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയിലെ എല്ലാ ഡിപ്പോകളിലും ബിഎംഎസ്സ് പ്രവര്‍ത്തനം എത്തി. സ്ഥിരമായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ബിഎംഎസ്സ് വിജയിച്ചു. സര്‍വ്വീസ് രംഗത്തെപ്പറ്റി പറയുമ്പോള്‍ കഴിഞ്ഞലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം, പത്തനംതിട്ട, മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റിന്റെ എണ്ണത്തെക്കുറിച്ച് ‘കാവിക്കാര്‍ നമ്മളെ പിന്തള്ളി ഒന്നാമതെത്തിയിരിക്കുന്നു’ എന്ന് കേരളത്തിലെ തൊഴില്‍ മന്ത്രിക്ക് പരസ്യമായി പറയേണ്ടിവന്നു എന്നത് ആ മേഖലയിലെ നമ്മുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ തൊഴില്‍ മേഖലയിലും ബിഎംഎസ്സ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. എല്ലാ സര്ക്കാര്കമ്മിറ്റികളിലും വ്യവസായബന്ധ സമിതികളിലും ക്ഷേമനിധി ബോര്‍ഡുകളിലും ബിഎംഎസ്സ് ഇന്ന് അംഗമാണ്. വിവിധ തൊഴില്‍ മേഖലകളിലെ വേതന വര്‍ദ്ധനവില്‍ ബിഎംഎസ്സ് ഇന്ന് നിര്‍ണ്ണായകസ്ഥാനമാണ് സംസ്ഥാനത്ത് വഹിക്കുന്നത്. മറ്റ് തൊഴിലാളി സംഘടനകളില്‍നിന്ന് വ്യത്യസ്ഥമായി പ്രവര്‍ത്തനം തൊഴിലാളി കുടുംബങ്ങളിലേക്ക് എത്തുന്ന ശൈലിക്ക് കേരളത്തില്‍ ബിഎംഎസ്സ് പ്രാധാന്യം നല്കുന്നു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന ബിഎംഎസ്സ് സ്ഥാപന ദിനാഘോഷപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആകമാനം പതിനായിരത്തില്‍ കൂടുതല്‍ കുടുംബസംഗമങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്ന സംഗമങ്ങളില്‍ തൊഴിലാളികളുടെ മക്കളില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങുകള്‍ ഗ്രാമങ്ങളില്‍ ഒന്നാകെ നടപ്പിലാക്കാന്‍ ബിഎംഎസ്സിന് കഴിഞ്ഞിരിക്കുന്നു. അഞ്ഞൂറോളം വ്യത്യസ്ത തൊഴില്‍മേഖലകളെ പ്രതിനിധികരിക്കുന്ന യൂണിയനുകള്‍ കേരളത്തിലെ ബിഎംഎസ്സ് സംസ്ഥാന കമ്മിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ തൊഴിലാളി പ്രവര്‍ത്തനത്തില്‍ ഏത് തൊഴിലാളിക്കും, അവന്റെ കുടുംബാംഗത്തിനും കടന്നുവരാനും, വിശ്രമിക്കാനുമുള്ള ഓഫീസ് ബിഎംഎസ്സ് ലക്ഷ്യമായിരുന്നു. ഇന്ന് സംസ്ഥാനത്തെ ’14’ ജില്ലകളിലും ’24’ മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ്സുകള് ബിഎംഎസ്സ് സജ്ജമാക്കിയിരിക്കുന്നു.
തങ്ങളുടെ ചികിത്സാ ആവശ്യത്തിനും, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായി എത്തുന്ന തൊഴിലാളി കുടുംബങ്ങളെ താമസിപ്പിക്കാന്‍ കഴിയുന്ന ബിഎംഎസ്സ് ഓഫീസ്സുകള് ഇന്ന് കേരളത്തിലെ വിവിധ നഗരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ‘മെട്രോ’ നഗരമായ കൊച്ചിയില്‍ തൊഴിലാളി പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനും, വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചി നഗരത്തിലെത്തുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുമായ തൊഴിലാളി പഠന-പരിശീലനകേന്ദ്രം ഉന്നതനിലവാരത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഏക തൊഴിലാളിസംഘടന ‘ബിഎംഎസ്സ്’ മാത്രമാണ്. ബിഎംഎസ്സ് സ്ഥാപകന്‍ സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി 2019 നവംബര്‍ മുതല്‍ ദേശവ്യാപകമായി ആഘോഷിക്കപ്പെടുകയാണ്. കേരളത്തിലേക്ക് ആര്‍എസ്സ്എസ്സിനെ എത്തിച്ച ഭഗീരഥന് കൂടിയാണ് ദത്തോപാന്ത് ഠേംഗ്ഡിജി എന്നത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ജന്മശതാബ്ദി വര്‍ഷത്തില്‍ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലാളി പ്രവര്‍ത്തനകേന്ദ്രം ദേശീയതൊഴിലാളി പ്രസ്ഥാനത്തിന്റേതായിരിക്കണമെന്നാണ് കേരളത്തില്‍ ബിഎം.എസ്സ് ലക്ഷ്യംവെയ്ക്കുന്നത്. ഏത് തൊഴിലാളിക്കും കടന്നുവരാനും, അവന്റെ അവകാശങ്ങള്‍ ഉന്നയിക്കാനമുള്ള തൊഴിലാളികേന്ദ്രങ്ങള് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രാന്തങ്ങളിലും സജ്ജമാക്കുകയെന്ന മഹാദൗത്യത്തിന് തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് ഈ ദേശീയതൊഴിലാളിദിനം-വിശ്വകര്‍മ്മജയന്തി കൂടുതല്‍ ഉത്തേജനകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: