കേരളം രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ഒരു പ്രത്യേക പ്രാന്തമായിത്തീര്ന്ന 1964 മുതല്‍ 13 വര്‍ഷക്കാലം പ്രാന്തസംഘചാലക സ്ഥാനം വഹിച്ച കോട്ടയത്തെ എന്‍. ഗോവിന്ദ മേനോനെ ഓര്‍മിക്കാന്‍ ഈയിടെ വിചാരിച്ചിരിക്കാതെ ഒരവസരം ലഭിച്ചു. അതുവരെ തമിഴ്നാടും കേരളവും ചേര്‍ന്നു ഒരു പ്രാന്തമായാണ് സംഘത്തില്‍ പരിഗണിച്ചുവന്നത്. 64-ല്‍ കോയമ്പത്തൂരിലെ മണി ഹൈസ്ക്കൂളില്‍ നടത്തപ്പെട്ട സംഘശിക്ഷാവര്‍ഗില്‍ പരമപൂജനീയ ശ്രീ ഗുരുജി വന്നു താമസിച്ച അവസരത്തിലാണ് രണ്ടു പ്രത്യേക പ്രാന്തങ്ങള്‍ രൂപീകരിക്കാനുള്ള നിര്‍ണയം ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടത്.
അതുവരെ കോട്ടയം ജില്ലാ സംഘചാലക സ്ഥാനം വഹിച്ച ഗോവിന്ദമേനോനെ പ്രാന്തസംഘചാലക് ആയും, ആലപ്പുഴയിലെ അഡ്വ. ഡി.നാരായണ പൈയെ പ്രാന്തകാര്യവാഹ് ആയും ഗുരുജി പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ പ്രാന്തസംഘചാലക് അന്നു നിയമിതനായില്ല. മധുരൈയിലെ പ്രമുഖ അഭിഭാഷകനും, മുന്മദിരാശി പ്രാന്തകാര്യവാഹുമായ എ. ദക്ഷിണാമൂര്‍ത്തി എന്ന അണ്ണാജിയെ പ്രാന്തകാര്യവാഹ് ആയും, രാമ ഗോപാലന് പ്രാന്തപ്രചാരകനായും നിയുക്തരായി. കേരളത്തിനു പ്രചാരകന് കെ. ഭാസ്കര്‍ റാവുവും.
കേരളത്തില്‍ ഗോവിന്ദ മേനോന് വേണ്ടത്ര അറിയപ്പെട്ടില്ല എന്നത് ഒരു വസ്തുതയാണ്, നിര്‍ഭാഗ്യകരമെങ്കിലും ഏതാനും ആഴ്ചകള്‍ക്കു മുന്‍പു അദ്ദേഹത്തിന്റെ പൗത്രി കുമാരി ശില്‍പ്പ ഫോണില്‍ വിളിച്ച് തന്റെ പിതാമഹനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടെന്നും, എന്നെ സമീപിച്ചാല്‍ അതിന് സൗകര്യമുണ്ടെന്നും ധരിപ്പിച്ചതനുസരിച്ചാണ് വിളിക്കുന്നതെന്നും അറിയിച്ചു. അതനുസരിച്ച് തന്റെചെറിയച്ഛന്റെ പത്നിയുമൊത്ത് എന്റെ വീട്ടില്‍ വരികയായിരുന്നു. കുമാരി ശില്പ ദല്‍ഹിയില്‍ തീന്‍മൂര്‍ത്തി ഭവനിലെ നെഹ്റു മ്യൂസിയം സാകല്പ്യത്തിലെ ഗവേഷണ വിഭാഗത്തില്‍ അസോസ്യേറ്റ് ആണ്. പിതാമഹന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനമേഖലകളെപ്പറ്റി അവര്‍ക്ക് അവ്യക്തധാരണകളേ ഉണ്ടായിരുന്നുള്ളൂ. അവസാന കാല്‍നൂറ്റാണ്ടുകാലം സംഘത്തിന്റെ കേരളത്തിലെ പ്രമുഖവ്യക്തിയായിരുന്നെന്നുമറിയാം. ആ നിലയ്ക്കു പിതാമഹന്റെ ജീവചരിത്രം തയ്യാറാക്കുക എന്ന കൃത്യം ആത്മസംതൃപ്തിക്കുവേണ്ടി ഏറ്റെടുക്കാന്‍ തുനിയുകയായിരുന്നത്രേ.
ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ ജീവിച്ചിരുന്ന വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അപ്രധാന വ്യക്തികളുടെ പോലും വിവരങ്ങള്‍ അവരുടെ രേഖാസമാഹാരത്തില് കാണാനുണ്ടെന്നും, അവയെക്കുറിച്ച് ഗവേഷണം നടത്തി പ്രബന്ധങ്ങള്‍ തയ്യാറാക്കാന്‍ ധാരാളം പേര് എത്തുന്നുണ്ടെന്നും, അതില്‍ ഇടതുപക്ഷചിന്താഗതിക്കാരും കോണ്‍ഗ്രസ്സുകാരുമാണ് മുന്നിലെന്നുമുള്ള അവരുടെ നിരീക്ഷണം ശ്രദ്ധേയമത്രേ. ഈ രംഗത്ത് സംഘപരിവാര്‍ ചിന്താഗതിക്കാരായ ഗവേഷകര്‍ കുറവാണെന്നും അവര്‍ നിരീക്ഷിച്ചു. സംഘം അതിന്റെ പ്രവര്ത്തകര്ക്കുണ്ടാകണമെന്നു അഭിലഷിക്കുന്ന പ്രസിദ്ധിപരാങ്മുഖത എന്ന ഗുണം വിജ്ഞാന വൈമുഖ്യമായിപ്പോയോ എന്ന സംശയം അപ്പോള്‍ എനിക്കുണ്ടായി.
കുമാരി ശില്‍പ്പ തന്റെ പിതാമഹനെ സമീപിക്കേണ്ടത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്തിന്റെയും സമഗ്രവീക്ഷണത്തോടെ ആയിരിക്കണം എന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. വിജ്ഞാന ഗവേഷണ താല്‍പ്പര്യത്തെ കണക്കിലെടുത്ത് അവരെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.
മേനോന് സാറിനെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന മേധാശക്തിയും തന്റേടവും കര്‍മ്മധീരതയും പ്രകടിപ്പിച്ച ആളാണെന്നു മനസ്സിലാകും. എന്തു ചെയ്യുന്നതും സമഗ്രമായ ഹൈന്ദവതാല്പര്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് ചിന്തിച്ചിട്ടായിരുന്നു. അക്കാര്യത്തില്‍ അേങ്ങയറ്റത്തെ ധീരത കാട്ടി, ഒരു പ്രലോഭനത്തിനും വശംവദനായതുമില്ല. ആരോടും പകയും വിദ്വേഷം വച്ചുപുലര്‍ത്തിയുമില്ല. അതിന്റെ ഏറ്റവും ഉത്തമദൃഷ്ടാന്തം തിരുവിതാംകൂറില്‍ ദിവാന് സി.പി. രാമസ്വാമി അയ്യര്‍ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞു.
ഭാരതം സ്വാതന്ത്ര്യം നേടുന്ന അവസരത്തില്‍ ‘ഇന്‍ഡിപ്പെന്‍ഡന്‍സ്’ അല്ല ‘ഇന്റര്ഡിപ്പെന്ഡന്സ്’ ആണ് കൂടുതല്‍ അഭികാമ്യം എന്ന ആശയം സര് സി.പി മുന്നോട്ടുവച്ചിരുന്നു. അതില്‍ അടങ്ങിയ വിപത്ത് മനസ്സിലാക്കിയ നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റായിരുന്ന മന്നത്തു പത്മനാഭന് ദിവാന് ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് മുന്നോട്ടുവന്നു. പക്ഷേ എന്‍എസ്എസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ആര് തയ്യാറാകും? മിക്ക മുതിര്‍ന്ന നായര്‍ പ്രമാണിമാരും സിപിയെ ഭയന്നു പിന്മാറി. അന്ന് (എന്നും) ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്ന എന്‍. ഗോവിന്ദമേനോനെ സമീപിച്ചപ്പോള്‍ ഒട്ടും സന്ദേഹം കൂടാതെ അദ്ദേഹം അതേറ്റെടുക്കാന്‍ തയ്യാറായി. സര് സി.പിയുടെ ഭീഷണിയും പ്രലോഭനവും അദ്ദേഹം ഒരേപോലെ നിരാകരിച്ചു. ഒരുഭാഗത്ത് ഹൈക്കോടതി ജഡ്ജി സ്ഥാനവും മറുവശത്ത് അറസ്റ്റ് ഭീഷണിയും. അദ്ദേഹം ഭീഷണിയെ അവഗണിച്ച് ആ സന്ദിഗ്ദ്ധ ഘട്ടത്തില്‍ സര്‍വീസ് സൊസൈറ്റിയുടെ അധ്യക്ഷനായി.
അക്കാലത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഉയര്‍ന്നുവന്ന യുവാവായിരുന്നു പി.ടി. ചാക്കോ. അദ്ദേഹം ബിഎല്‍ പാസ്സായി പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു പുറത്തുവന്നശേഷം കോട്ടയത്ത് അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെടാന്‍ സഹായത്തിന് പല സീനിയര്‍ വക്കീലന്മാരെയും സമീപിച്ചിരുന്നു. സര് സിപിയുടെ രോഷം ഭയന്ന് കത്തോലിക്കരടക്കമുള്ള കോട്ടയത്തെ മുതിര്‍ന്ന അഭിഭാഷകര്‍ മുഖം തിരിച്ചപ്പോള്‍ ഗോവിന്ദമേനോന് ജൂനിയറായി സ്വീകരിക്കുക മാത്രമല്ല, അദ്ദേഹത്തിന് കേസുകള്‍ നല്‍കുന്നതിന് കക്ഷികളെ പ്രേരിപ്പിക്കുകയും ചെയ്ത വിവരം ചാക്കോതന്നെ അനുസ്മരിച്ചിരുന്നു. ഇന്ന് എന്‍ഡിഎയിലെ പ്രമുഖ നേതാവും, വാജ്പേയി മന്ത്രിസഭയില്‍ അംഗവുമായിരുന്ന പി.സി. തോമസിന്റെ പിതാവാണ് പി.ടി. ചാക്കോ എന്നും ഓര്‍ക്കാം.
വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാ പുണ്യവതിയുടെ തീര്‍ത്ഥാടന സ്ഥാനമായ ഭരണങ്ങാനത്തെ സമുച്ചയം കല്ലേലി എന്ന നമ്പൂതിരിയില്ലമിരുന്നിടമായിരുന്നു. അവിടെ ഒരംഗം മാത്രമവശേഷിച്ച്, അദ്ദേഹം ബാലനായതിനാല്‍ തന്റെ മാതൃഗൃഹത്തില്‍ കഴിയവേയാണ് ഈ അന്യാധീനം സംഭവിച്ചത്. പത്മനാഭന് നമ്പൂതിരിയെന്ന അദ്ദേഹം പ്രായപൂര്‍ത്തിയായപ്പോള്‍ തന്റെ തറവാട് അന്യാധീനപ്പെട്ടതായും, ക്രിസ്ത്യന്‍ പള്ളിയും മറ്റും അവിടെ ഉയര്‍ന്നതായും കണ്ടു. അന്നു കോട്ടയത്തെ ഹൈന്ദവ നേതാക്കന്മാരായിരുന്നവരെ ചെന്നുകണ്ട അവരുടെ ഉപദേശപ്രകാരം സ്ഥലം വീണ്ടുകിട്ടാന്‍ കോടതിയെ സമീപിച്ചു. ഗോവിന്ദമേനോന് അതിനാവശ്യമായ എല്ലാ നിയമസഹായവും നല്കി അനുകൂല വിധി വാങ്ങി. എന്നാല്‍ പരിഭ്രാന്തരായ സഭാ മേധാവികള്‍ കല്ലേലി പത്മനാഭന് നമ്പൂതിരിയെ സമീപിച്ച് പ്രലോഭിപ്പിച്ച് പിന്തിരിപ്പിച്ചുവെന്നാണ് മനസ്സിലാകുന്നത്. അദ്ദേഹം പിന്നീട് വണ്ടൂര്‍ എന്ന സ്ഥലത്തും, തുടര്‍ന്ന് തൃശൂര്‍ രാമകൃഷ്ണാശ്രമത്തിലും പ്രവര്‍ത്തിച്ചതായി കേട്ടിട്ടുണ്ട്.
കോട്ടയത്തിനടുത്ത് സചിവോത്തമപുരത്ത് ഇന്ന് പ്രസിദ്ധമായ ഹോമിയോ കോളജും ഗവേഷണ കേന്ദ്രവും മറ്റും പ്രവര്‍ത്തിക്കുന്നതിന്റെ ഉത്ഭവവും സന്യാസിവര്യനായിരുന്ന സ്വാമി ആതുരദാസില് നിന്നായിരുന്നു. സ്വാമിജിക്കു വേണ്ടതായ എല്ലാ നിയമോപദേശവും മറ്റു സഹായങ്ങളും നല്‍കിയത് ഗോവിന്ദമേനോന് ആയിരുന്നു.
അദ്ദേഹത്തിന്റെ സമീപനങ്ങളിലെ നവീനതയും, ദൃഷ്ടിയുടെ വിശാലതയും സവിശേഷമായിരുന്നു. പാലായിലെ കടപ്പാട്ടൂര്‍ ക്ഷേത്രം ആറു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കാടുപിടിച്ചുകിടന്ന മീനച്ചിലാറിന്റെ കരയിലെ വളപ്പില്‍ കൃഷി സ്ഥലമൊരുക്കവേ കാണപ്പെട്ട വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് നിര്‍മിച്ചതാണ്.
ക്രിസ്ത്യന്‍ ശക്തികേന്ദ്രമായ പാലായില്‍ കത്തീഡ്രലിന്റെയും മെത്രാന്റെ അരമനയുടെയും വിളിപ്പാടകലെ കണ്ടെത്തിയ വിഗ്രഹപ്പറമ്പു തന്നെ ക്രിസ്ത്യാനികളുടെ കൈവശത്തിലായിരുന്നു. വിഗ്രഹലബ്ധിയില് പ്രചോദിതരായ ഹിന്ദുക്കള്‍ അവിടം ക്രമേണ ഹൈന്ദവതീര്‍ത്ഥാടന കേന്ദ്രം തന്നെയാക്കി. തുടക്കം മുതല്‍ അവിടുത്തുകാര്‍ മാര്‍ഗദര്‍ശനത്തിനും നിയമോപദേശത്തിനും സമീപിച്ചത് ഗോവിന്ദ മേനോനെ ആയിരുന്നു.
അവിടുത്തെ ക്ഷേത്രം ഭക്തര്‍ക്കുതന്നെ നേരിട്ട് ആരാധന ചെയ്യാവുന്ന തരത്തില്‍ തുറന്ന രീതിയില്‍ വേണമെന്ന ആശയം അദ്ദേഹം നല്കി. കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷന് ആസ്ഥാനത്തെ ബേലൂര്‍ മഠത്തിന്റെ സാദൃശ്യമുള്ള കോവിലും, നാലുവശവും തുറന്നതുമായിരുന്നു ആ ക്ഷേത്രം. ക്ഷേത്രാരാധനയില്‍ വിശ്വാസമുള്ള ആര്‍ക്കും അവിടെ ആരാധന നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ മേനോന് സാറിന്റെ കാലശേഷം, പ്രസ്തുത ക്ഷേത്രം ഇന്നു കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെപ്പോലെ അടവുള്ളതായിരിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ വിദ്യാലയങ്ങള്‍ നിര്‍മിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു. അവയില്‍ ചിലതൊക്കെ എന്‍എസ്എസ് മാനേജുമെന്റിലായി എന്നുതോന്നുന്നു. ആതുരാശ്രമത്തിന്റെയും ഹോമിയോ ഗവേഷണ കേന്ദ്രത്തിന്റെയും കോളജിന്റെയും കാര്യം പരാമര്ശിച്ചുകഴിഞ്ഞുവല്ലോ.
ഒട്ടേറെ പഠനവും ഗവേഷണവും ആവശ്യപ്പെടുന്ന ജീവിതമായിരുന്നു ഗോവിന്ദമേനോന്റേത്. അതിന് സന്നദ്ധയായി അദ്ദേഹത്തിന്റെ പൗത്രി; സ്വയം ഒരു ഗവേഷക, മുന്നോട്ടുവന്നത് ഏറെ പ്രശംസാര്‍ഹമാണ്. ആത്മനിഷ്ഠമോ വ്യക്തിനിഷ്ഠമോ ആകാതെ വസ്തുനിഷ്ഠമായ പഠനമാണ് ഇക്കാര്യത്തില്‍ അഭികാമ്യം. അതിനവരെ സഹായിക്കാന്‍ മേനോന് സാറുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ സന്നദ്ധരാകുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: