അടിയന്തരാവസ്ഥാ പീഡിതരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജീവാത്മാവായി പ്രവര്‍ത്തിച്ചുവന്ന വൈക്കം ഗോപകുമാര്‍ എന്ന കെ.പി. ഗോപകുമാര്‍ മരണത്തെ വെല്ലുവിളിച്ചുകൊണ്ടുതന്നെ ഏഴു പതിറ്റാണ്ടുകാലത്തെ സഫലമായ ജീവിതം സ്വമേധയാ മരണത്തിനു നല്കി അനശ്വരനായി. അദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടേറെ ഓര്‍മ്മകള്‍ മനസ്സില്‍ തിക്കിത്തിരക്കിവരുന്നു. കഴിഞ്ഞവര്‍ഷം ഒരിക്കല്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഫോണ്കോള്വരികയും, തനിക്കു വായില്‍ അര്‍ബുദബാധയാണെന്നും അപരിഹാര്യമായ അതിന്റെ ഫലത്തെ പ്രതീക്ഷിച്ചുകഴിയുകയാണെന്ന് പറയുകയും അതിനായി നടത്തിവരുന്ന ഉപചാരങ്ങള്‍ വിവരിച്ചുതരികയും ചെയ്തിരുന്നു. നിസ്സംഗനായിട്ടാണ് ഗോപകുമാര്‍ അതുപറഞ്ഞത്. നേരത്തെ പറഞ്ഞ സംഘടനയുടെ സംസ്ഥാനതല യോഗങ്ങളില്‍ പോയപ്പോഴൊക്കെ അദ്ദേഹത്തെ കാണുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ പങ്കെടുത്തവരും, മുന്‍ ജനസംഘ പ്രവര്‍ത്തകരുമായവരുടെ സംഗമം 2017ല്‍ കോഴിക്കോട് സാമൂതിരി ഹൈസ്കൂള്‍ അങ്കണത്തില്‍ നടത്തിയത്, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അദ്ധ്യക്ഷത വഹിച്ച ജനസംഘത്തിന്റെ പതിനാലാം ദേശീയ സമ്പൂര്‍ണ്ണ സമ്മേളനത്തിന്റെ സുവര്‍ണജയന്തി ആഘോഷിക്കാനായിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ പ്രതിനിധിസഭ കോഴിക്കോട് സമ്മളിച്ചതിന്റെ പശ്ചാത്തലവും അതിനുണ്ടായിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും, ശ്രീ അമിത്ഷായും അതില്‍ മുഖ്യാതിഥികളായി. അവിടെ അടിയന്തരാവസ്ഥാപീഡിതരുടെ പ്രതിനിധിയായി ശ്രീ ഗോപകുമാര്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്, അദ്ദേഹം അക്കാലത്തു ഭൂഗര്ഭപ്രവര്ത്തനത്തിനായി സിഖുകാരന്റെ വേഷം അണിഞ്ഞതിന്റെ ഫോട്ടോ ആയിരുന്നു, പ്രധാമന്ത്രിയെത്തന്നെ അതു വിസ്മയിപ്പിച്ചു.
1968-ലോ 69-ലോ ആണ് അദ്ദേഹം സംഘപ്രചാരകനായതെന്നാണോര്മ്മ. ആദ്യം മാവേലിക്കരയിലും, പിന്നെ അടിയന്തരാവസ്ഥയുടെ ആരംഭംവരെ തൊടുപുഴയിലുമായിരുന്നു. ഇന്നു തൊടുപുഴയിലെ മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെല്ലാം തന്നെ അക്കാലത്ത് പ്രാര്‍ത്ഥന ചൊല്ലിപഠിച്ചവരാണ്. അന്ന് തൊടുപുഴ സംഘചാലക് ആയിരുന്ന ശ്രീ. എം.എസ്. പത്മനാഭന് നായര്‍ പുത്രനിര്‍വിശേഷമായ വാത്സല്യത്തോടെയാണ് അദ്ദേഹത്തെ കരുതിയത്. ഈ ആത്മീയത ഗോപകുമാര്‍ പ്രവര്‍ത്തിച്ച എല്ലാ സ്ഥലങ്ങളിലും പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഞാന്‍ കോട്ടയം ജില്ലാപ്രചാരകനായിരുന്ന 1965-67 കാലത്താണ് ഗോപകുമാറിനെ പരിചയപ്പെട്ടത്. ആലപ്പുഴയിലെ മുന്‍സിഫ് ആയിരുന്നു അദ്ദേഹത്തിന്റെ അച്ഛന്. അദ്ദേഹം അവധിക്കാലത്തു വൈക്കത്തു വന്നു താമസിക്കവേ അവിടെവച്ചാണ് പരിചയമായത്. ആലപ്പുഴയിലാണ് മൂന്നുസഹോദരങ്ങളും സ്വയംസേവകരായത്. ആലപ്പുഴയില്‍ മാത്രമല്ല, തന്റെ സ്പര്ശമെത്തിയ എല്ലായിടങ്ങളിലും നിശ്ശബ്ദവിചാരവിപ്ലവം സൃഷ്ടിച്ച സാക്ഷാല്‍ എം.എ. സാര്‍ ആലപ്പുഴയില്‍ പ്രചാരകനായിരിക്കെയാണ് ഗോപകുമാറും സഹോദരന്മാരും സ്വയംസേവകരായത്. കൂടെ പി.കെ. അപ്പുക്കുട്ടനുമുണ്ടായിരുന്നു. അവര്‍ ബാലന്മാരായിരുന്നപ്പോള്‍ മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥി സ്വാധീനത്തില്‍പ്പെട്ട് പൂജനീയ ഗുരുജിയുടെ ആലപ്പുഴ സന്ദര്‍ശനവേളയില്‍ പ്രതിഷേധ പ്രകടനത്തിലും പങ്കെടുത്തിരുന്നവത്രെ. അപ്പുക്കുട്ടനും ഗോപകുമാറും എം.എ. സാറിന്റെ മാന്ത്രികസ്പര്ശനത്തില്പ്പെട്ട് സ്വയംസേവകരും പിന്നീട് പ്രചാരകന്മാരുമായി.
സംഘമന്ത്രകേ ഹേ ഉദ്ഗാഥാ
അമിട് ഹമാരാ തുമസേനാതാ… എന്ന ഗണഗീതത്തെ ഓര്‍മ്മവരുത്തുന്ന ചരിത്രം!
അടിയന്തരാവസ്ഥക്കുമുമ്പ് അദ്ദേഹം ആലപ്പുഴയിലെ പ്രചാരകനായി നിയുക്തനായി. അവിടെ ഏറ്റവും സമര്‍ത്ഥമായവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനിടെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തി വളഞ്ഞത്. വളരെ സാഹസികമായ രക്ഷപ്പെടല്‍ ശ്രമം തടയാന്‍ യൂത്തന്മാരും പോലീസും ശ്രമിച്ചു. അക്കാലത്തെ എല്ലാവിധ മര്‍ദ്ദനമുറകളും പ്രയോഗിച്ചിട്ടും പോലീസുകാര്‍ക്ക് ഒന്നും ചോര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല. സമീപത്തെ ഹരിപ്പാട്ട് പ്രചാരകനായിരുന്ന ശ്രീ ശിവദാസനെയും പിടികൂടാന്‍ അവര്‍ക്കുകഴിഞ്ഞു. ഇരുവരെയും മര്‍ദ്ദിച്ച് ശവപ്രായമാക്കിയിട്ടും ഒന്നും വിട്ടുകിട്ടിയില്ല. ഒടുവില്‍ അഡ്വക്കേറ്റ് രാംകുമാര്‍ വഴി ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയശേഷമാണ് മിസാനിയമപ്രകാരം തടങ്കലിലാക്കിയ വിവരം അറിയിച്ചത്.
അക്കാലം മുഴുവന്‍ തടവില്‍ കഴിഞ്ഞശേഷം പുറത്തുവന്ന് ഉപചാരങ്ങള്‍ തുടര്‍ന്നു, സംഘപ്രവര്‍ത്തനവും. പിന്നീട് പല പ്രവര്‍ത്തനങ്ങളും, ധാര്‍മ്മികവും, രാഷ്ട്രീയവുമായ സംഘനിര്‍ദ്ദേശമനുസരിച്ച് ചെയ്തുവരികയായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും അതില്‍ ക്രൂരതയും പീഡനങ്ങളും അനുഭവിച്ചു നരകതുല്യമായി കഴിയുന്നവര്‍ക്ക് സഹായം ലഭ്യമാക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹവുമായി അദ്ദേഹവും മറ്റു പീഡിതരും ചേര്‍ന്നു നടത്തിവരുന്ന പ്രവര്‍ത്തനമായ അടിയന്തരാവസ്ഥാ പീഡിത സമിതിയുടെ ജീവാത്മാവായി പ്രവര്‍ത്തിച്ചുവരവേയാണ് അര്‍ബുദബാധ തിരിച്ചറിഞ്ഞത്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമായി വാഴ്ത്തപ്പെടുമ്പോള്‍, സ്വാതന്ത്ര്യസമരഭടന്മാര്ക്കുള്ള എല്ലാ അവകാശങ്ങള്‍ക്കും അവരും അര്‍ഹരാണെന്ന വാദമായിരുന്നു ഗോപകുമാറിന്റേത്.
പുതിയ തലമുറയ്ക്ക് ആ കാലഘട്ടത്തിന്റെ പ്രാധാന്യവും കരാളതയും, പല കപട മുഖങ്ങളുടെയും തനിമയും പ്രകടമാക്കുന്ന ധാരാളം ഓഡിയോ, വീഡിയോ, അച്ചടി പ്രചാരണ സാമഗ്രികള്‍ അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ സാദ്ധ്യമായി. ഹിന്ദുസമാജം സമീപകാലത്ത് നേരിടുന്ന ലൗ ജിഹാദ് പോലുള്ള വിപത്തുകള്‍ക്കെതിരെയും ഗോപകുമാര്‍ ജനങ്ങളെ ജാഗരൂകരാക്കുകയും, അതിനിരയായവരുമായി നേരില്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. അവരുമായി സംസാരിക്കുമ്പോള്‍ ഗോപകുമാറിനോട് പ്രകടിപ്പിച്ച കൃതജ്ഞതാനിര്‍ഭരമായ വികാരങ്ങള്‍ പറഞ്ഞറിയാനാവാത്തതത്രേ.
മരണത്തെ വെല്ലുവിളിച്ചതിജീവിച്ച് സൂര്യമണ്ഡലം ഭേദിച്ച് ബ്രഹ്മസായുജ്യം നേടിയഗോപകുമാറിന് ആദരാഞ്ജലികള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: