ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ ജനന സമയത്തെ നക്ഷത്ര, ചാന്ദ്രസ്വഭാവമനുസരിച്ചാണ് രൂപപ്പെടുന്നത്. ഭാഗ്യനിര്ഭാഗ്യങ്ങള്ക്കും യോഗഫലങ്ങള്ക്കും അടിസ്ഥാനം ഇതുതന്നെ. ജ്യോതിഷത്തില്‍ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നിര്‍ണായക സ്ഥാനമാണുള്ളത്.
ജന്മനക്ഷത്ര ദിനത്തില്‍ ഗ്രഹദോഹ പരിഹാരകര്മങ്ങള് നടത്തുന്നതിന് അതിയായ പ്രാധാന്യമുണ്ട്. ഒരാളുടെ ദശാകാലമനുസരിച്ചുള്ള ഊര്ജസ്ഫുരണം അയാളിലുണ്ടാകും. ജന്മനക്ഷത്ര മേഖലയില്‍ ചന്ദ്രന് എത്തുന്ന ദിവസത്തെ ഊര്ജസ്വഭാവത്തിന് ആ വ്യക്തിയുമായി താദാത്മ്യം കാണാം. അതിനാല്‍ ജന്മനക്ഷത്രത്തില് അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്. ഈ ദിനത്തില്‍ ശാന്തികര്‍മങ്ങളും പൗഷ്ടിക കര്‍മങ്ങളും അനുഷ്ഠിക്കണമെന്ന് പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്. ജന്മനാളില് ഗണപതി ഹോമം, ഭഗവതി സേവ എന്നിവ നടത്തിയാല്‍ പൊതുവേ ദോഷങ്ങള്പരിഹരിക്കപ്പെടും.
ജന്മനക്ഷത്ര ദിവസം അതികാലത്തുണര്‍ന്ന്, പ്രഭാതസ്നാനം, സാത്വിക ജീവിതരീതി, വ്രതശുദ്ധി, അഹിംസ എന്നിവ പാലിക്കണം. എണ്ണതേച്ചു കുളി, ക്ഷൗരം, മൈഥുനം, മാംസമദ്യാദി സേവ, വിവാഹം, ചികിത്സ, യാത്രാരംഭം, ഔഷധസേവ തുടങ്ങിയവയെല്ലാം ജന്മനക്ഷത്രനാളില്‍ ഒഴിവാക്കണം. ക്ഷേത്രദര്‍ശനം, പുണ്യകര്‍മങ്ങള്‍ പൂജാദി കാര്യങ്ങള്‍, പുതുവസ്ത്രധാരണം എന്നിവയ്ക്ക് ഈ ദിവസം ഉത്തമമാണ്.
മാസപ്പിറന്നാളിനേക്കാള്‍ പ്രാധാന്യമുണ്ട് ആണ്ടു പിറന്നാളിന്. ഗണപതി ഹോമം, ഭഗവതി സേവ, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത് ആയുരാരോഗ്യത്തിന് ശ്രേഷ്ഠമാണ്. ആണ്ടുപിറന്നാളിന് വിദ്യാര്‍ഥികള്‍ക്ക് സരസ്വതീപൂജയോ, വിദ്യാഗോപാല മന്ത്രാര്ച്ചനയോ നടത്താം. ആയുര്ദോഷമുള്ളവര്ക്ക് മൃത്യുഞ്ജയ ഹോമം നടത്തണം. ആണ്ടുപിറന്നാളില്‍ അന്നദാനം അതിശ്രേഷ്ഠമാണ്. അതേ ദിവസം ജന്മനക്ഷ്രതവുമായി ബന്ധപ്പെട്ട വൃക്ഷങ്ങള്‍ നടുന്നതും മൃഗം, പക്ഷി എന്നിവയ്ക്ക് ഭക്ഷണം നല്‍കുന്നതും നല്ലതത്രേ. ഞായറാഴ്ചയാണ് പിറന്നാളെങ്കില്‍ ദൂരയാത്രയാണ് ഫലം. തിങ്കള്‍ മൃഷ്ടാന്നലാഭം, ചൊവ്വ മഹാവ്യാധി, ബുധന്‍ വിദ്യാലാഭം, വ്യാഴം വിശേഷവസ്ത്രലാഭം, വെള്ളി സൗഭാഗ്യം, ശനി മാതാപിക്കാക്കള്ക്ക് അരിഷ്ട് എന്നിങ്ങനെയാണ് ഫലങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: