എട്ട് വര്‍ഷത്തിന് ശേഷമാണെങ്കിലും എഴുത്തുകാരി അരുന്ധതി റോയിക്ക് കാര്യങ്ങള്‍ പിടികിട്ടി തുടങ്ങി. രാജ്യത്തോട് മാപ്പു പറയാനുള്ള സന്മനസ്സു കാണിക്കുകയും ചെയ്തു. അല്ലെങ്കില്‍ നിര്‍ബന്ധിതയായി. അത് നല്ലകാര്യം. ഇനിയും യാഥാര്‍ഥ്യം തിരിച്ചറിയാനാകാത്ത ചിലരൊക്കെ ബാക്കിയുണ്ടെന്ന കാര്യമാണ് കഷ്ടം. കശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും അപഹസിക്കും വിധം അരുന്ധതി പ്രസ്താവനകള്‍ ഇറക്കിയത് 2011ലാണ്. അതിന്റെ പേരില്‍ ചിലരുടെയൊക്കെ കയ്യടി നേടിയെങ്കിലും ഇന്നിപ്പോള്‍ അതൊക്കെ അവരെ തിരിഞ്ഞ് കുത്താന്‍ തുടങ്ങിയിരിക്കുന്നു. അന്നത്തെ പ്രസ്താവനയുടെ വീഡിയോ പ്രചരിപ്പിച്ച് പാക്കിസ്ഥാന് ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തനിക്ക് പറ്റിയ പിഴവിനെക്കുറിച്ച് അരുന്ധതി റോയ് എന്ന മലയാളിയായ ഇംഗ്ലീഷ് സാഹിത്യകാരിക്ക് ബോധം വന്നത്. കിഴക്കന്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് വിമര്‍ശിച്ച അവര്‍, പാക്കിസ്ഥാന് സൈനികവിന്യാസം നടത്തുന്നില്ലെന്നും വിശദീകരിച്ചു. അന്ന് ഒരു വിഭാഗത്തിന്റെ കടുത്ത വിമര്‍ശനത്തിനും വിഘടനവാദ, ഇടതുപക്ഷ വിഭാഗങ്ങളുടെ പ്രശംസയ്ക്കും പാത്രമായ പ്രസ്താവനയായിരുന്നു അത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ ഇന്ത്യ എടുത്തുകളഞ്ഞതോടെ വിറളിപിടിച്ച പാക്കിസ്ഥാന് മാധ്യമങ്ങള്‍ നുണപ്രചാരണത്തിന് ബലംപകരാന്‍ അരുന്ധതിയുടെ പ്രസ്താവന വ്യാപകമായി ഇന്ന് ഉപയോഗിച്ചു വരുകയാണ്. സമൂഹ മാധ്യമങ്ങളിലടക്കം അത് ശക്തമായ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. ബുക്കര്‍ സമ്മാന വിജയിയായ ഈ സാഹിത്യകാരി മാപ്പു പറയാന്‍ നിര്‍ബന്ധിതയായത് കനത്ത വിമര്‍ശനങ്ങളുടെ മുള്‍മുനയ്ക്ക് മുന്നിലാണ്.
വിമര്‍ശനങ്ങളുടെ മുള്‍മുനയ്ക്ക് മുന്നില്‍ അരുന്ധതി അത് പറയുമ്പോഴും കുറെ ഏറെ കാര്യങ്ങള്‍ അതിനോട് ചേര്‍ത്തു വായിക്കേണ്ടതായുണ്ട്. ഇടതുപക്ഷ ബുദ്ധിജീവികളും സഹയാത്രികരും, ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും, എഴുത്തും, മുദ്രാവാക്യം വിളികളും ഫാഷനായി കൊണ്ടുനടന്ന കാലത്തായിരുന്നു അവരുടെ പ്രസ്താവന. ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും കുറച്ചൊന്നുമല്ല അതൊക്കെ ഊര്‍ജ്ജം പകര്‍ന്നത്. ആ കാലം പിന്നിട്ട ഇന്ത്യ, ബിജെപി സര്‍ക്കാരിന് കീഴില്‍ ദേശീയ സുരക്ഷ ശക്തമാക്കുകയും രാജ്യാന്തര രംഗത്ത് കരുത്തുനേടുകയും അതുവഴി പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്തതാണ് ഇന്നത്തെ കാലത്തിന്റെ പ്രത്യേകത. അതിന്റെ തുടര്‍ച്ചയായിട്ടാണ് കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിക്കൊണ്ട് ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കിയത്. പലരും കൊട്ടിഘോഷിച്ചതുപൊലുള്ള ഒരു സംഭവവും അതിന്റെ പേരില്‍ രാജ്യത്ത് ഉണ്ടായുമില്ല. ലോകം മുഴുവന്‍ ഇന്ത്യയെ അംഗീകരിക്കുന്ന ഇന്നും, പാക്കിസ്ഥാന് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കാന്‍ രാഹുല്‍ ഗാന്ധിയേപ്പോലുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ മുന്‍പന്തിയിലുണ്ടെന്നത് രാഷ്ട്രത്തിനു തന്നെ അപമാനമാണ്. അതിന്റെ പേരില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായവ്യത്യാസവും പൊട്ടിത്തെറികളും നടക്കുന്നത്, അവര്‍ക്കിടയിലും രാജ്യത്തെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്നതിന് തെളിവായി നില്ക്കുന്നു. ജനമനസ് അറിയാന്‍ കഴിവില്ലാത്ത നേതാക്കളാണ് ഏത് രാഷ്ട്രീത്തിന്റെയും വലിയ ശാപം. കോണ്‍ഗ്രസിന്റെ ശാപവും അതുതന്നെ. അരുന്ധതി റോയിക്ക് നല്ല ബൂദ്ധിയുണ്ടാകാന് എട്ടു വര്‍ഷമെടുത്തെങ്കില്‍ രാഹുലിന്റെ കാര്യത്തില്‍ അത് എത്ര വര്‍ഷമായിരിക്കുമെന്ന് അറിയില്ല. നരേന്ദ്രമോദി വിരോധത്തിന്റെ പേരില്‍ രാജ്യവിരുദ്ധത പ്രസംഗിക്കുന്നെങ്കില്‍ അതിനര്‍ത്ഥം മോദി ചെയ്യുന്നത് രാജ്യനന്മയ്ക്ക് ആവശ്യമായ കാര്യങ്ങളാണെന്ന് മനസിലാക്കാനുള്ള സമാന്യബുദ്ധി ഇന്ത്യക്കാര്‍ക്ക് ഉണ്ട്. അതിനുള്ള തെളിവാണ്, പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി രാഹുലിന് രംഗത്തു വരേണ്ടിവന്നത്. കശ്മീരില്‍ ഇന്ത്യ ജനങ്ങളെ കൊന്നൊടുക്കുകയാണെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്നുമുള്ള രാഹുലിന്റെ വ്യാജ പ്രസ്താവനയും പാക്കിസ്ഥാന് മാധ്യമങ്ങള്‍ ആഘോഷിക്കുന്നതില്‍ അത്ഭുതമില്ല.
അരുന്ധതിയോട് ബലൂചിസ്ഥാന്‍ വിമോചന മുന്നണി പ്രസിഡന്റ് ഡോ. അള്ളാ നാസര്‍ പറഞ്ഞത് തന്നെയാണ് രാഹുലിനോടും രാഷ്ട്രത്തിന് പറയാനുള്ളത്. ഇന്ത്യയെ അകാരണമായി വിമര്‍ശിക്കുമ്പോള്‍ത്തന്നെ പാക്കിസ്ഥാന് സൈന്യം ബലൂചിസ്ഥാനില്‍ നടത്തുന്ന നരഹത്യ കാണാന്‍ കണ്ണില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ അറിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ഉത്തരം വ്യക്തമാണ്. ഇന്ത്യാ വിരുദ്ധം പറഞ്ഞാലേ മോദി വിരുദ്ധമാകു. അത് മാത്രമേ ഇവിടുത്തെ പ്രതിപക്ഷങ്ങള്‍ക്ക് ദഹിക്കുകയുള്ളു. അതിന് യാഥാര്‍ഥ്യവുമായി ബന്ധമൊന്നും വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: