നിരാശയുടെ പടുകുഴിയിലായ പ്രതിപക്ഷം എന്തുതന്നെ പുലമ്പിയാലും കഴിഞ്ഞ നൂറുദിവസം ഇന്ത്യയിലുണ്ടായത് മഹാത്ഭുതങ്ങള്‍ തന്നെയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ രണ്ടാം മന്ത്രിസഭയുടേത് നേട്ടങ്ങളുടെ ദിനങ്ങളാണ്. ഇത്രയും ഭരണകാലയളവിനകം ലോകത്ത് ഒരുരാജ്യത്തും ഉണ്ടാകാത്ത തീരുമാനങ്ങളും നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനായി. അധികാരമേറ്റ് മണിക്കൂര്‍ തികയും മുമ്പ് ആദ്യ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനം ശ്രദ്ധേയമാണ്. ഔദ്യോഗിക ജീവിതത്തിനിടയില്‍ രക്തസാക്ഷിയാകേണ്ടിവരുന്ന സുരക്ഷാ ഭടന്മാരുടെ കുടുംബത്തിനുവേണ്ടിയുള്ളതിനാണത്. ഭടന്മാരുടെ മക്കളുടെ സ്കോളര്‍ഷിപ്പ് ഇരട്ടിയാക്കുന്നതായിരുന്നു തീരുമാനം. പെണ്‍കുട്ടിയാണെങ്കില്‍ സ്കോളര്‍ഷിപ്പിന്റെ തുക പിന്നെയും കൂടും. നിരവധി ജനക്ഷേമ പദ്ധതികളും ആദ്യ മന്ത്രിസഭായോഗത്തില്‍തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പെന്ഷന് പദ്ധതി നടപ്പാക്കുന്നതിന് 10,774 കോടി രൂപ അനുവദിച്ചു. ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത വ്യാപാരികള്‍ക്ക് പെന്ഷന് പദ്ധതി ആരംഭിച്ചു. വരള്‍ച്ചാപ്രശ്നം പരിഹരിക്കുന്നതിനായി പ്രത്യേക ജല മന്ത്രാലയം രൂപീകരിച്ചു. 75 മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന് അനുമതി നല്കി. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ബാങ്കുകള്‍ ലയിപ്പിച്ചു. നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഏഴ് വിദേശരാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയാണ് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രതിപക്ഷ സമവാക്യങ്ങള്‍ മറികടന്ന് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അസാമാന്യ രാഷ്ട്രീയ തന്ത്രജ്ഞതയാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത്ഷാ നടത്തിയ ചടുലമായ നീക്കങ്ങളും സഹായകമായി. യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ബില്‍, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ നിരയില്‍നിന്ന് അപ്രതീക്ഷിത പിന്തുണ സര്‍ക്കാരിന് ലഭിച്ചു. രണ്ടുതവണ രാജ്യസഭയില്‍ പരാജയപ്പെട്ട മുത്തലാഖ് ബില്‍ പാസാക്കി.
ആദ്യ സര്‍ക്കാര്‍ നിര്‍ത്തിയിടത്തുനിന്നും തുടങ്ങുകയായിരുന്നു ഭരണം. ഒരൊറ്റ ജനതയെന്ന മന്ത്രമുയര്‍ത്തിയാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരങ്ങള്‍ ഇല്ലാതാക്കി പതിറ്റാണ്ടുകള്‍ക്ക് ശേഷം നെഹ്റുവിന്റെ അബദ്ധം സര്‍ക്കാര്‍ തിരുത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിഘടനവാദികള്‍ക്കും മുതലെടുപ്പിനുള്ള ഒരവസരവും നല്‍കാതെ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് തൂത്തുമാറ്റി. ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അപസ്വരമൊഴിച്ചാല്‍ അന്താരാഷ്ട്രതലത്തിലുള്‍പ്പെടെ പാക്കിസ്ഥാന് പൂര്‍ണമായും ഒറ്റപ്പെട്ടു. ഇപ്പോള്‍ പാക് അധിനിവേശ കശ്മീര്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അവര്‍. രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്ക് സര്‍ക്കാരിന്റെ നയം മാറി. ജമ്മു കശ്മീരിനായുള്ള മോഹം ഉപേക്ഷിക്കണമെന്ന് മാത്രമല്ല, പാക് കൈവശം വച്ച കശ്മീര്‍ വിട്ടുകിട്ടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. രാഹുല്‍ രാജിവച്ചതിന് പിന്നാലെ അഴിമതിക്കേസില്‍ പി. ചിദംബരവും ഡി.കെ. ശിവകുമാറും അഴിക്കുള്ളിലായത് കോണ്‍ഗ്രസിനെ തളര്‍ത്തി. സോണിയയും രാഹുലും റോബര്‍ട്ട് വാദ്രയും അഴിമതിയില്‍ അന്വേഷണം നേരിടുന്നത് പാര്‍ട്ടിയുടെ ഉറക്കം കെടുത്തുന്നു. നേതൃതലത്തിലെ ഭിന്നതകള്‍ പരിഹരിക്കപ്പെടാതെ നീളുകയാണ്. മോദിക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി ശക്തമായ നടപടി സ്വീകരിച്ചത് ഈ നൂറുദിനത്തിലാണ്. അതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. നേതാക്കള്‍ക്കെതിരായ നടപടി ജനാധിപത്യം തകര്‍ക്കലെന്നാണ് വ്യാഖ്യാനം. എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ മോദിക്കൊപ്പമാണ്. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കുകയും ലഡാക്കിനെ വേര്‍പെടുത്തി കേന്ദ്രഭരണത്തിലാക്കിയതിലും പ്രതിപക്ഷം ദുഷ്പ്രചരണങ്ങള്‍ നടത്താനിറങ്ങി. നാട്ടില്‍ കലാപമുണ്ടാകുമെന്ന് കേരളത്തിലെ നേതാക്കളാണ് ആശങ്കയോടെ വിളിച്ചുകൂവിയത്. 40 ദിവസം തികയാറായിട്ടും ഒന്നും സംഭവിച്ചില്ല. മാത്രമല്ല ലോകരാജ്യങ്ങളുടെ പിന്തുണയും തീരുമാനത്തിന് അനുകൂലമായി. പാക്കിസ്ഥാന്റെ സ്വരത്തില്‍ സംസാരിച്ചത് കോണ്‍ഗ്രസും സിപിഎമ്മുമാണ്. അസമിലെ പൗരത്വപട്ടികയുടെ പേരിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കി. അന്നൊന്നും ഗൗനിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ലോകത്തെതന്നെ അത്ഭുതപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: