ആലപ്പുഴ: പാര്‍ട്ടിയില്‍ നിന്ന് യുവതലമുറ അകന്നുപോകുന്നതായി സിപിഎം റിപ്പോര്‍ട്ട്. യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും നിര്‍ദേശം. നേതാക്കളുടെ ധാര്‍ഷ്ട്യവും, കാലത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തന പദ്ധതികളുടെ പോരായ്മയും പ്രധാന കാരണമാണെങ്കിലും, ബിജെപിയിലും, സംഘപരിവാര്‍ സംഘടനകളിലും യുവാക്കള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. പിണറായി സര്‍ക്കാരിന്റെ നയവൈകല്യങ്ങളും യുവാക്കളുടെ പിന്തുണ നഷ്ടമാക്കിയെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന കമ്മിറ്റി യോഗവും അംഗീകരിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിന് ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനം. പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ നടക്കാത്തതും യൂണിവേഴ്സിറ്റി സര്‍ക്കാരിനോടു വിരോധമുണ്ടാക്കുന്നതായി ആരോപണമുയര്‍ന്നു. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഉപതെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ നേതാക്കളും, പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പാലിക്കണം. ജനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമെന്ന ബോധം പ്രവര്‍ത്തനങ്ങളില്‍ വേണം, അതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും, റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച മന്ത്രി ജി. സുധാകരനെ ആക്ഷേപിച്ച് കവിതയെഴുതിയ ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചു. ഇത് സുധാകരന് അനുകൂലികള്‍ക്ക് തിരിച്ചടിയായി. ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ എന്ന ഫേസ്ബുക്ക് കവിത ജി. സുധാകരനെ ആക്ഷേപിക്കുന്നതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കവിത പിന്‍വലിച്ചെങ്കിലും, ഒരു വിഭാഗം പ്രവര്‍ത്തകര്‍ കവിതയുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ എത്തിച്ച് വിവാദം ആളിക്കത്തിച്ചു.
അരൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് കവിതാ വിവാദത്തില്‍ നടപടി ഒഴിവാക്കാന്‍ തീരുമാനിച്ചത്. മന്ത്രി ജി. സുധാകരനാകട്ടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: