രാജ്യം വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കാണ് പോരാട്ടം. രണ്ടിടത്തും 2014ല്‍ ആണ് വോട്ടെടുപ്പ് നടന്നത്. ഒക്ടോബര്‍ അവസാനത്തോടെ പുതിയ നിയമസഭ നിലവില്‍ വരേണ്ടതുണ്ട്. ഏത് നിമിഷവും തീയതി പ്രഖ്യാപനം ഉണ്ടാവാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍ എന്ന നിലയ്ക്ക് ഈ രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കും വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ബിജെപിയാണ് രണ്ടിടത്തും ഭരണം കയ്യാളുന്നത്. എന്നാല്‍ അതിനേക്കാളൊക്കെ പ്രധാനം, കോണ്‍ഗ്രസ്, എന്‍സിപി എന്നിവയുടെ ഭാവി എന്താവും എന്നതാണ്. എന്‍സിപിക്കു ദേശീയപാര്‍ട്ടി പദവിപോലും പ്രതിസന്ധിയിലാണ്.
രണ്ട് സംസ്ഥാനങ്ങളിലും ബിജെപി അഥവാ എന്‍ഡിഎ സുഖമായി ജയിക്കുമെന്നതില്‍ സംശയം വേണ്ട. കാരണങ്ങള്‍ നോക്കാം. ഒന്ന്: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംസ്ഥാന ഭരണത്തെക്കുറിച്ച് ഒരു ആക്ഷേപവും ആര്‍ക്കും ഉന്നയിക്കാനായിട്ടില്ല. പ്രതിപക്ഷത്തിന് എടുത്തുപറയാനായി ഒരു അഴിമതി ആരോപണം പോലുമുണ്ടായില്ല. രണ്ട്: ബിജെപി രണ്ടിടത്തും കൂടുതല്‍ ശക്തിപ്രാപിച്ചു. അത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പ്രകടമായി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയമാണ് രണ്ടിടത്തും എന്‍ഡിഎ നേടിയത്. മൂന്ന്: പ്രതിപക്ഷത്തെ അരക്ഷിതാവസ്ഥ. സോണിയ അധ്യക്ഷപദവിയിലുണ്ടെങ്കിലും പ്രവര്‍ത്തകരുടെ പോയിട്ട് മുതിര്‍ന്ന നേതാക്കളുടെപോലും വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ചുരുങ്ങിയ നാളുകളില്‍ ഇനിയൊട്ട് കഴിയുകയുമില്ല. നാല്: നരേന്ദ്രമോദി സര്‍ക്കാര്‍ അനുഛേദം 370 അടക്കമുള്ള വിഷയങ്ങളില്‍ കൈക്കൊണ്ട ശക്തമായ നടപടികള്‍. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ കടുത്ത നിലപാട് എടുക്കുമ്പോള്‍ത്തന്നെ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കുമുള്ള പെന്ഷന് പദ്ധതി പോലുള്ളവ പ്രഖ്യാപിച്ചത് സുപ്രധാനമാണ്. അഞ്ച്: അഴിമതിക്കെതിരെ രാജ്യത്ത് അന്വേഷണ ഏജന്‍സികള്‍ കൈക്കൊണ്ട നടപടികള്‍. പി. ചിദംബരവും, ഡി.കെ. ശിവകുമാറും മറ്റും ജയിലഴിക്കുള്ളിലാവുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പലതും വിശദീകരിക്കേണ്ടിവരും. എന്നാല്‍ അതൊട്ട് എളുപ്പവുമാവില്ലല്ലോ. രാഷ്ട്രീയ പ്രതികാരമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത് എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ ഇന്നത്തെ കാലത്ത് വിലപ്പോകാനിടയില്ല.
ആദ്യം ഹരിയാന നോക്കാം. 2014ല്‍ ഹരിയാനയില്‍ ബിജെപി വിജയിച്ചത് 90ല്‍ 47 സീറ്റുകള്‍ നേടിക്കൊണ്ടാണ്. അതുവരെ ഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസ്സിന് ലഭിച്ചത് 15 സീറ്റ്. ഓംപ്രകാശ് ചൗത്താലയുടെ ഐഎന്‍എല്‍ഡി കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ (19) സീറ്റു കരസ്ഥമാക്കി. ബിജെപിക്ക് ലഭിച്ചത് 33.2 ശതമാനം വോട്ടായിരുന്നു. കോണ്‍ഗ്രസ്സിന് 20.58%, ഐഎന്‍എല്‍ഡിക്ക് 24.11 % എന്നിങ്ങനെയും വോട്ട് ലഭിച്ചു. ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിങ്ങ്നില 58.02 ശതമാനമായി ഉയര്‍ന്നു. കോണ്‍ഗ്രസ്സിന് കിട്ടിയത് 28.42% മാത്രം. ഐഎന്‍എല്‍ഡിക്ക് 01.89% വോട്ടുംലഭിച്ചു. രണ്ട് കാര്യങ്ങളാണ് ഇവിടെ കാണേണ്ടത്. ഒന്ന്: ബിജെപിക്ക് കോണ്‍ഗ്രസ്സിന് കിട്ടിയതിനേക്കാള്‍ ഏതാണ്ട് ഇരട്ടിവോട്ട് ലഭിച്ചു. മറ്റൊന്ന്, ഐഎന്‍എല്‍ഡി ഏതാണ്ടൊക്കെ നാമാവശേഷമായി. ലോകസഭാ തിരഞ്ഞെടുപ്പല്ല നിയമസഭയിലേക്കുള്ളത് എന്നൊക്കെ ആശ്വസിക്കാമെങ്കിലും സംസ്ഥാനത്തുനിന്നുള്ള പത്ത് ലോകസഭാ സീറ്റുകളും ബിജെപി നേടിയത് അന്‍പത് ശതമാനത്തിലേറെ വോട്ട് നേടിക്കൊണ്ടാണ് എന്നത് ചെറിയ കാര്യമല്ലല്ലോ.
പ്രതിപക്ഷത്തെ സര്‍വരും ഒന്നിച്ചാലും അവിടെ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമെന്ന് വ്യക്തം. ഇനി അങ്ങനെ ഒരു പ്രതിപക്ഷനിര ഉണ്ടാവുമോ? ഒരിക്കലുമില്ല. മായാവതിയുടെ ബിഎസ്പി എല്ലാസീറ്റുകളിലും തനിച്ചുമത്സരിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. 21 ശതമാനത്തോളമുള്ള പട്ടികജാതി വോട്ടിലാണ് അവര്‍ കണ്ണ് നട്ടിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ പടലപിണക്കങ്ങള്‍ രൂക്ഷം. രാഹുല്‍ഗാന്ധി നിയമിച്ച പിസിസി പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ പ്രഖ്യാപിച്ചതും സമാന്തരറാലികള്‍ സംഘടിപ്പിച്ചതുമോര്‍ക്കുക. കശ്മീര്‍പ്രശ്നത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്ത നിലപാടിനെതിരാണ് അദ്ദേഹം ഹരിയാനയില്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ഏറ്റവുമൊടുവില്‍ തന്റെ വിശ്വസ്തയായ സെല്‍ജകുമാരിയെ പിസിസി പ്രസിഡന്റും ഹൂഡയെ നിയമസഭാകക്ഷി നേതാവുമാക്കിക്കൊണ്ട് വെടിനിര്‍ത്തലിന് സോണിയ തയ്യാറായി. എന്നാല്‍ വൈകിനടന്ന ഈ നിയമനങ്ങള്‍കൊണ്ട് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹൃതമാവുകയല്ല വഷളാവുകയാണ് ചെയ്യുക. ഹൂഡ വലിയ അഴിമതിക്കേസില്‍ കുടുങ്ങിക്കിടക്കുന്നതും കാണാതെപോയിക്കൂടാ; അനവധിവട്ടം സിബിഐയും എന്‍ഫോഴ്സ്മെന്റുമൊക്കെ അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ആ കേസുകള്‍ എവിടേക്കെത്തുമെന്ന് പറഞ്ഞുകൂടാ. ഇവിടെ ഒരാള്‍ക്ക് കാണാതെ പോകാനാവാത്തത്, ഹൂഡയുമായി ബന്ധപ്പെട്ട പല തട്ടിപ്പ്-അഴിമതി കേസുകള്‍ക്കു സോണിയപരിവാറുമായി ബന്ധമുണ്ട് എന്നതാണ്.
മഹാരാഷ്ട്രയിലേത് മറ്റൊരുചിത്രമാണ്. 2014ല്‍ അവിടെ ചതുഷ്കോണമത്സരമാണ് നടന്നന്നത്. ബിജെപി, കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവര്‍ പരസ്പരം പോരടിച്ചു. 288 അംഗ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചതുമില്ല. ബിജെപി-122, ശിവസേന-63, കോണ്‍ഗ്രസ്-42, എന്‍സിപി-41, മറ്റുള്ളവര്‍-20 എന്നിങ്ങനെയായിരുന്നു കക്ഷിനില. ബിജെപിക്ക് സ്വന്തം നിലയ്ക്ക് ഭരിക്കാന്‍ 23 സീറ്റുകള്‍കൂടി വേണമായിരുന്നു. അങ്ങനെയാണ് പരസ്പരം മത്സരിച്ച ശിവസേനയുമായി ധാരണയിലെത്തുന്നത്. എന്‍ഡിഎയുടെ ഭാഗമായിരുന്നു അപ്പോഴും ശിവസേന. അന്ന് ബിജെപിക്ക് 27.81 ശതമാനം വോട്ടാണ് കിട്ടിയത്; ശിവസേന-19.35 %, കോണ്‍ഗ്രസ്-17.95%, എന്‍സിപി-17.24% എന്നിങ്ങനെ വോട്ടു കരസ്ഥമാക്കി. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റക്കെട്ടായി മത്സരിച്ചു. മറുപുറത്ത് എന്‍സിപിയുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ്സും ജനവിധിതേടിയത്. അവസാനം സംസ്ഥാനത്തെ 48 സീറ്റില്‍ 41 എണ്ണവും എന്‍ഡിഎ നേടി. കോണ്‍ഗ്രസ് നിലംപരിശാവുന്നതാണ് കണ്ടത്. എന്‍ഡിഎക്ക് മഹാരാഷ്ട്രയിലും അന്‍പത് ശതമാനത്തിലേറെ വോട്ട് നേടാനായി.
കോണ്‍ഗ്രസ്-എന്‍സിപിസഖ്യം തുല്യമായി സീറ്റുകള്‍ വീതിച്ചിരിക്കുന്നു. കുറെയെണ്ണം മറ്റുചില പാര്‍ട്ടികള്‍ക്കായി നീക്കിവെച്ചിട്ടുമുണ്ട്. എന്‍ഡിഎ ഒറ്റക്കെട്ടായി മത്സരിക്കുന്നു. കഴിഞ്ഞ നിയമസഭയിലുള്ള സീറ്റുകളില്‍ അതത് പാര്‍ട്ടികള്‍ മത്സരിക്കും. ബാക്കിയുള്ളത് തുല്യമായിവീതിക്കും. ഇതാണ് ബിജെപി-ശിവസേന ധാരണ. കഴിഞ്ഞതവണ ബിജെപി നേടിയത് 122 സീറ്റാണ്. ശിവസേനയ്ക്ക് കിട്ടിയത് 63. അങ്ങനെവരുമ്പോള്‍ ഇത്തവണ ബിജെപി ഏതാണ്ട് 170ലേറെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും; ശിവസേനയ്ക്ക് കിട്ടുക 110ഓളം സീറ്റുകളും. 18-20 എണ്ണം പ്രാദേശിക സഖ്യകക്ഷികള്‍ക്കും സ്വതന്ത്രന്മാര്ക്കും നീക്കിവെക്കും.
2019 മെയ് മാസത്തെ സ്ഥിതിയല്ല മഹാരാഷ്ട്രയില്‍ ഇന്ന്. കോണ്‍ഗ്രസ്, എന്‍സിപി എന്നിവയില്‍നിന്ന് മുതിര്‍ന്നനേതാക്കള്‍ രാജിവെച്ച് ബിജെപിയിലും ശിവസേനയിലും ചേര്‍ന്നിരുന്നു. ശരദ്പവാര്‍, പൃഥ്വിരാജ് ചൗഹാന് തുടങ്ങിയവരുടെ അടുത്തബന്ധുക്കള്‍, രണ്ടുപാര്‍ട്ടികളിലുമുള്ള നല്ല ജനസ്വാധീനമുള്ള നേതാക്കള്‍ എന്നിവരൊക്കെ മറുചേരിയിലെത്തുന്നതാണ് കണ്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സീറ്റ് കിട്ടാത്തവര്‍ കാലുമാറുന്നത് പോലെയല്ലിത്. സൂചനകള്‍ വ്യക്തമാണ്. കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ഭാവിയില്ലെന്നു നേതാക്കള്‍ തിരിച്ചറിയുന്നു. ശരദ്പവാറിന്റെ ആരോഗ്യം വളരെമോശം. കോണ്‍ഗ്രസ് ആവട്ടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ആഭ്യന്തര പ്രശ്നങ്ങള്‍കൊണ്ട് കലുഷിതവുമാണ്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ.
ഈ രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, ദേവേന്ദ്ര ഫഡ്നാവിസും മനോഹര്‍ലാല്‍ ഖട്ടറും ഒരു മാസത്തിലേറെയായി ജനദേശ് യാത്രകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. ഓരോ ഗ്രാമത്തിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എത്തിക്കാനുള്ള പദ്ധതി വലിയ വിജയമായി. ഓരോസ്ഥലത്തും അവര്‍ക്ക് ലഭിച്ച സ്വീകരണം ജനങ്ങള്‍ക്കിടയില്‍ ബിജെപിക്കുള്ള അംഗീകാരമാണ് കാണിച്ചുതന്നത്. എന്തെങ്കിലും തരത്തിലുള്ള ആശങ്കകള്‍ ബിജെപി വൃത്തങ്ങളിലില്ല എന്നതാണ് വസ്തുത. അതിലേറെ ഈ തെരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണയിക്കുക ബിജെപിവിരുദ്ധരുടെ ഭാവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: