ഭൂമിയുടെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകളില്‍ പടരുന്ന തീ ബ്രസീലിന്റെ മാത്രം ആശങ്കയല്ല. ആ തീ പടരുന്നത് ഭൂമിയുടെ ഹൃദയത്തിലാണ്. പാരിസിലെ ജി 7 ഉച്ചകോടിയില്‍വരെ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന നിര്‍ദേശവുമുണ്ടായി. ജൈവ വൈവിധ്യത്തിന്റെ വന്‍ കലവറയാണ് കത്തിയമരുന്നത്. അത് തുടങ്ങിയിട്ട് നാളുകുറച്ചായി. കുറേക്കാലം തുടരുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതിനെ നേരിടണമെങ്കില്‍ പ്രകൃതിതന്നെ കനിയണം. നീണ്ടുനില്‍ക്കുന്ന കനത്ത മഴക്കാലത്തിനു മാത്രമേ ആ തീ നിയന്ത്രിക്കാനാവൂ. വൈകിയാണെങ്കിലും രംഗത്തിറങ്ങിയ ബോല്‍സൊനാരോ പ്രസിഡന്റായുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ സന്നാഹങ്ങള്‍ക്ക് അതിനുള്ള കരുത്തില്ല.
ഭൂമിയില്‍ ആകെയുള്ള പ്രാണവായുവിന്റെ അഞ്ചിലൊന്നും ഉത്പാദിപ്പിക്കപ്പെടുന്നത് ആമസോണില്‍ നിന്നാണ്. 55 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ കാടുകളില്‍ പതിനായിരക്കണക്കിന് ഇനം വൃക്ഷങ്ങളും ചെടികളും ഉണ്ട്. ഇവ നശിക്കാതിരിക്കണമെങ്കില്‍ മഴ കനിയുകതന്നെ വേണം. തീ കാര്യമായി കത്തിപടര്ന്നിട്ടുള്ള മേഖലകളില്‍ ഉടനെയൊന്നും മഴ ലഭിക്കാന്‍ സാധ്യതയുമില്ല. കാടിന്റെ വിസ്തൃതിയും അവിടുത്തെ ജൈവ വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ ഈ അഗ്നിബാധ അപകടകരം തന്നെ.
ബ്രസീല്‍, പെറു, ഇക്വഡോര്‍, വെനസ്വേല, കൊളംമ്പിയ, സുരീനാം, ബൊളീവിയ, ഗയാന, ഫ്രഞ്ച് ഗയാന എന്നീ ഒമ്പത് രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ആമസോണ്‍ കാടുകള്‍ക്ക് ഏകദേശം ഇന്ത്യയുടെ വലിപ്പം ഉണ്ടെന്നുപറയാം. ഇതുതന്നെയാണ് ഇന്ന് അവരെ കുഴക്കുന്നതും. വനനശീകരണവും ഭൂമികൈയേറ്റവും ആമസോണ്‍ മഴക്കാടുകളെയാകെ കുലുക്കിയതിന്റെ പ്രസ്തുത ഫലമാണിത്. ആമസോണ്‍ കാടുകള്‍ കത്തിനശിക്കുമ്പോള്‍ ഇതിനോടൊപ്പം രാഷ്ട്രീയവും ചൂടുപിടിക്കുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങളെ കണക്കിലെടുക്കാതെയുള്ള ബ്രസീലിന്റെ നയങ്ങളാണ് കാട്ടുതീ വര്‍ധിക്കാന്‍ കാരണമായതെന്ന് വിമര്‍ശനമുണ്ട്. ബോല്‍സൊനാരോ സര്‍ക്കാരിനെ മോശം രീതിയില്‍ ചിത്രീകരിക്കാനായി ചില ആക്ടിവിസ്റ്റുകള്‍ തീയിട്ടതാണെന്നും പ്രചരണമുണ്ട്. ഇത് വീണ്ടും ലോകത്തെയാകെ ചൊടിപ്പിച്ചു. രാഷ്ട്ര തലവന്മാര് തമ്മിലുള്ള വാക്പോരിന്റെ വേദിയായി ആമസോണിനെ മാറ്റുന്നത് ആപത്താണ്. ഭരണകൂടവും കാലാവസ്ഥയും എന്തിന് മനുഷ്യരൊന്നടങ്കവും ഈ വിപത്തിന് കാരണക്കാരാകാം. ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസേര്‍ച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ച മാത്രം 9500 ഇടങ്ങളില്‍ കാട്ടുതീ പടര്‍ന്നിട്ടുണ്ട്. കനത്ത വെയ്ലും വരണ്ട കാലാവസ്ഥയും തീ പടരാനുള്ള കാരണമായി വിലയിരുത്താം. തീ അണയ്ക്കുന്നതില്‍ തീര്‍ത്തും പരാജിതരുടെ രൂപത്തിലേക്ക് മാറിയ ബ്രീസീലിനെയോര്ത്ത് തികച്ചും ആകുലരാകുകയാണ് ലോകരാഷ്ട്രങ്ങള്‍. ഇവര്‍ക്കായി ഇപ്പോള്‍ പല രീതിയില്‍ സഹായഹസ്തം നീട്ടുകയാണ് പരിസ്ഥിതി സ്നേഹികളും വിദേശരാജ്യങ്ങളും. കാനഡ, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ 27 മില്യണ്‍ ഡോളറും ജി7 രാജ്യങ്ങള്‍ ഇരുപത് മില്യണ്‍ ഡോളറും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ആമസോണ്‍ തങ്ങളെ തലകുനുപ്പിച്ചതിന്റെ നിരാശയില്‍ ബ്രസീല്‍ പ്രസിഡന്റ് ആദ്യം നിരസിച്ചെങ്കിലും ഇപ്പോള്‍ പലരില്‍നിന്നും സഹായം സ്വീകരിക്കാന്‍ സന്നദ്ധത കാട്ടിതുടങ്ങിയിട്ടുണ്ട്. വിമര്‍ശനങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും സമയമല്ല ഇപ്പോള്‍. കാരണങ്ങള്‍ പലതുണ്ടാകാം, ഇപ്പോള്‍ ലക്ഷ്യത്തിനാണ് പ്രാധാന്യം. ആമസോണ്‍ കാടുകളെ സംരക്ഷിക്കേണ്ടത് ലോകത്തിന്റെയാകെ കടമയാണ്. എന്തിന് ഇങ്ങേ അറ്റത്തുകിടക്കുന്ന കേരളത്തിനുപോലും ഇതില്‍നിന്ന് ഒരുപാട് പാഠം പഠിക്കാനുണ്ട്. വനനശീകരണത്തിന്റെ പ്രതികരണം മനസ്സിലാക്കാനുള്ള സമയമാണിത്. ആമസോണില്‍ സംഭവിച്ചത് ലോകത്തെവിടെയും എന്തിന് കേരളത്തിലും നടക്കാം. അവിടെ സംഭവിച്ചത് ഇവിടെ സംഭവിക്കാതിരിക്കാന്‍ നാം ഒന്നിക്കേണ്ടിയിരിക്കുന്നു. അതിനായി നമുക്ക് കൊകോര്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: